സമൂഹമാധ്യമങ്ങളിൽ കളറാകാൻ ‘ക്രിയേറ്റേഴ്‌സ് ‘
കണ്ണൂർ : ഒരേനിറത്തിലുള്ള വസ്‌ത്രങ്ങളും ഐ.ഡി കാർഡുമിട്ട് മൊബൈലും ക്യാമറകളുമായി ഒരു സംഘം സ്‌ത്രീകൾ. നിങ്ങൾ തുടങ്ങുന്ന സംരംഭങ്ങളെ ഇവരെത്തി പകർത്തി സമൂഹമാധ്യമങ്ങളിൽ പരിചയപ്പെടുത്തുമ്പോൾ അവയ്‌ക്കുണ്ടൊരു പ്രത്യേക ചേല്. ‘ക്രിയേറ്റേഴ്‌സ്’ സ്‌റ്റുഡിയോ ഈ സ്‌ത്രീകൂട്ടായ്‌മ സമൂഹമാധ്യമങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തി വരുമാനം ഉണ്ടാക്കുകയാണ്.
25 പേരടങ്ങുന്ന വാട്‌സാപ് കൂട്ടായ്‌മയാണ് ‘ക്രിയേറ്റേഴ്‌സ്’ സ്‌റ്റുഡിയോ. വേറിട്ട രുചികളും സ്ഥലങ്ങളും പുത്തൻ ട്രെൻഡുകളും പരിചയപ്പെടുത്തി യൂട്യൂബ് ചാനലായിരുന്നു ആദ്യം ആരംഭിച്ചത്. വീട്ടിലിരുന്ന് മുഷിയേണ്ടല്ലോയെന്ന് കരുതിയാണ് പലരും യൂട്യൂബിലേക്ക് തിരിഞ്ഞത്. ഫോളോവേഴ്‌സും കാഴ്‌ചക്കാരും കൂടിയപ്പോൾ വരുമാനവുമായി. ഇത്തരത്തിലുള്ള നിരവധി ചാനലുകൾ സുലഭമായപ്പോഴാണ് വാട്‌സാപ് കൂട്ടായ്‌മ രൂപീകരിച്ചത്. കൂടുതൽ റീച്ച് കിട്ടാൻ തുടങ്ങിയപ്പോഴാണ്‘ ക്രിയേറ്റേഴ്‌സ്’ സ്‌റ്റുഡിയോ എന്ന ആശയത്തിലേക്ക് എത്തിയതെന്ന് പ്രോഗ്രാം കോ–ഓഡിനേറ്റർ ഷിൽന ഷംഷീർ പറഞ്ഞു.
സ്ഥാപനത്തിന്റെ ഉദ്‌ഘാടനം, മറ്റുപരിപാടികൾ എന്നിവയ്‌ക്കെല്ലാം ഇവരെ ബന്ധപ്പെടാം. ഒറ്റയ്‌ക്കും കൂട്ടായും ഇവരെത്തി വീഡിയോ എടുത്ത് പ്രചരിപ്പിക്കും. വരുമാനവും തുല്യമായി വീതിച്ചെടുക്കും. താൽപര്യമുള്ളവർക്ക് സംരംഭത്തിൽ ചേരാം. വീട്ടിനുള്ളിൽതന്നെ ഒതുങ്ങിപ്പോകാതെ കൂട്ടായ്‌മയിലൂടെ സൗഹൃദത്തോടൊപ്പം വരുമാനവും നേടാനാകുമെന്നതും പുതിയ സംരംഭത്തിന് പ്രതീക്ഷകളേകുന്നുണ്ടെന്നും ഷിൽന പറഞ്ഞു. ഫോൺ: 8921083402.