രാത്രി വൈകി കണ്ണൂർ നഗരത്തിൽ എത്തുന്ന സ്ത്രീകൾ ഇനി ഭയപ്പെടേണ്ട: പിങ്ക് പൊലീസുണ്ട്
കണ്ണൂർ: രാത്രി വൈകി നഗരത്തിൽ എത്തുന്ന സ്ത്രീകൾ ഇനി ഭയപ്പെടേണ്ടതില്ല. സുരക്ഷിതത്വം നൽകാനും സഹായം നൽകാനും പിങ്ക് പൊലീസ് റെഡിയാണ്. പൊതുസ്ഥലങ്ങളിൽ സ്ത്രീകൾക്ക് സംരക്ഷണവും കുട്ടികളുടെ സുരക്ഷയും ഉറപ്പുവരുത്തുകയെന്ന ദൗത്യമാണ് പിങ്ക് പൊലീസിനുള്ളത്.
കണ്ണൂരിൽ പിങ്ക് പൊലീസ് രൂപീകരിച്ചത് 2017 ഫെബ്രുവരി ഒന്നിനാണ്. സ്‌കൂൾ, കോളേജ് പരിസരങ്ങളിലും തിരക്കേറിയ റോഡുകളിലും ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലുമാണ് പിങ്ക് പൊലീസിന്റെ സേവനം ലഭ്യമാകുന്നത്. കണ്ണൂർ ജില്ല കേന്ദ്രീകരിച്ച് കണ്ണൂർ ടൗണിലും തലശ്ശേരിയിലുമായി രണ്ട് പിങ്ക് പൊലീസ് സംഘം പ്രവർത്തിക്കുന്നുണ്ട്. രാവിലെ 8 മുതൽ വൈകീട്ട് 8 മണിവരെയാണ് പ്രവർത്തനസമയമെങ്കിലും അതിനുശേഷവും സഹായമാവശ്യമുള്ളവരെ സഹായിക്കാൻ കണ്ണൂരിലെ പിങ്ക് പൊലീസ് തയാറാണ്. ഏതുസമയത്തും ഏതുതരത്തിലുമുള്ള സഹായത്തിനും സ്ത്രീകൾക്ക് പിങ്ക് പൊലീസിന്റെ നമ്പറിൽ വിളിക്കാവുന്നതാണ്. സ്ത്രീകളെ ശല്യം ചെയ്യുന്നതും വിദ്യാർത്ഥികൾക്ക് ലഹരി മരുന്ന് വിതരണം ചെയ്യുന്നതും തടയുക എന്നത് ഇവർ ദൗത്യമായി ഏറ്റെടുത്തിട്ടുണ്ട്. ടോൾഫ്രീ നമ്പർ 112, സേവനം 24 മണിക്കൂർ.
ലഹരി മരുന്നിന് അടിമകളായ കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്താനും പിങ്ക് പൊലീസ് സഹായിക്കുന്നുണ്ട്. കൗൺസിലിംഗ് ആവശ്യമുള്ളവർക്ക് അതിനുള്ള സൗകര്യവും ഇവരിൽ നിന്ന് ലഭിക്കും. വീട്ടിൽ നിന്ന് സ്‌കൂളിലേക്ക് പോകുന്ന ഓരോ കുട്ടിയും സുരക്ഷിതനാണെന്നും പൊതു സ്ഥലങ്ങളിൽ തന്റെ കുട്ടികളെ പൊലീസ് സംരക്ഷിച്ചുക്കൊള്ളും എന്നും ഇപ്പോൾ മാതാപിതാക്കൾ വിശ്വസിക്കുന്നു. പ്രത്യേക പരിശീലനം ലഭിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥർ മാത്രം അടങ്ങുന്ന പട്രോളിംഗ് വാഹനങ്ങൾ അതുകൊണ്ടു തന്നെ കണ്ണൂരിൽ സജ്ജമാണ്. 12 പിങ്ക് പൊലീസുകാരാണ് കണ്ണൂർ സിറ്റി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത്.