ജോലി തട്ടിപ്പ്; അറബ് വീടുകളില് നൂറിലധികം മലയാളി സ്ത്രീകള് കുടുങ്ങിക്കിടപ്പുണ്ടെന്ന് പോലീസ്
        കൊച്ചി: കുവൈത്തിലെ അറബ് വീടുകളില് നൂറിലധികം മലയാളി സ്ത്രീകള് കുടുങ്ങിക്കിടപ്പുണ്ടെന്ന് പോലീസ്. ജോലി തട്ടിപ്പ് റാക്കറ്റിന്റെ കെണിയില് നിന്ന് രക്ഷപെട്ട് തിരികെയെത്തിയ മൂന്നു സ്ത്രീകളെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് സ്പെഷല് ബ്രാഞ്ചിന്റെ നിര്ണായക കണ്ടെത്തല്.
2021 ഡിസംബറിനും 2022 ഫെബ്രുവരിക്കുമിടയില് കേരളത്തില്നിന്ന് റിക്രൂട്ട് ചെയ്തവരാണ് ഇത്തരത്തില് കുടുങ്ങിക്കിടക്കുന്നതെന്നാണ് വിവരം. കുട്ടികളെ നോക്കാനും, ആശുപത്രി സ്റ്റാഫായുമുള്ള ഒഴിവുകളിലേക്ക് അപേക്ഷിച്ചവരെയാണ് കെണിയില്പെടുത്തിയത്.
ജോലിക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് കേരളത്തിലുടനീളം റാക്കറ്റ് പരസ്യം നല്കിയിരുന്നു. അതേസമയം റാക്കറ്റിന്റെ കെണിയില്പ്പെട്ട് കിടക്കുന്ന സ്ത്രീകള് ആരാണെന്നത് സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചിട്ടില്ല.
കൊല്ലം, എറണാകുളം സ്വദേശികളായ രണ്ട് പേര് മലയാളി സംഘടനയുടെ സഹായത്തോടെ ഇവരുടെ പിടിയില് നിന്ന് രക്ഷപ്പെട്ട് നാട്ടില് തിരിച്ചെത്തിയിരുന്നു. കുവൈറ്റില് എത്തിയ ഉടനെ ഇവരുടെ പാസ്പോര്ട്ട് റാക്കറ്റ് പിടിച്ചെടുത്തു. അവിടെ എത്തിയപ്പോള് മാത്രമാണ് അറബി വീടുകളില് വീട്ടുജോലിക്കാണ് കൊണ്ടുപോയതെന്ന് മനസിലായത്. ഇത് ചോദ്യം ചെയ്തപ്പോള് കള്ളകേസില് കുടുക്കി അവിടുത്തെ ജയിലില് അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി. യാതൊരു പരിചയവും ഇല്ലാത്ത സ്ഥലത്ത് എന്ത് ചെയ്യണമെന്നത് സംബന്ധിച്ച് യാതൊരു രൂപവും ഇല്ലായിരുന്നു. ഇത്തരത്തില് റാക്കറ്റിന്റെ കെണില്പെട്ട നിരവധി പേരുണ്ടെന്ന് ഇവര് പറയുന്നു.
ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള് ജോലിക്ക് നിന്ന വീട്ടുകാര് തന്നെ പോകാന് അനുവദിച്ചെന്ന് രക്ഷപെട്ടവരില് ഒരാള് പറഞ്ഞു. എന്നാല് മറ്റൊരു വീട്ടില് തന്നെ ജോലിക്ക് നിര്ത്താനായിരുന്നു റാക്കറ്റിന്റെ പദ്ധതി. ഒരു മലയാളി സംഘടന ഇടപെട്ടതോടെയാണ് രക്ഷപെടാന് സാധിച്ചതെന്നും ഇവര് പറഞ്ഞു.
ഇത്തരത്തില് കുടുങ്ങിക്കിടക്കുന്ന നിരവധി പേര് സഹായം ആവശ്യപ്പെട്ട് തന്നെ വിളിച്ചെന്ന് മലയാളി സംഘടനയുടെ സഹായത്തോടെ രക്ഷപെട്ട മറ്റൊരു സ്ത്രീയുടെ ഭര്ത്താവ് വെളിപ്പെടുത്തി. റാക്കറ്റിന്റെ കെണിയില്പെട്ട് കുടുങ്ങിക്കിടക്കുന്ന പലര്ക്കും തങ്ങള് എവിടെയാണുള്ളതെന്ന് അറിയില്ലെന്നാണ് വിവരം.
