ജയിക്കാനായി തോറ്റവര്‍ക്കൊപ്പം; പത്താംക്ലാസ് പരാജയപ്പെട്ടവര്‍ക്ക് വിനോദയാത്രയും ഗെയിമും

വളാഞ്ചേരി (മലപ്പുറം): ‘പത്താംക്ലാസ് പരീക്ഷയില്‍ തോറ്റവര്‍ എന്തിന് നിരാശരാകണം? അടിപൊളിയായൊരു വിനോദയാത്ര പോകാം, ഗെയിമും കളിക്കാം’. പരാജയപ്പെട്ട കുട്ടികളെ ഇങ്ങനെ സന്തോഷത്തോടെ സ്വീകരിക്കുന്നത് വളാഞ്ചേരിക്കടുത്ത് മാറാക്കര പഞ്ചായത്താണ്. എസ്.എസ്.എല്‍.സി. ഫലംവന്ന് പിറ്റേദിവസം തന്നെ ‘ജയിക്കാനായി തോറ്റവര്‍ക്കൊപ്പം’ എന്നപേരില്‍ പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് പഞ്ചായത്ത് ഭരണസമിതി.
പത്താം ക്ലാസില്‍ പരാജയപ്പെട്ടവരുമായി ഒരുദിവസത്തെ വിനോദയാത്രയാണ് ആദ്യം. ഒരാഴ്ചയ്ക്കുള്ളില്‍ത്തന്നെ യാത്ര സംഘടിപ്പിക്കും. വെങ്ങാടുള്ള വാട്ടര്‍തീം പാര്‍ക്കിലേക്കാണ് പോകുന്നത്. തുടര്‍ന്ന് മനഃശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ കൗണ്‍സലിങ്. മാനസിക പിരിമുറുക്കവും നിരാശാബോധവും കുറയ്ക്കാന്‍ പ്രത്യേക ഗെയിമുകളും കുട്ടികള്‍ക്ക് നല്‍കും. മനഃശാസ്ത്രജ്ഞരുടെയും കൗണ്‍സലര്‍മാരുടെയും സേവനം ഉപയോഗപ്പെടുത്തും.
കുട്ടികള്‍ ആരൊക്കെയെന്ന് വാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തിലാണ് കണ്ടെത്തുക. കുട്ടികള്‍ ആരെന്നോ അവരുടെ പേരുവിവരമോ പരസ്യപ്പെടുത്തില്ല. പരിപാടിയുടെ ചിത്രങ്ങളും പുറത്തുവിടില്ല. 20 വാര്‍ഡാണ് മാറാക്കര പഞ്ചായത്തിലുള്ളത്. മാറാക്കര പഞ്ചായത്തിലുള്ള കുട്ടികള്‍ക് മാത്രമാണ് അവസരം. ‘പരാജയത്തില്‍നിന്ന് തുടങ്ങിയവരാണ് ചരിത്രത്തിലെ വലിയ വിജയികള്‍’ എന്നതാണ് പദ്ധതിയുടെ പ്രമേയമെന്ന് പ്രസിഡന്റ് ടി.പി. സജ്‌ന, വൈസ് പ്രസിഡന്റ് ഉമറലി കരേക്കാട് എന്നിവര്‍ പറഞ്ഞു.
കുട്ടികള്‍ക്ക് തുടര്‍പഠന സഹായങ്ങളടക്കം നല്‍കാന്‍ പഞ്ചായത്ത് ഒരുക്കമാണെന്നും അവര്‍ വ്യക്തമാക്കി. നിലമ്പൂര്‍ എരഞ്ഞിമങ്ങാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എസ്.എസ്.എല്‍.സി. തോറ്റ കുട്ടികളുമായി വിനോദയാത്രപോകാന്‍ എ.ഐ.എസ്.എഫ്. ചാലിയാര്‍ പഞ്ചായത്ത് കമ്മിറ്റിയും തീരുമാനിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളെയും യാത്രയില്‍ പങ്കാളികളാക്കും.