കെ.എസ്.ആര്‍.ടി.സിക്ക് പുതിയ തിരിച്ചറിയല്‍ നമ്പറും; ബസ്സുകളുടെ എണ്ണം ഇനി ജില്ല തിരിച്ച് അറിയാം

Share our post

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി. ബസ്സുകളില്‍ ഇനി ഡി.സി.പി. നമ്പരുകളും. നിലവില്‍ ബോണറ്റ് നമ്പരും രജിസ്ട്രേഷന്‍ നമ്പരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഡിസ്ട്രിക്ട് കോമണ്‍ പൂളില്‍ 14 ജില്ലകള്‍ക്കും രണ്ട് ഇംഗ്ലീഷ് അക്ഷരങ്ങള്‍ ചേര്‍ത്തുള്ള പ്രത്യേക കോഡാണുള്ളത്. ഒന്നിലാണ് നമ്പരുകള്‍ ആരംഭിക്കുന്നത്.

ബസ്സിന്റെ മുന്‍വശത്ത് ഇടതുവശത്തായിട്ടാണ് ഇവ രേഖപ്പെടുത്തിയിരിക്കുന്നത്. ഓരോ ബസ്സും ഏതു ജില്ലയിലേക്ക് അലോട്ട് ചെയ്തിരിക്കുന്നതാണെന്ന് തിരിച്ചറിയാന്‍വേണ്ടിയാണ് ഡി.സി.പി. നമ്പരുകള്‍. ബസ്സുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന ഡിപ്പോകളിലാണ് ഡി.സി.പി. നമ്പരുകള്‍ എഴുതി ചേര്‍ക്കുന്നത്.

14 ജില്ലകള്‍ക്കായും നല്‍കിയിരിക്കുന്ന ഡി.സി.പി. കോഡുകള്‍ ചുവടെ- തിരുവനന്തപുരം(ടി.വി.), കൊല്ലം(കെ.എല്‍.), പത്തനംതിട്ട (പി.ടി.) ആലപ്പുഴ (എ.എല്‍.), കോട്ടയം (കെ.ടി.), ഇടുക്കി (ഐ.ഡി.) എറണാകുളം (ഇ.കെ.), തൃശ്ശൂര്‍ (ടി.ആര്‍.) പാലക്കാട് (പി.എല്‍.), മലപ്പുറം(എം.എല്‍.), കോഴിക്കോട് (കെ.കെ.), വയനാട്(ഡബ്‌ള്യു.എന്‍.), കണ്ണൂര്‍(കെ.എന്‍.), കാസര്‍ഗോഡ് (കെ.ജി.).

ഡി.സി.പി. കോഡ് ഏര്‍പ്പെടുത്തിയതോടെ കെ.എസ്.ആര്‍.ടി.സി. ബസ്സുകളുടെ എണ്ണം ജില്ലതിരിച്ച് അറിയാന്‍ കഴിയും. കെ.എല്‍.15എക്സ് എന്നതിലാണ് കെ.എസ്.ആര്‍.ടി.സി. വാഹനങ്ങളുടെ രജിസ്ട്രേഷന്‍ നമ്പര്‍ തുടങ്ങുന്നത്.

ബോണറ്റ് നമ്പരിന്റെ ഓരോ സീരീസീലും 1000 ബസ്സുകള്‍ വീതമാണുള്ളത്. മൂന്ന് ഇംഗ്ലീഷ് അക്ഷരങ്ങള്‍ക്കുശേഷമാണ് ബോണറ്റ് നമ്പര്‍ വരുന്നത്. ബസ്സിന്റെ മുന്‍ഭാഗത്തും പുറകിലും വലതുഭാഗത്തുമായിട്ടാണ് ബോണറ്റ് നമ്പരുകള്‍.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!