പൗൾട്രി മേഖലയിലെ തൊഴിലാളികളും ഇനി ക്ഷേമനിധിയിൽ
കണ്ണൂർ : പൗൾട്രി മേഖലയിലെ തൊഴിലാളികളെയും സ്വയംതൊഴിൽ സംരംഭകരെയും കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളിക്ഷേമ പദ്ധതിയിൽ ഉൾപ്പെടുത്തി. മേഖലയിലെ അഞ്ചുലക്ഷത്തോളം പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 40 വയസ്സ് മുതലുള്ളവർക്കാണ് അംഗത്വം നൽകുക. 100 രൂപയാണ് പ്രതിമാസ അംശദായം. ഇതിൽ 50 ശതമാനം തൊഴിലാളിയും 50 ശതമാനം തൊഴിലുടമയും നൽകണം. സ്വയംതൊഴിൽ ചെയ്യുന്നവർ 100 രൂപ അടയ്ക്കണം.
ഏതെങ്കിലും സാഹചര്യത്തിൽ സ്ഥാപനത്തിൽനിന്ന് തൊഴിലാളി പിരിഞ്ഞുപോകുകയോ പുതുതായി ജോലിയിൽ പ്രവേശിക്കുകയോ ചെയ്താൽ ഫോം അഞ്ച് പൂരിപ്പിച്ചുനൽകണം. സ്ഥാപനം മാറുമ്പോഴും ജില്ലാ ഓഫീസുകളിലെത്തി മാറ്റംവരുത്തണം. മറ്റൊരു സ്ഥാപനത്തിൽ ജോലിചെയ്താലും അംഗത്വ നമ്പരിനു മാറ്റമുണ്ടാകില്ല.
പെൻഷന് അർഹതയുള്ളവർ
*തുടർച്ചയായി പത്തുവർഷം അംശദായം അടച്ച, 60 വയസ്സ് പൂർത്തിയാക്കിയ അംഗങ്ങൾ
*പത്തുവർഷം സ്ഥിരമായി ജോലിചെയ്ത്, ശാരീരിക അവശതമൂലം രണ്ടുവർഷത്തിലധികമായി ജോലിചെയ്യാൻ കഴിയാത്തവർ
*മറ്റേതെങ്കിലും ആക്ട് പ്രകാരം 60 വയസ്സിനുമുൻപും 55 വയസ്സനുശേഷവും പെൻഷൻപറ്റി പിരിയേണ്ടി വന്നവർ (ഇവർ 60 വയസ്സ് പൂർത്തിയാകുന്നതുവരെ അംശദായം അടച്ചിരിക്കണം).
മറ്റാനുകൂല്യങ്ങൾ
*15 വർഷം അംശദായമടച്ച അംഗം മരിച്ചാലും, പെൻഷൻ ലഭിക്കുന്ന അംഗം മരിച്ചാലും കുടുംബ പെൻഷൻ
*മൂന്നുവർഷം അംശദായമടച്ച അംഗങ്ങളുടെ രണ്ടു പെൺമക്കൾക്കും വനിതാഅംഗത്തിനും 7,500 രൂപവീതം വിവാഹാനുകൂല്യം. പുരുഷ അംഗത്തിന് 5,000 രൂപ.
*ഒരുവർഷം തുടർച്ചയായി അംശദായം അടച്ച ഇ.എസ്.ഐ. ഇല്ലാത്ത അംഗത്തിനു പ്രസവാനുകൂല്യമായി 15,000 രൂപ.
*ഒരുവർഷം അംശദായമടച്ച അംഗങ്ങളുടെ മക്കൾക്ക് ഹയർസെക്കൻഡറി മുതലുള്ള പഠനകാലയളവിൽ സഹായധനം.
*മൂന്നുവർഷം അംശദായമടച്ച അംഗത്തിനും കുടുംബത്തിനും സർക്കാർ ആശുപത്രിയിൽ കിടന്നുള്ള ചികിത്സയ്ക്കു പരമാവധി 10,000 രൂപ.
*മൂന്നുവർഷം അംശദായമടച്ച അംഗം മരിച്ചാൽ 5,000 മുതൽ 20,000 വരെ രൂപ സർവീസ് കാലയളവനുസരിച്ചു മരണാനന്തര സഹായധനം.
അപേക്ഷിക്കാൻ
അസിസ്റ്റന്റ് ലേബർ ഓഫീസർമാരുടെ ഓഫീസുകൾ, ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസുകൾ എന്നിവിടങ്ങളിൽ അപേക്ഷാ ഫോമുകൾ ലഭിക്കും. ജൂലായ് പത്തിനുമുൻപ് അപേക്ഷ നൽകണം.
മേഖലയ്ക്കു പുത്തൻ ഉണർവേകും
ക്ഷേമനിധിഅംഗത്വം വരുന്നതോടെ മേഖലയ്ക്ക് പുത്തൻ ഉണർവുണ്ടാകും. കൂടുതൽ ആളുകളെ ഈ രംഗത്തേക്ക് ആകർഷിക്കും.