ഒരേ ദിവസം രണ്ട് പരീക്ഷ; വിദ്യാർഥികൾ പ്രതിസന്ധിയിൽ

കണ്ണൂർ : ജൂൺ 21-ന് തുടങ്ങാനിരുന്ന കണ്ണൂർ സർവകലാശാലയുടെ ബി.സി.എ. ആദ്യ സെമസ്റ്റർ പരീക്ഷ 28 മുതൽ മാറ്റിനിശ്ചയിച്ചത് വിദ്യാർഥികൾക്ക് തിരിച്ചടിയായി. ജൂലായ് നാലിന് പരീക്ഷയുള്ളതിനാൽ കീം പ്രവേശന പരീക്ഷയ്ക്ക് പങ്കെടുക്കാൻ പല കുട്ടികൾക്കും കഴിയില്ല. ബി.സി.എ. 2019 സിലബസിലെ പ്രോഗ്രാമിങ് ഇൻ സി എന്ന പരീക്ഷയാണ് ആ ദിവസമുള്ളത്. ഇതേദിവസം തന്നെ മറ്റു ചില സയൻസ് വിഷയങ്ങളിലും പരീക്ഷയുണ്ട്. പ്ലസ്‌ടു കഴിഞ്ഞ് ബിരുദപഠനത്തിന് ചേരന്നവരും കീം പ്രവേശന പരീക്ഷയെഴുതാറുള്ളതിനാൽ അതിന് തയ്യാറെടുത്തവരെയാണ് രണ്ടുപരീക്ഷകൾ ഒരേദിവസം നടക്കുന്നത് പ്രതിസന്ധിയിലാക്കിയത്.
അതേസമയം ആ ദിവസം മറ്റു സർവകലാശാലാ പരീക്ഷയോ പി.എസ്.സി. പരീക്ഷകളോ നടക്കുന്നുണ്ടെങ്കിൽ മാത്രമേ മാറ്റേണ്ടതുള്ളൂവെന്ന് സർവകലാശാല അറിയിച്ചു.