ഹിന്ദു യുവാവിന്റെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കാൻ സ്വന്തം വീട്ടുമുറ്റത്ത് സൗകര്യമൊരുക്കി ക്രൈസ്തവ കുടുംബം
കോട്ടയം : അയൽവാസിയായ ഹിന്ദു യുവാവിന്റെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കാൻ സ്വന്തം വീട്ടുമുറ്റത്തെ പന്തലിൽ സൗകര്യം ഒരുക്കിയത് ക്രൈസ്തവ കുടുംബം. മാങ്ങാനം തുരുത്തേൽ പാലത്തിന് സമീപം തൈക്കടവിൽ അപ്പുക്കുട്ടന്റെ മകൻ ടി.എ.സിബി (42) വ്യാഴാഴ്ച മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് സംസ്കാരം തീരുമാനിച്ചത്. സിബിയുടെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകുന്നതിന് ഒരു ചെറിയ ഇടവഴി മാത്രമാണുള്ളത്. 3 സെന്റ് സ്ഥലത്തുള്ള വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കാനുള്ള സൗകര്യങ്ങളും കുറവായിരുന്നു.
ഇതു മനസ്സിലാക്കിയാണ് 17–ാം വാർഡ് കൗൺസിലർ ജൂലിയസ് ചാക്കോ അയൽവാസിയായ ആലുങ്കൽ കൊച്ചുമോനോട് (അലക്സാണ്ടർ മാത്യു) ഇവരുടെ വീടിന്റെ മുറ്റത്ത് സിബിയുടെ മൃതദേഹം വയ്ക്കാനുള്ള സൗകര്യം നൽകാമോ എന്ന് ചോദിച്ചത്. കൊച്ചുമോൻ സന്തോഷത്തോടെ ഇത് സമ്മതിക്കുകയും വീടിന്റെ മുന്നിൽ താൽക്കാലിക പന്തൽ സജ്ജമാക്കുകയും ചെയ്തു. ഇന്നലെ രാവിലെ 8.30 മുതൽ ഉച്ച വരെ മൃതദേഹം കൊച്ചുമോന്റെ വീട്ടുമുറ്റത്തെ പന്തലിൽ സിബിയുടെ മൃതദേഹം പൊതു ദർശനത്തിന് വച്ചു. തുടർന്ന് സിബിയുടെ വീട്ടിലെത്തിച്ച് കർമങ്ങൾ ചെയ്ത ശേഷം മാങ്ങാനം എസ്.എൻ.ഡി.പി ശ്മശാനത്തിൽ സംസ്കരിച്ചു. കേറ്ററിങ് തൊഴിലാളിയായിരുന്ന സിബി ജീവിതശൈലീരോഗങ്ങൾ മൂലം ഏറെനാളായി ചികിത്സയിലായിരുന്നു.