പുതുമയായി പിണറായിയിലെ പുസ്തകപ്പയറ്റ്; ലഭിച്ചത് നൂറുകണക്കിന് പുസ്തകങ്ങൾ

Share our post

പിണറായി : ഓലമേഞ്ഞ ചായപ്പുര. ഒരുവശത്ത് സമോവറിൽ വെള്ളം തിളയ്ക്കുന്നു. സമീപത്ത് തൂങ്ങിയാടുന്ന നാടൻ പഴക്കുല, റേഡിയോ, പെട്രോ മാക്സ്, മണ്ണെണ്ണ റാന്തലുകൾ, സിനിമാ പോസ്റ്റർ, ചില്ലുഭരണിയിൽ ബണ്ണും ബിസ്കറ്റും. നാട്ടിൻപുറങ്ങളിൽ കണ്ടുമറന്ന ആ പഴയ ചായക്കട പിണറായി വെസ്റ്റിലെ സി. മാധവൻ സ്മാരക വായനശാലയ്ക്ക് സമീപം ഇന്നലെ പുനർജനിച്ചത് വായനക്കാർക്ക് വേണ്ടിയായിരുന്നു.

വടക്കേ മലബാറിലെ പണപ്പയറ്റിന്റെ (കുറ്റിപ്പയറ്റ്) മാതൃകയിൽ ഈ ചായക്കടയിൽ വായനശാലയുടെ നേതൃത്വത്തിൽ ‘പുസ്തകപ്പയറ്റ്’ സംഘടിപ്പിച്ചു. പുസ്തകശേഖരണമായിരുന്നു ലക്ഷ്യം. ഉദ്ഘാടകനായി എത്തിയ എഴുത്തുകാരൻ എൻ. ശശിധരനും മുഖ്യാതിഥിയായെത്തിയ ബാലാവകാശ കമ്മിഷൻ അധ്യക്ഷൻ കെ.വി. മനോജുമെല്ലാം പുസ്തകങ്ങൾ കയ്യിൽ കരുതിയിരുന്നു. എല്ലാവരും പുസ്തകം നൽകി പണപ്പയറ്റിന് എന്നപോലെ കണക്ക് പുസ്തകത്തിൽ പേരെഴുതിച്ചു. തുക എഴുതിയിരുന്ന സ്ഥാനത്ത് പുസ്തകങ്ങളുടെ പേര്.

പണപ്പയറ്റിന് നൽകാറുള്ളപോലെ അവിലും പുഴുക്കും ചായയുമെല്ലാം ഒരുക്കിയിരുന്നു. എൺപതു പിന്നിട്ട പ്രദേശവാസി എം.സി. രാഘവനടക്കം ഒട്ടേറെപ്പേർ പയറ്റിന് എത്തിയതോടെ നൂറുകണക്കിന് പുസ്തകങ്ങളാണ് ലഭിച്ചത്. കേരളത്തിന് പുറത്തെ മലയാളി സംഘടനകൾ പുസ്തകങ്ങൾ ശേഖരിച്ച് എത്തിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുമുണ്ട്. വൈകിട്ട് 4ന് തുടങ്ങിയ പയറ്റ് രാത്രി 9ന് അവസാനിക്കുന്നതുവരെ പുസ്തക ചർച്ചകളും കവിത ചൊല്ലലും കഥാ അവതരണങ്ങളുമായി ചായക്കടയും പരിസരവും സജീവമായിരുന്നു. 

പുസ്തകങ്ങൾ വായനശാലാ പ്രവർത്തകർ വിടുകളിലെത്തിച്ച് നൽകും. കുടുംബശ്രീ വഴിയും വിതരണം ചെയ്യും. വായനശാലയുമായും വായനയുമായും നാടിനെ ബന്ധപ്പെടുത്താനുള്ള പരിശ്രമമാണ് ഈ പുസ്തകപ്പയറ്റെന്ന് വായനശാലാ പ്രവർത്തകരായ പനോളി വത്സൻ, ഭാസ്കരൻ, വി. പ്രദീപൻ, ലൈബ്രേറിയനും പഞ്ചായത്ത് അംഗവുമായ കെ. വിമല എന്നിവർ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!