14 വര്‍ഷമായ വാഹനത്തിന് ഒരു വര്‍ഷം ഫിറ്റ്‌നെസിന് 8600 രൂപ വരെ; പിഴയില്‍ നീതിയില്ലാതെ എം.വി.ഡി.

പതിനഞ്ചുവര്‍ഷം പഴക്കമില്ലാത്ത യാത്രാ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മോട്ടോര്‍വാഹനവകുപ്പ് ഉയര്‍ന്ന പിഴ ഈടാക്കുന്നു. ലൈറ്റ് മോട്ടോര്‍ ടാക്‌സി, ചരക്ക് വാഹനങ്ങള്‍ക്ക് 15 വര്‍ഷംവരെ 600 രൂപയും അതുകഴിഞ്ഞാല്‍ 8300 രൂപയുമാണ് പിഴ. എന്നാല്‍, 14 വര്‍ഷം കഴിഞ്ഞ വാഹനങ്ങളില്‍നിന്ന് 8600 രൂപ ഈടാക്കുകയാണ്. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന് ഒരു വര്‍ഷമാണ് കാലാവധി.
14 വര്‍ഷവും ഒരു ദിവസവും പഴക്കമുള്ള വാഹനത്തിന് അടുത്ത ഒരു വര്‍ഷത്തേക്ക് ഫിറ്റ്നസ് നല്‍കുമ്പോള്‍ 15 വര്‍ഷത്തെ കാലാവധി കഴിയും. അതിനാലാണ് കൂടിയ തുക ഈടാക്കുന്നതെന്നാണ് മോട്ടോര്‍വാഹന വകുപ്പിന്റെ വാദം. 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്താന്‍ വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഫീസ് കൂട്ടിയത്. ബസിനും ലോറിക്കും 800 രൂപ അടച്ചിരുന്നിടത്ത് 13,500 രൂപയാക്കി. മീഡിയം വാഹനങ്ങള്‍ക്ക് 10,800 രൂപ നല്‍കണം.
ഈ നിബന്ധന കാരണം 15 വര്‍ഷംവരെ ഉപയോഗിക്കാന്‍ കഴിയുന്ന ഓട്ടോറിക്ഷകള്‍ 14 വര്‍ഷം കഴിയുമ്പോഴേ ആക്രിക്ക് വില്‍ക്കേണ്ട അവസ്ഥയാണ്. പിഴ കണക്കാക്കുന്നതിലെ പോരായ്മ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്ന് മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.