പാട്ടിലലിഞ്ഞ് കണ്ണൂരിലെ കലവറ; കണ്ട് മതിയാകുന്നില്ലെന്ന് കാഴ്‌ചക്കാർ
കണ്ണൂർ : ‘കണ്ടോ… ഇവിടെയിന്ന് കുരുവികൾക്ക് മങ്ങലം….’ എന്ന പാട്ടിന്റെ താളത്തിലലിഞ്ഞ കല്യാണവീട്ടിലെ കിടിലൻ കലവറക്കാഴ്‌ചയാണെങ്ങും. ഭക്ഷണം വിളമ്പുന്നവർ താളത്തിൽ പങ്കിടുന്ന സന്തോഷത്തിന്റെയും സ്‌നേഹത്തിന്റെയും ഉത്സവാന്തരീക്ഷം. മിക്കവരും പലതവണ കണ്ട ഈ ‘കണ്ണൂർ വീഡിയോ’ ആണ് സമൂഹമാധ്യമങ്ങളിലെ ചർച്ച. അത്രമേൽ കണ്ണിനും കാതിനും ഇമ്പമുള്ള ദൃശ്യം പകർത്തിയ വീഡിയോ ഗ്രാഫറും ദൃശ്യത്തിലുള്ളവരും ഒറ്റദിവസംകൊണ്ട് താരങ്ങളായി. കഴിഞ്ഞ ജനുവരിയിൽ നടന്ന പള്ളിപ്രത്തെ ഷെമീർ ബാബുവിന്റെ മകൾ സ്‌നേഹയുടെ കല്യാണത്തലേന്നാളത്തേതാണ് വീഡിയോ.
വീട്ടുമുറ്റത്ത് ഗാനമേള തകർക്കുകയാണ്. കല്യാണപ്പെണ്ണിന്റെയും നാട്ടുകാരുടെയും ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് കലവറയിലെ രസകരമായ കാഴ്‌ച വീഡിയോഗ്രാഫർ ‘എൽജിഎം വെഡ്ഡിങി’ലെ ഷിജിൻ പ്രകാശിന്റെ ശ്രദ്ധയിൽപ്പെട്ടത്. ബിരിയാണി പ്ലേറ്റിലാക്കുന്നതും കൈമാറുന്നതും വിളമ്പുകാരനെ ഏൽപ്പിക്കുന്നതുമടക്കം പാട്ടിന്റെ താളം കൈവിടാതെയുള്ള ദൃശ്യത്തിന്റെ കൗതുകമാണ് ആകർഷിച്ചത്. നാട്ടുകാരായ ശരത്, ദ്വാരക് നാഥ്, ചന്ദ്രൻ, അഭിലാഷ്, സജിൽ തുടങ്ങിയവരാണ് പാട്ടിന്റെ താളത്തിൽ കലവറയിൽ നിറഞ്ഞത്. ദൃശ്യത്തിന്റെ ഒരുഭാഗം കല്യാണവീഡിയോയിലും ഷിജിൽ ചേർത്തു.
വിവാഹദൃശ്യങ്ങളിൽ ഉപയോഗിച്ചവ കംപ്യൂട്ടറിൽനിന്ന് ഒഴിവാക്കുമ്പോഴാണ് വീഡിയോ ശ്രദ്ധയിൽപ്പെട്ടത്. പാട്ടിന്റെ ഒറിജിനൽ ട്രാക്ക് മിക്‌സ് ചെയ്‌ത വീഡിയോ സുഹൃത്തായ ലിജോയ്‌ക്ക് അയച്ചുകൊടുത്തു.
ബുധനാഴ്‌ച ലിജോയ് ഇൻസ്‌റ്റഗ്രാമിൽ ഇട്ടതോടെയാണ് വീഡിയോ വൈറലായത്. നാട്ടിൻപുറത്തെ കല്യാണവീടുകളിലെ കൂട്ടായ്‌മയും സ്‌നേഹവും തുളുമ്പിയ വീഡിയോ ഫേയ്‌സ്‌ബുക്ക് പേജുകളിലും വാട്‌സാപ് സ്‌റ്റാറ്റസുകളിലും നിറഞ്ഞു. വാരം സ്വദേശിയായ ഷിജിനെ കേരളത്തിൽനിന്നും വിദേശത്തുനിന്നും നിരവധിപേരാണ് വിളിച്ചത്. കണ്ടിട്ട് മതിയായില്ല എന്ന് സങ്കടം പറഞ്ഞവർക്കായി കുറച്ചുകൂടി ദൈർഘ്യമുള്ള വീഡിയോ ഇറക്കുമെന്ന് ഷിജിൻ പറഞ്ഞു.