രാജ്യത്തെ 43 റീജണല്‍ റൂറല്‍ ബാങ്കുകളിലെ (RRB) ഗ്രൂപ്പ് എ ഓഫീസര്‍ (Scale I, II, III), ഗ്രൂപ്പ് ബി ഓഫീസ് അസിസ്റ്റന്റ് (മള്‍ട്ടിപര്‍പ്പസ്) തസ്തികയിലേക്കുള്ള പതിനൊന്നാമത് പൊതു എഴുത്തുപരീക്ഷയ്ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്ഷന്‍ (IBPS) അപേക്ഷ ക്ഷണിച്ചു.
ആകെ 8,106 ഒഴിവുകളുണ്ട്. ഇതില്‍ 4,483 ഒഴിവുകള്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലും 3,623 ഒഴിവുകള്‍ ഓഫീസര്‍ തസ്തികയിലുമാണ്.
രണ്ട് തസ്തികയിലേക്കും (ഓഫീസര്‍, ഓഫീസ് അസിസ്റ്റന്റ്) ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. എന്നാല്‍ ഓഫീസര്‍ തസ്തികയിലെ ഏതെങ്കിലും ഒരു സ്‌കെയിലിലേക്ക് മാത്രമാണ് അപേക്ഷിക്കാന്‍ അവസരം. കേരള ഗ്രാമീണ്‍ ബാങ്കിലെ റിക്രൂട്ട്മെന്റും ഇതിനോടൊപ്പമാണ്. 247 ഒഴിവാണ് കേരള ഗ്രാമീണ്‍ ബാങ്കില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
* ഓഫീസ് അസിസ്റ്റന്റ് (മള്‍ട്ടിപര്‍പ്പസ്)-61 (ജനറല്‍-25, എസ്.സി.-9, എസ്.ടി.-5, ഒ.ബി.സി.-16, ഇ.ഡബ്ല്യു.എസ്.-6)
* ഓഫീസര്‍ സ്‌കെയില്‍ I-84 (ജനറല്‍-34, എസ്.സി.-13, എസ്.ടി.-6, ഒ.ബി.സി.-23, ഇ.ഡബ്ല്യു.എസ്.-8)
* ഓഫീസര്‍ സ്‌കെയില്‍ II (ജനറല്‍ ബാങ്കിങ് ഓഫീസര്‍)-102 (ജനറല്‍-41, എസ്.സി.-15, എസ്.ടി.-8, ഒ.ബി.സി.-28, ഇ.ഡബ്ല്യു.എസ്.-10)
ഓഫീസര്‍ സ്‌കെയില്‍ III (സീനിയര്‍ മാനേജര്‍): 21-40 (1982 ജൂണ്‍ 3-നും 2001 മേയ് 31-നും ഇടയില്‍ ജനിച്ചവര്‍). രണ്ട് തീയതികളും ഉള്‍പ്പെടെ.
ഓഫീസര്‍ സ്‌കെയില്‍ II (മാനേജര്‍): 21-32 (1990 ജൂണ്‍ 3-നും 2001 മേയ് 31-നും ഇടയില്‍ ജനിച്ചവര്‍). രണ്ട് തീയതികളും ഉള്‍പ്പെടെ.
ഓഫീസര്‍ സ്‌കെയില്‍ I (അസിസ്റ്റന്റ് മാനേജര്‍): 18-30 (1992 ജൂണ്‍ 3-നും 2004 മേയ് 31-നും ഇടയില്‍ ജനിച്ചവര്‍). രണ്ട് തീയതികളും ഉള്‍പ്പെടെ.
ഓഫീസ് അസിസ്റ്റന്റ് (മള്‍ട്ടിപര്‍പ്പസ്): 18-28. (1994 ജൂണ്‍ 2-നും 2004 ജൂണ്‍ 1-നും ഇടയില്‍ ജനിച്ചവര്‍). രണ്ട് തീയതികളും ഉള്‍പ്പെടെ.
2022 ജൂണ്‍ 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. എസ്.സി./ എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നും ഭിന്നശേഷിക്കാര്‍ക്ക് പത്തുംവര്‍ഷം ഉയര്‍ന്ന പ്രായത്തില്‍ ഇളവുണ്ട്. വിമുക്തഭടര്‍/ വിധവകള്‍/ നിയമപരമായി ബന്ധം വേര്‍പ്പെടുത്തി, പുനര്‍വിവാഹം ചെയ്യാത്തവര്‍ എന്നിവര്‍ക്ക് ഉയര്‍ന്ന പ്രായത്തില്‍ നിയമാനുസൃത ഇളവ് ലഭിക്കും.
ഓഫീസ് അസിസ്റ്റന്റ് (മള്‍ട്ടിപര്‍പ്പസ്): ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/ തത്തുല്യം. അതത് സംസ്ഥാനങ്ങളിലെ പ്രാദേശികഭാഷ അറിഞ്ഞിരിക്കണം. കംപ്യൂട്ടര്‍ അറിവ് അഭിലഷണീയം.
ഓഫീസര്‍ സ്‌കെയില്‍ I (അസിസ്റ്റന്റ് മാനേജര്‍): ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/ തത്തുല്യം. പ്രാദേശിക ഭാഷയില്‍ അറിവുണ്ടായിരിക്കണം. കംപ്യൂട്ടര്‍പരിജ്ഞാനം വേണം. അഗ്രിക്കള്‍ച്ചര്‍/ ഹോര്‍ട്ടികള്‍ച്ചര്‍/ ഫോറസ്ട്രി/ അനിമല്‍ ഹസ്ബന്‍ഡറി/ വെറ്ററിനറി സയന്‍സ്/ അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിങ്/ പിസികള്‍ച്ചര്‍/ അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് കോ-ഓപ്പറേഷന്‍/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/ മാനേജ്മെന്റ്/ നിയമം/ ഇക്കണോമിക്സ്/അക്കൗണ്ടന്‍സി എന്നിവയില്‍ ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന.
ഓഫീസര്‍ സ്‌കെയില്‍ II, ജനറല്‍ ബാങ്കിങ് ഓഫീസര്‍ (മാനേജര്‍): മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദം/ തത്തുല്യം. ബാങ്കിങ്/ ഫിനാന്‍സ്/ മാര്‍ക്കറ്റിങ്/ അഗ്രിക്കള്‍ച്ചര്‍/ ഹോര്‍ട്ടികള്‍ച്ചര്‍/ ഫോറസ്ട്രി/ അനിമല്‍ ഹസ്ബന്‍ഡറി/ വെറ്ററിനറി സയന്‍സ്/ അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിങ്/ പിസികള്‍ച്ചര്‍/ അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് കോ-ഓപ്പറേഷന്‍/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/ മാനേജ്മെന്റ്/ നിയമം/ ഇക്കണോമിക്സ്/ അക്കൗണ്ടന്‍സി എന്നിവയില്‍ ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന. ബാങ്ക്/ ധനകാര്യസ്ഥാപനത്തില്‍ ഓഫീസറായി ജോലിചെയ്ത് രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.
ഓഫീസര്‍ സ്‌കെയില്‍ II, സ്പെഷലിസ്റ്റ് ഓഫീസര്‍ (മാനേജര്‍)
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഓഫീസര്‍: മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ഇലക്ട്രോണിക്സ്/ കമ്യൂണിക്കേഷന്‍/ കംപ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നിവയിലുള്ള ബിരുദം/ തത്തുല്യം. കംപ്യൂട്ടര്‍ അറിവ് വേണം. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം.
ചാര്‍ട്ടേഡ് അക്കൗണ്ടന്റ്: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയില്‍നിന്നുള്ള സര്‍ട്ടിഫൈഡ് അസോസിയേറ്റ്ഷിപ്പ്. ഒരുവര്‍ഷ പ്രവൃത്തിപരിചയം വേണം.
ലോ ഓഫീസര്‍: മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള നിയമബിരുദം/ തത്തുല്യം. ബാങ്ക്/ ധനകാര്യസ്ഥാപനത്തില്‍ അഡ്വക്കേറ്റ്/ ലോഓഫീസര്‍ ആയി ജോലിനോക്കി രണ്ടുവര്‍ഷ പ്രവൃത്തിപരിചയം വേണം.
ട്രഷറി മാനേജര്‍: ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അല്ലെങ്കില്‍ എം.ബി.എ. -ഫിനാന്‍സ്. ഒരുവര്‍ഷ പ്രവൃത്തിപരിചയം വേണം.
മാര്‍ക്കറ്റിങ് ഓഫീസര്‍: എം.ബി.എ.- മാര്‍ക്കറ്റിങ്. ഒരുവര്‍ഷ പ്രവൃത്തിപരിചയം വേണം.
അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍: മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെ അഗ്രിക്കള്‍ച്ചര്‍/ ഹോര്‍ട്ടികള്‍ച്ചര്‍/ ഡെയറി/ അനിമല്‍ ഹസ്ബന്‍ഡറി/ ഫോറസ്ട്രി/ വെറ്ററിനറി സയന്‍സ്/ അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിങ്/ പിസികള്‍ച്ചര്‍ എന്നിവയില്‍ ബിരുദം/ തത്തുല്യം. രണ്ടുവര്‍ഷ പ്രവൃത്തിപരിചയം വേണം.
ഓഫീസര്‍ സ്‌കെയില്‍ III (സീനിയര്‍ മാനേജര്‍): മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദം/ തത്തുല്യം. ബാങ്കിങ്/ ഫിനാന്‍സ്/ മാര്‍ക്കറ്റിങ്/ അഗ്രിക്കള്‍ച്ചര്‍/ ഹോര്‍ട്ടികള്‍ച്ചര്‍/ ഫോറസ്ട്രി/ അനിമല്‍ ഹസ്ബന്‍ഡറി/ വെറ്ററിനറി സയന്‍സ്/ അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിങ്/ പിസികള്‍ച്ചര്‍/ അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് കോ-ഓപ്പറേഷന്‍/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/ മാനേജ്മെന്റ്/ നിയമം/ ഇക്കണോമിക്സ് ആന്‍ഡ് അക്കൗണ്ടന്‍സി എന്നിവയില്‍ ബിരുദം/ ഡിപ്ലോമയുള്ളവര്‍ക്ക് മുന്‍ഗണന. ബാങ്ക്/ ധനകാര്യസ്ഥാപനത്തില്‍ ഓഫീസര്‍ തസ്തികയില്‍ ജോലിചെയ്ത് അഞ്ചുവര്‍ഷ പ്രവൃത്തിപരിചയം വേണം.
പരീക്ഷ, തിരഞ്ഞെടുപ്പ്: രണ്ട് ഘട്ടങ്ങളിലായുള്ള എഴുത്തുപരീക്ഷയ്ക്ക് ശേഷമാണ് തിരഞ്ഞെടുപ്പ്. ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് അഭിമുഖവും ഉണ്ടാകും. ഓഗസ്റ്റിലായിരിക്കും പരീക്ഷ. കേരളത്തില്‍ പ്രിലിമിനറി പരീക്ഷയ്ക്ക് ആലപ്പുഴ, കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ കേന്ദ്രങ്ങളുണ്ടാകും. സിംഗിള്‍/ മെയിന്‍ പരീക്ഷയ്ക്ക് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലായിരിക്കും പരീക്ഷാകേന്ദ്രം. സിലബസിന്റെ വിശദവിവരങ്ങള്‍ക്കായി പട്ടിക കാണുക. ഓഫീസ് അസിസ്റ്റന്റ് (മള്‍ട്ടിപര്‍പ്പസ്), ഓഫീസര്‍ സ്‌കെയില്‍ I എന്നീ തസ്തികയിലേക്ക് ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷയില്‍ ചോദ്യങ്ങളുണ്ടാകും. വിശദമായ സിലബസ് ഉള്‍ക്കൊള്ളുന്ന വിജ്ഞാപനം www.ibps.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഫീസ്: 850 രൂപ. (എസ്.സി., എസ്.ടി., ഭിന്നശേഷിക്കാര്‍, വിമുക്തഭടവിഭാഗക്കാര്‍ക്ക് 175 രൂപ). ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയോ ഓണ്‍ലൈനായി ഫീസടയ്ക്കാം. ഫീസ് അടച്ചാല്‍ ലഭിക്കുന്ന ഇ-റസീറ്റിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. ഫീസ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ www.ibps.in-ല്‍ ലഭിക്കും.
www.ibps.in-ല്‍ പ്രത്യേകമായി നല്‍കിയ ലിങ്കിലൂടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തണം. അപേക്ഷയില്‍ നിര്‍ദിഷ്ടസ്ഥാനത്ത് കളര്‍ പാസ്പോര്‍ട്ട്സൈസ് ഫോട്ടോയും (200X230 പിക്‌സല്‍സ്, 20 കെ.ബി.ക്കും 50 കെ.ബി.ക്കുമിടയില്‍) ഒപ്പും (വെളുത്ത പേപ്പറില്‍ കറുത്ത പേനകൊണ്ടുള്ളത്, 140X60 പിക്‌സല്‍സ്, 10 കെ.ബി.ക്കും 20 കെ.ബി.ക്കുമിടയില്‍) ഇടത് തള്ളവിരല്‍ അടയാളവും (240X240 പിക്‌സല്‍സ്, 20 കെ.ബി.ക്കും 50 കെ.ബി.ക്കുമിടയില്‍) അപ്ലോഡ് ചെയ്യണം. ഇതോടൊപ്പം ‘hand written declaration’ സ്വന്തം കൈപ്പടയില്‍ കറുത്ത മഷി ഉപയോഗിച്ച് വെള്ളക്കടലാസിലെഴുതി സ്‌കാന്‍ അപ്ലോഡ് ചെയ്യണം (800×400 പിക്‌സല്‍സ്, 50 കെ.ബി.ക്കും 100 കെ.ബി.ക്കുമിടയില്‍).
‘I, _______ (Name of the candidate), hereby declare that all the information submitted by me in the application form is correct, true and valid. I will present the supporting documents as and when required.’
എന്ന മാതൃകയില്‍ എഴുതാം. രേഖകള്‍ സ്‌കാന്‍ ചെയ്യുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഐ.ബി.പി.എസ്. വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനത്തിലുണ്ട്.
ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് രജിസ്ട്രേഷന്‍ നമ്പറും പാസ്വേഡും ലഭിക്കും. ഇത് ഉദ്യോഗാര്‍ഥി സൂക്ഷിച്ചുവെയ്ക്കണം. ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തിയാക്കിയാല്‍ ഇതിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. ഓണ്‍ലൈന്‍ പരീക്ഷയ്ക്കുള്ള കോള്‍ലെറ്റര്‍ ഉദ്യോഗാര്‍ഥികള്‍ക്ക് വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 27.