ഏലപ്പീടികയിലെ മാലിന്യങ്ങൾ നീക്കി; ഇനി ചെണ്ട് മല്ലികൾ വിരിയും

എലപ്പീടിക: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ശുചീകരിച്ച 29-ാം മൈൽ വെള്ളച്ചാട്ടത്തിന് സമീപം ഇനി ചെണ്ടുമല്ലികൾ വിരിയും. കണിച്ചാർ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ശുചീകരിച്ച വെള്ളച്ചാട്ടത്തിൽ നിന്നും ശേഖരിച്ച ഒരു ലോഡ് മാലിന്യം ചൊവ്വാഴ്ച ക്ലീൻ കേരള കമ്പനിയുടെ വാഹനം വന്ന് കയറ്റിക്കൊണ്ട് പോയി. വെള്ളച്ചാട്ടത്തിൽ ഇനി മാലിന്യങ്ങൾ നിക്ഷേപിക്കരുതെന്ന് വാർഡ് മെമ്പർ ജിമ്മി അബ്രാഹം വാഹനയാത്രക്കാരോട് അഭ്യർത്ഥിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ 120 പണികളെടുത്താണ് വെള്ളച്ചാട്ടം ശുചീകരിച്ചത്.
കണ്ണൂർ പട്ടണത്തിലും, സമീപത്തുള്ള അഞ്ച് പഞ്ചായത്തുകളിലെയും ആറ് ലക്ഷത്തോളമാളുകൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന പഴശ്ശി പദ്ധതിയിലേക്കാണ് ഈ വെള്ളം ഒഴുകിയെത്തുന്നത്. ശുചീകരിച്ച സ്ഥലത്ത് കണ്ണൂർ ജില്ലാ പഞ്ചായത്തും കണിച്ചാർ പഞ്ചായത്തും സംയുക്തമായി ചെണ്ടുമല്ലികൾ വെച്ച് പിടിപ്പിക്കുന്നതിൻ്റെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10 മണിക്ക് കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആൻ്റണി സെബാസ്റ്റ്യൻ നിർവ്വഹിക്കും.