കൃഷിഫാമുകള്‍ കാര്‍ബണ്‍ ന്യൂട്രലാകുന്നു

Share our post

കൊച്ചി: സുരക്ഷിതമായ ഭക്ഷണവും നല്ല മണ്ണും ലക്ഷ്യമിട്ടുള്ള കൃഷിരീതിയിലേക്ക് സംസ്ഥാനത്തെ കൃഷിഫാമുകള്‍ മാറുന്നു. രാസവളങ്ങള്‍ ഉപയോഗിക്കാതെ ജൈവ രീതികളിലൂടെ വിവിധ വിളകളുണ്ടാക്കുന്ന പദ്ധതിക്ക് ആലുവ തുരുത്തിലെ സംസ്ഥാന വിത്തുത്പാദന തോട്ടത്തില്‍ അടുത്ത മാസം തുടക്കമാകും. കൃഷിവകുപ്പിനു കീഴിലുള്ള 14 ഫാമുകളിലും ഗോത്രവര്‍ഗ മേഖലകളിലുമാണ് നടപ്പാക്കുന്നത്.

ഇതോടൊപ്പം, 140 അസംബ്ലി മണ്ഡലങ്ങളിലും മോഡല്‍ കാര്‍ബണ്‍ ന്യൂട്രല്‍ ഫാം തുടങ്ങും. ഇതെപ്പറ്റി പഠിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചാലുടന്‍ തുടര്‍ നടപടിയാകും. 2022-23 വര്‍ഷത്തില്‍ ബജറ്റില്‍ ഈ പദ്ധതിക്കായി 6.7 കോടി വകയിരുത്തിയിരുന്നു.

നൂറ്റാണ്ട് പിന്നിട്ട ഫാം

102 വര്‍ഷം മുന്‍പ് രാജഭരണകാലത്ത് തുടങ്ങിയ ഈ ഫാമാണ് സംസ്ഥാനത്തെ ഏക സര്‍ട്ടിഫൈഡ് ജൈവ ഫാം. ഇവിടമാണ് പരമ്പരാഗത നെല്‍വിത്തുകള്‍ ലഭിക്കുന്ന ഏക കേന്ദ്രം. വിത്തിന്റെ ആവശ്യം കഴിഞ്ഞ് ബാക്കി വരുന്ന നെല്ല് പലതരം ഉത്പന്നങ്ങളായി മാറ്റുന്നുമുണ്ട്. ആലുവ ഫാമില്‍ 10 വര്‍ഷമായി രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്നില്ല. പാടത്ത് ഇളക്കിമറിച്ച് താറാവുകള്‍ ചെറുകളകളെയും മറ്റും നശിപ്പിക്കുന്നു.

അടുത്തടുത്ത് കൃഷി ചെയ്യുന്നത് പലതരം നെല്‍വിത്തുകളായതിനാല്‍ എന്തെങ്കിലും രോഗം വന്നാലും പടരുന്നില്ല. ചാണകം നേരിട്ടല്ല ഉപയോഗിക്കുന്നത്. ഒരു ഏക്കറിന് ഒരു സീസണില്‍ അഞ്ചുകിലോ ചാണകമേ ഉപയോഗിക്കുന്നുള്ളു. പരിശോധനയില്‍ മണ്ണില്‍ ജൈവ കാര്‍ബണ്‍ സാന്നിധ്യം കൂടുതലാണെന്ന് ഫാമിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ലിസിമോള്‍ ജെ. വടക്കൂട്ട് പറഞ്ഞു.

ഗുരുതരമായ ആഗോളതാപന, കാലാവസ്ഥാ വ്യതിയാനങ്ങള്‍ കേരളം മുന്നില്‍ കാണുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ മുഖ്യ കാരണങ്ങളിലൊന്ന് അന്തരീക്ഷ ഊഷ്മാവ് കൂടുന്നതാണ്. ഇതിനു കാരണം ഹരിതഗൃഹ വാതകങ്ങളായ കാര്‍ബണ്‍ ഡൈ ഓക്സൈഡ്, മീഥേന്‍, നൈട്രസ് ഓക്സൈഡ് തുടങ്ങിയവയുടെ അളവ് വര്‍ധിക്കുന്നതാണ്.

ഭാവിയുടെ കൃഷി മാര്‍ഗം

കാലാവസ്ഥാ വ്യതിയാനത്തെ കാര്‍ഷിക മേഖലയില്‍ ഫലപ്രദമായി നേരിടുകയാണ് പ്രധാനം. കാര്‍ഷികവൃത്തിയില്‍നിന്നുള്ള കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതും മണ്ണില്‍ കൂടുതല്‍ കാര്‍ബണ്‍ പിടിച്ചു നിര്‍ത്തുന്നതുമാണ് കാര്‍ബണ്‍ ന്യൂട്രല്‍ കൃഷിരീതി. ആദ്യഘട്ടമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഫാമുകളില്‍ പുതിയ രീതി നടപ്പാക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!