ട്രെയിൻ യാത്ര എക്‌സ്‌പ്രസിലാണെങ്കിൽ ഇനി കീശ കാലിയായത് തന്നെ

Share our post

കണ്ണൂർ : ഏറെ നാളുകളായി മുടങ്ങിക്കിടന്നിരുന്ന പാസഞ്ചർ ട്രെയിനുകൾക്ക് പകരം അൺ റിസർവഡ് എക്സ്പ്രസ് ട്രെയിൻ സർവീസുകൾ ഭാഗികമായി പുന‍രാരംഭിച്ചെങ്കിലും യാത്രക്കാരുടെ ആശങ്കയ്ക് അറുതിയായില്ല. നേരത്തെയുണ്ടായിരുന്ന പാസഞ്ചർ ടിക്കറ്റ് നിരക്കുകൾക്ക് പകരം ഉയർന്ന എക്സ്പ്രസ് നിരക്ക് ഒടുക്കണമെന്നതാണ് യാത്രക്കാരെ പ്രധാനമായും ആശങ്കയിലാക്കുന്ന കാര്യം.

കൊവിഡ് സാഹചര്യത്തിൽ പാസഞ്ചർ സർവീസുകൾ റദ്ദാക്കിയിരുന്നു. മലബാറിലും പാസഞ്ചർ സർ‌വീസുകൾ നിറുത്തിവച്ചിരുന്നു. കൊവിഡിന് ശേഷം യാത്രാ സംവിധാനങ്ങളെല്ലാം സജീവമായെങ്കിലും ഷൊർണൂർ- നിലമ്പൂ‌ർ പാതയിൽ പാസഞ്ചറുകൾ മാത്രം ഓടിത്തുടങ്ങിയിരുന്നില്ല. ഏറെ പ്രതിഷേധങ്ങൾക്കും റെയിൽവേയോട് നിരന്തരം ആവശ്യപ്പെട്ടതിന്റെയും പശ്ചാത്തലത്തിലാണ് പാതയിൽ പാസഞ്ചറുകൾക്ക് പകരം എക്സ്പ്രസ് സർവീസുകൾ ആരംഭിച്ചത്. അടുത്ത മാസത്തോടെ മുഴുവൻ സർവീസുകളും ആരംഭിക്കുമെന്നാണ് കരുതുന്നത്. പക്ഷെ, എക്സ്പ്രസ് നിരക്കിലുള്ള യാത്ര പ്രധാന വെല്ലുവിളിയാവുന്നുണ്ട്. തൊട്ടടുത്തുള്ള സ്റ്റേഷനിലേക്ക് 10 രൂപ ചാർജ്ജിൽ യാത്ര ചെയ്തിരുന്നിടത്ത് ഇപ്പോൾ 30 രൂപയൊടുക്കണം. നിലമ്പൂരിൽ നിന്ന് അങ്ങാടിപ്പുറത്തേക്കുള്ള യാത്രയ്ക്ക് പാസഞ്ചറാണെങ്കിൽ 10 രൂപയായിരുന്നു ചാർജ്ജ്. എക്സ്പ്രസിലാവുമ്പോൾ 30 രൂപയൊടുക്കണം. നിത്യയാത്രക്കാരെയാണ് എക്സ്പ്രസ് നിരക്ക് വലിയ ബുദ്ധിമുട്ടിലാക്കുന്നത്.

നിത്യ യാത്രക്കാരെയും വിദ്യാർത്ഥികളെയുമാണ് പാസഞ്ചർ സർവീസില്ലാത്തത് ഏറെ ബാധിച്ചിരുന്നത്. ഉയർന്ന ടിക്കറ്റ് നിരക്ക് കൊടുത്ത് ബസിലും മറ്റു ടാക്സികളിലും യാത്ര ചെയ്യണമെന്നതായിരുന്നു സർവീസുകൾ റദ്ദാക്കിയ സമയത്തെ പ്രധാന പ്രതിസന്ധി. പാസഞ്ചർ ട്രെയിനുകളിൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനാവുമെന്നതായിരുന്നു പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാവാൻ കാരണം.

എന്നാൽ പുനരാരംഭിച്ചത് എക്സ്പ്രസ് സർവീസുകളായതിനാൽ മറ്റു വാഹനങ്ങളെ ആശ്രയിക്കുന്നതും ട്രെയിൻ യാത്രയും വലിയ വ്യത്യാസമില്ല. വിദ്യാർത്ഥികൾക്ക് ടിക്കറ്റിൽ ഇളവ് അനുവദിച്ചുള്ള കാർഡുകളും അടുത്ത മാസത്തോടെ ലഭ്യമാവും. പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിൽ പുനഃസ്ഥാപിച്ച പാസഞ്ചറുകളും അൺ റിസർവഡ് പാസഞ്ചറുകളായാണ് സർവീസ് നടത്തുന്നത്. അടുത്ത മാസം പുനരാരംഭിക്കുന്ന തൃശൂർ-കണ്ണൂർ- ഷൊർണ്ണൂർ പാസഞ്ചർ അൺറിസർവഡ് എക്സ്പ്രസായിട്ടാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുള്ളത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!