സംരംഭങ്ങൾ തുടങ്ങാൻ ഒരുങ്ങുന്നവർക്ക്  സഹായങ്ങളുമായി 1153 ഇന്റേണുകൾ

Share our post

കൊച്ചി: സംരംഭങ്ങൾ തുടങ്ങാൻ ഒരുങ്ങുന്നവർക്ക് ഇതാ എല്ലാ സഹായങ്ങളുമായി ഒപ്പമെത്തുകയാണ് ഇന്റേണുകൾ. വ്യവസായ വകുപ്പിനു കീഴിൽ ഇതിനായി 1153 ഇന്റേണുകളെ ഒരുക്കിക്കഴിഞ്ഞു. നിക്ഷേപം എവിടെ നടത്തണം എന്നു തുടങ്ങി ലൈസൻസും വായ്പയും വരെയുള്ള കാര്യങ്ങളിൽ അവർ സഹായികളാകും. 2022-23 സംരംഭകത്വ വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനമൊട്ടാകെ ഒരു ലക്ഷം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ ആരംഭിക്കുന്നതിനാണ് ഇന്റേണുകൾ സേവനം തുടങ്ങിയിരിക്കുന്നത്.

വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ മറ്റു വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 2022 ഏപ്രിൽ ഒന്നുമുതൽ 2023 മാർച്ച് 31 വരെയുള്ള കാലയളവിൽ ഒരു ലക്ഷം സംരംഭങ്ങൾക്ക് തുടക്കമിടുകയാണ് ലക്ഷ്യം.

പദ്ധതിയുടെ മേൽനോട്ടത്തിനും നിർവഹണത്തിനുമായി സംസ്ഥാന – ജില്ലാ പഞ്ചായത്ത് തലങ്ങളിൽ വിവിധ കമ്മിറ്റികൾ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു.

ബി.ടെക് അല്ലെങ്കിൽ എം.ബി.എ. ബിരുദമാണ് ഇന്റേണുകളുടെ യോഗ്യത. സംരംഭകരാവാൻ താത്‌പര്യമുള്ളവർക്ക് പൊതുബോധവത്കരണം നൽകുകയാണ് ഇന്റേണുകളുടെ പ്രാഥമിക ചുമതല. 20 വാർഡുകൾക്ക് ഒരു ഇന്റേൺ എന്ന നിലയിലാണ് ഒരു വർഷത്തേക്ക്‌ ഇവരുടെ നിയമനം.

തദ്ദേശ സ്ഥാപനങ്ങൾ, കുടുംബശ്രീ തുടങ്ങിയവയിലൂടെയും അല്ലാതെയും സംരംഭകരാകാൻ താത്പര്യമുള്ളവരെ ഇന്റേണുകൾ കണ്ടെത്തുകയും ബോധവത്കരണവും തുടർ സഹായങ്ങളും നൽകുകയും ചെയ്യുന്നു. കോവിഡിനെത്തുടർന്ന് വിദേശത്ത് നിന്നടക്കം ജോലി നഷ്ടപ്പെട്ടെത്തിയവർ വലിയ തോതിൽ സംരംഭക മേഖലയിലേക്ക്‌ കടന്നിട്ടുണ്ട്. എന്നാൽ, അടിസ്ഥാന കാര്യങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ പലരെയും ലക്ഷങ്ങളുടെ നഷ്ടത്തിലേക്ക്‌ നയിച്ചു. ഇവിടെയാണ് ഇന്റേണുകളുടെ സേവനം പ്രയോജനപ്പെടുന്നത്. അനുമതികൾക്കുള്ള ഓൺലൈൻ സിംഗിൾ വിൻഡോ സംവിധാനമായ കെ സ്വിഫ്റ്റിനെക്കുറിച്ചുള്ള ബോധവത്കരണവും ഇവർ നൽകും. പ്രാദേശികാടിസ്ഥാനത്തിലുള്ള സംരംഭക സാധ്യതകൾ, സഹായ പദ്ധതികൾ എന്നിവ കണ്ടെത്തി നൽകുകയും ചെയ്യും. സംരംഭകരുടെ മാർഗദർശികളായും ഇവർ പ്രവർത്തിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!