കണ്ണൂരിൽ പൊലീസ് ക്വാർട്ടേഴ്സിൽ എസ്.ഐ തൂങ്ങിമരിച്ച നിലയിൽ

കണ്ണൂർ : പൊലീസ് ക്വാർട്ടേഴ്സിൽ എസ്.ഐ.യെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തളിപ്പറമ്പ് ഡി.വൈ.എസ്.പി ഓഫിസിലെ ഗ്രേഡ് എസ്.ഐ കെ.വി. സജീവനെ (51) ആണ് ഡി.വൈ.എസ്.പി ഓഫിസിന് സമീപത്തെ ക്വാർട്ടേഴ്സിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
തൃച്ചംബരം സ്വദേശിയായ സജീവൻ വീട്ടിൽ തന്നെയായിരുന്നു താമസം. പൊലീസ് വിശ്രമിക്കാനും മറ്റും ഉപയോഗിക്കുന്ന ക്വാർട്ടേഴ്സ് ആണ് ഇത്. രണ്ട് ദിവസമായി അവധിയിലായിരുന്നു സജീവൻ. ഉച്ചയോടെ ക്വാർട്ടേഴ്സിൽ കയറി തിരിച്ചു വരാത്തതുകൊണ്ട് സംശയം തോന്നിയ പൊലീസുകാർ പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മേയ് 6ന് സജീവന്റെ പിതാവ് കെ. മാധവൻ മരിച്ചിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന സെക്രട്ടറിയാണ് കെ. മാധവൻ.