വന്നോളൂ കവ്വായിയിലേക്ക്‌; ഹൗസ് ബോട്ട് ടെർമിനൽ നിർമാണം അവസാന ഘട്ടത്തിൽ

Share our post

പയ്യന്നൂർ : മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി കവ്വായി കായലോരത്ത് ഹൗസ് ബോട്ട് ടെർമിനൽ നിർമാണം അവസാന ഘട്ടത്തിൽ. കടലും കായലും ചെറുദ്വീപുകളും ചേർന്നൊരുക്കുന്ന പ്രകൃതി ദൃശ്യങ്ങൾ ആസ്വദിക്കാൻ നിരവധി വിനോദ സഞ്ചാരികളെത്തുന്ന പ്രദേശമാണ് കവ്വായി. 

 മലബാർ റിവർക്രൂസ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി 4.58 കോടി രൂപ ചെലവിലാണ് നിർമാണം. ഒരേ സമയം രണ്ട് വലിയ ഹൗസ് ബോട്ടുകൾക്ക് ഉപയോഗപ്പെടുത്താവുന്ന രണ്ട് ബോട്ട് ജെട്ടികളും 90 മീറ്റർ നീളത്തിലുള്ള നടപ്പാതയും ഒരുക്കിയിട്ടുണ്ട്. വേലിയേറ്റ, വേലിയിറക്ക സമയങ്ങളിൽ ബോട്ടുകൾ അടുപ്പിക്കാവുന്ന രീതിയിൽ നാല് തട്ടുകളായാണ് ജെട്ടികൾ നിർമിച്ചത്. ഓടുമേഞ്ഞ മേൽക്കൂര, കരിങ്കൽ പാകിയ നടപ്പാത, കരിങ്കല്ലിൽ നിർമിച്ച ഇരിപ്പിടങ്ങൾ, സോളാർ ലൈറ്റുകൾ എന്നിവയും കായൽ സൗന്ദര്യം ആസ്വദിക്കുന്നതിന് നടപ്പാതയോട് ചേർന്ന് വ്യൂ പോയിന്റുകളും ഒരുക്കിയിട്ടുണ്ട്. കായൽക്കരയിലെ നടപ്പാത ഇന്റർലോക്ക് ചെയ്തു. 

പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽനിന്ന്‌ മൂന്ന് കിലോമീറ്ററകലെയാണ് കവ്വായി കായൽ. ഏഴ് പുഴകൾ ചേരുന്ന കായലിന് 37 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. ജൈവ വൈവിധ്യത്താൽ സമ്പന്നമായ ചെറു ദ്വീപുകളും കണ്ടൽക്കാടുകളും ഇവിടെയുണ്ട്. സഞ്ചാരികൾക്കായി സ്പീഡ് ബോട്ട്, പെഡൽ ബോട്ട്, ഹൗസ് ബോട്ട് കയാക്കിങ് സൗകര്യങ്ങളുമുണ്ട്. 

നാടൻ ഭക്ഷണവും താമസ സൗകര്യവും ലഭിക്കും. ദിവസവും രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുവരെ ബോട്ടിങ്. ഹൗസ് ബോട്ട് ടെർമിനൽകൂടി പൂർത്തിയാകുന്നതോടെ കൂടുതൽ വിനോദസഞ്ചാരികളെത്തും. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!