ഭക്ഷ്യ വിഷബാധയെന്ന് സംശയം; ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാർഥികൾ ആശുപത്രിയിൽ
വയനാട്: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വയനാട്ടിലെ നല്ലൂർനാട് അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിൽ താമസിച്ച് പഠിക്കുന്ന 16 വിദ്യാർഥികളെയാണ് ആരോഗ്യനില മോശമായതിനെ തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. രാവിലെ അസംബ്ലി നടന്നുകൊണ്ടിരിക്കെ കുട്ടികൾ തല കറങ്ങി വീഴുകയായിരുന്നു.
എന്നാൽ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഭക്ഷ്യ വിഷബാധയാണോ എന്നും പരിശോധിക്കുന്നുണ്ട്. രാവിലെ സ്കൂളിൽ നിന്നും പ്രഭാത ഭക്ഷണം കഴിച്ച മറ്റ് കുട്ടികൾക്ക് പ്രശനങ്ങളൊന്നും ഉണ്ടായിട്ടില്ല. അതേ സമയം സ്കൂളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയിട്ടുണ്ട്.