പേരാവൂർ താലൂക്കാസ്പത്രിക്ക് ചുറ്റുമതിൽ കെട്ടുന്നതിന് സർവകക്ഷിയോഗത്തിൽ അനുമതി
പേരാവൂർ: താലൂക്കാസ്പത്രിക്ക് ചുറ്റുമതിൽ കെട്ടുന്നതിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ അനുമതി. നിലവിൽ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം ബ്ലോക്ക് ഓഫീസ് സമീപത്തും പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് നിലവിലുള്ള പ്രൈവറ്റ് റോഡ് വഴിയുള്ള ഭാഗത്തും ഗേറ്റ് സ്ഥാപിക്കാനും തീരുമാനമായി.
പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് വരുന്ന നിലവിലെ പ്രൈവറ്റ് റോഡിന് പകരം മൗണ്ട് കാർമൽ ആശ്രമത്തിന്റെ സ്ഥലം ഏറ്റെടുത്ത് പഞ്ചായത്ത് റോഡുണ്ടാക്കാനും യോഗത്തിൽ തീരുമാനിച്ചു. ഇതിനായി ഈ മാസം 27ന് ആശ്രമം അധികൃതരുമായി ചർച്ച നടത്തും. സ്ഥലം വിട്ടുകിട്ടുന്ന പക്ഷം റോഡുണ്ടാക്കി വാഹനങ്ങൾക്ക് കടന്നുവരാവുന്ന തരത്തിൽ ഗേറ്റ് സ്ഥാപിക്കും. ഇത് സാധ്യമാവുന്നില്ലെങ്കിൽ നിലവിലെ പ്ലാൻ പ്രകാരമുള്ള ചുറ്റുമതിൽ സ്ഥാപിക്കാനും യോഗത്തിൽ ഐക്യകണ്‌ഠേന തീരുമാനിച്ചു.
യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് കെ.സുധാകരൻ,ജില്ലാ മെഡിക്കൽ ഓഫീസറുടെ പ്രതിനിധി ഡോ.ബി.സന്തോഷ്, താലൂക്കാസ്പത്രി സൂപ്രണ്ട് ഡോ.ഗ്രിഫിൻ സുരേന്ദ്രൻ, പേരാവൂർ വില്ലേജ് ഓഫീസ് പ്രതിനിധി, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.16.15 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് ഒന്നാം ഘട്ട ചുറ്റുമതിൽ നിർമിക്കുന്നതിന് പൊതുമരാമത്ത് വകൂപ്പ് തയ്യാറാക്കിയത്.