പഴയ കെട്ടിടത്തിൽനിന്ന് കൂത്തുപറമ്പ് കൃഷിഭവന്റെ പ്രവർത്തനം മാറ്റി
കൂത്തുപറമ്പ് : തകർച്ചയിലായ കെട്ടിടത്തിൽനിന്ന് കൂത്തുപറമ്പ് കൃഷിഭവന്റെ പ്രവർത്തനം മാറ്റുന്നു. നഗരത്തിലെ ബി.എസ്.എൻ.എൽ. കെട്ടിടത്തിലേക്കാണ് കൃഷിഭവൻ മാറ്റുന്നത്.
തിങ്കളാഴ്ച രാവിലെ 10-ന് നഗരസഭാ ചെയർപേഴ്സൺ വി. സുജാത ഉദ്ഘാടനം ചെയ്തു. നരവൂർ റോഡിലെ പഴശ്ശി ഇറിഗേഷൻ പ്രോജക്ടിന്റെ ഭാഗമായുള്ള വാടക കെട്ടിടത്തിലായിരുന്നു കൃഷിഭവൻ പ്രവർത്തിച്ചിരുന്നത്. മഴപെയ്താൽ ചോർന്നൊലിക്കുന്ന കെട്ടിടത്തിന് മുകളിൽ പലപ്പോഴും ടാർപോളിൻ ഷീറ്റ് വിരിച്ചാണ് ജീവനക്കാർ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോയിരുന്നത്. കൃഷിഭവൻ ആരംഭിച്ചതുമുതൽ ഇവിടെതന്നെയായിരുന്നു പ്രവർത്തിച്ചിരുന്നത്. ഫയലുകളും കംപ്യൂട്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങളും സൂക്ഷിക്കുവാൻപോലും കഴിയാത്ത അവസ്ഥയിലായിരുന്നു.
കെട്ടിടത്തിലെ അധിക സൗകര്യം പുറത്ത് വാടകയ്ക്ക് നൽകാമെന്ന ബി.എസ്.എൻ.എൽ. തീരുമാനത്തിന്റെ ഭാഗമായിട്ടാണ് കൃഷിഭവന് ആവശ്യമായ സൗകര്യം ഒരുങ്ങിയത്. ബി.എസ്.എൻ.എല്ലിന്റെ കസ്റ്റമർ കെയർ പോയിൻറ് പ്രവർത്തിച്ച സ്ഥലമാണ് ഇതിനായി അനുവദിച്ചത്.
