കെട്ടിടനികുതി കൂടും; നികുതി വര്‍ഷത്തിലൊരിക്കല്‍ പരിഷ്‌കരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിടനികുതി അടുത്ത മാര്‍ച്ച് 31-നകം പരിഷ്‌കരിക്കും. അടുത്ത സാമ്പത്തിക വര്‍ഷംമുതല്‍ കെട്ടിടനികുതി പരിഷ്‌കരണം വര്‍ഷത്തിലൊരിക്കല്‍ നടത്താനും തീരുമാനമായി. 3000 ചതുരശ്ര അടിയില്‍ കൂടുതല്‍ തറവിസ്തീര്‍ണമുള്ള വീടുകളുടെ നികുതി 15 ശതമാനം കൂട്ടും. തറപാകാന്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഇനം പരിഗണിക്കാതെ വിസ്തീര്‍ണത്തിന്റെ അടിസ്ഥാനത്തിലാണ് നികുതിവര്‍ധന. ഏപ്രില്‍ ഒന്നുമുതല്‍ നിര്‍മിച്ച വീടുകള്‍ക്ക് വര്‍ധന ബാധകം. 50 ചതുരശ്ര മീറ്ററിന് (538.196 ചതുരശ്രയടി) മുകളിലുള്ള വീടുകളെ തദ്ദേശസ്ഥാപനങ്ങളുടെ കെട്ടിടനികുതി പരിധിയില്‍ കൊണ്ടുവരാനും മന്ത്രിസഭ തീരുമാനിച്ചു.
നിലവില്‍ 660 ചതുരശ്രയടിക്കു മുകളിലുള്ള വാസഗൃഹങ്ങള്‍ക്കാണ് കെട്ടിടനികുതി നല്‍കേണ്ടത്. 50-60 ചതുരശ്രമീറ്ററിന് ഇടയിലുള്ള വീടുകള്‍ക്ക് സാധാരണ നിരക്കിന്റെ പകുതിനിരക്കില്‍ നികുതി ഈടാക്കും.
ചില പ്രത്യേക വിഭാഗം കെട്ടിടങ്ങളുടെ വസ്തുനികുതി വര്‍ധനയ്ക്ക് പരിധി ഏര്‍പ്പെടുത്താനുള്ള തീരുമാനം പിന്‍വലിക്കും. ഇതേക്കുറിച്ച് ആറാം ധനകാര്യ കമ്മിഷന്റെ രണ്ടാം റിപ്പോര്‍ട്ടിലെ തദ്ദേശവകുപ്പുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം ഭേദഗതികളോടെ അംഗീകരിച്ചു. പ്രാദേശിക സര്‍ക്കാരുകളുടെ നിയന്ത്രണത്തിന് അപ്പുറമുള്ള കാരണങ്ങളാല്‍ പിരിച്ചെടുക്കാന്‍ കഴിയാത്ത വസ്തുനികുതി കുടിശ്ശിക എഴുതിത്തള്ളാനുള്ള പരിധി ഉയര്‍ത്തും.
പൊളിക്കുമ്പോള്‍ അറിയിക്കണം
കേരള മുനിസിപ്പാലിറ്റി ആക്ട് 241 വകുപ്പ് പുനഃസ്ഥാപിക്കും. കെട്ടിടം പൊളിച്ചുമാറ്റുന്ന വിവരം പ്രാദേശിക സര്‍ക്കാരിനെ ഉടമസ്ഥന്‍ അറിയിക്കണം. അല്ലാത്തപക്ഷം അറിയിക്കുന്ന തീയതിവരെയുള്ള നികുതി അടയ്ക്കണം.
വിനോദനികുതി ആക്ട് ഭേദഗതി ചെയ്യും
വിനോദത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ വിനോദനികുതി ആക്ട് ഭേദഗതിചെയ്യും. വിനോദനികുതി നിരക്ക് 10 ശതമാനമാകും. തിയേറ്ററുകളുടെ ടിക്കറ്റ് വിതരണത്തിനും വിനോദനികുതി കണക്കാക്കാനും പ്രാദേശിക സര്‍ക്കാരുകള്‍ സോഫ്റ്റ്വേര്‍ തയ്യാറാക്കും. സ്വന്തമായി സോഫ്റ്റ്വേര്‍ ഉപയോഗിക്കുന്ന തിയേറ്ററുകള്‍ പ്രാദേശിക സര്‍ക്കാരിന് ഡേറ്റ കൈമാറാന്‍ ബ്രിഡ്ജ് സോഫ്റ്റ്വേര്‍ തയ്യാറാക്കണം.
റോഡുകളുടെ വശങ്ങളില്‍ വാണിജ്യാവശ്യത്തിന് സ്ഥാപിച്ച പരസ്യബോര്‍ഡുകള്‍ ലൈസന്‍സ് ഫീസിന്റെ പരിധിയില്‍ കൊണ്ടുവരും. മൊബൈല്‍ ടവറുകളുടെ നികുതിനിരക്ക് പരിഷ്‌കരിക്കണമെന്ന ഭേദഗതിയും മന്ത്രിസഭ അംഗീകരിച്ചു.