ഹീമോഫീലിയ, ഓട്ടിസം, പക്ഷാഘാത രോഗികൾക്ക് ‘നിപ്മറി’ൽ അക്വാട്ടിക് തെറാപ്പി

തൃശ്ശൂർ: ഹീമോഫീലിയയും ഓട്ടിസവും പക്ഷാഘാതവും ഉൾപ്പെടെയുള്ള വിവിധ പ്രശ്നങ്ങളുള്ളവർക്ക് അനായാസമായി തെറാപ്പി നൽകാനാകുന്ന വലിയ ആക്വാട്ടിക് തെറാപ്പി യൂണിറ്റ് തൃശ്ശൂർ കല്ലേറ്റുംകരയിലെ നിപ്മറിൽ.
സംസ്ഥാന സാമൂഹിക നീതിവകുപ്പിന്റെ കീഴിലാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ (നിപ്മർ). രാജ്യത്തെ ഏറ്റവും മികച്ച ഭിന്നശേഷി സേവനകേന്ദ്രങ്ങളിലൊന്നാണിത്. സൗജന്യമായി ഈ സേവനം നൽകുന്ന കേരളത്തിലെ ആദ്യ കേന്ദ്രമാണിത്.
അണുമുക്തമായ കൃത്രിമ ജലാശയം ഉൾപ്പെടെയുള്ള അക്വാട്ടിക് തെറാപ്പി ബ്ലോക്ക് രണ്ടേമുക്കാൽ കോടി രൂപയിലാണ് അത്യാധുനിക സംവിധാനങ്ങളോടെ തുറന്നത്. രണ്ടുനില ഉയരമുള്ള കെട്ടിടം 2355 ചതുരശ്ര അടിയിലാണ്. സർക്കാർ ഉടമസ്ഥതയിലുള്ള സംസ്ഥാനത്തെ ഏക അക്വാട്ടിക് തെറാപ്പി യൂണിറ്റാണിത്.
കിടക്കയിൽ കിടത്തിയും ഇരുത്തിയുമുള്ള തെറാപ്പികളിലുണ്ടാകുന്ന വിഷമതകൾക്ക് പ്രതിവിധിയാണ് അക്വാട്ടിക് തെറാപ്പി. ഭിന്നശേഷിസൗഹൃദമായ വലിയ കുളവും ഉപകരണങ്ങളും അക്വാട്ടിക് തെറാപ്പിയിൽ പഠനവും പരിശീലനവും നേടിയ എട്ട് ജീവനക്കാരുമുണ്ട്. ഹീമോഫീലിയ ബാധിച്ചവർക്ക് സാധാരണ തെറാപ്പിയിലുണ്ടാകുന്ന രക്തം കട്ടപിടിക്കൽ ഇതിലൂടെ ഒഴിവാക്കാനാകും.
അക്രമവാസനയുള്ളവരെ ഇത്തരം തെറാപ്പിയിലൂടെ ഒരു പരിധിവരെ നിയന്ത്രിക്കാനാകും. മുട്ടിന് വേദനയുള്ളവർക്ക് സൈക്കിൾ വ്യായാമം അനായാസമാക്കാൻ കുളത്തിലാണ് തെറാപ്പി സംവിധാനം ഒരുക്കിയിരിക്കുന്നത്. ഭിന്നശേഷിക്കാർക്ക് സ്വയം ഇറങ്ങാനുള്ള പടവുകളും എടുത്ത് ഇറക്കുന്ന യന്ത്രസംവിധാനവുമുണ്ട്. 34 ഡിഗ്രി ചൂടിലാണ് കുളത്തിൽ വെള്ളമുണ്ടാകുക.
നിപ്മറിൽ പ്രതിദിനം ശരാശരി 250 പേർ ചികിത്സ തേടുന്നുണ്ട്. സെറിബ്രൽ പാൾസി, ഓട്ടിസം, നട്ടെല്ലിനേൽക്കുന്ന ക്ഷതം എന്നിവയ്ക്ക് പ്രത്യേക വിഭാഗങ്ങളുണ്ട്.
ഭിന്നശേഷിക്കാർക്കുള്ള പഠന ക്ലാസ്, കൃത്രിമ അവയവനിർമാണ യൂണിറ്റ് തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. നാലരവർഷത്തെ ബാച്ച്‌ലർ ഓഫ് ഒക്യുപേഷണൽ തെറാപ്പി, ഡിപ്ലോമ ഇൻ സ്പെഷ്യൽ എജ്യൂക്കേഷൻ എന്നീ കോഴ്സുകളും നിപ്മർ നടത്തുന്നുണ്ട്. ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചുള്ള ഭിന്നശേഷിസേവനത്തിന് എല്ലാ സംവിധാനങ്ങളോടുംകൂടിയ ബസ്സുമുണ്ട്.