തിരുവനന്തപുരം: വിട്ടുനിൽക്കുന്ന വൻകിട ആശുപത്രികളെക്കൂടി ഉൾപ്പെടുത്തി മെഡിസെപ് അടുത്ത മാസം ആരംഭിക്കാൻ മന്ത്രി കെ.എൻ. ബാലഗോപാൽ വിളിച്ച യോഗത്തിൽ ധാരണ. സർക്കാർ നിശ്ചയിച്ച ചികിത്സാനിരക്ക് കുറവാണെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ നിന്ന് വൻകിട ആശുപത്രികൾ വിട്ടുനിന്നത്. നിരക്ക് വർധിപ്പിക്കുന്ന കാര്യം അടുത്ത ഘട്ടത്തിൽ പരിഗണിക്കാമെന്നും എത്രയും വേഗം പദ്ധതി ആരംഭിക്കേണ്ടതിനാൽ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കൊച്ചിയിലെ ലേക്‌ഷോർ, അമൃത, തിരുവനന്തപുരത്തെ കോസ്മോ, കിംസ്, അനന്തപുരി, എസ്‌യുടി, കോട്ടയത്തെ കാരിത്താസ് തുടങ്ങി 16 ആശുപത്രികളുടെ പ്രതിനിധികളാണ് മന്ത്രി വിളിച്ച ചർച്ചയിൽ പങ്കെടുത്തത്. കാസ്പ് പദ്ധതിക്ക് കീഴിൽ സൗജന്യ കോവിഡ് ചികിത്സ ലഭ്യമാക്കിയ ആശുപത്രികൾക്ക് ഇതുവരെ സർക്കാർ പണം തന്നിട്ടില്ലെന്നും പ്രതിനിധികൾ യോഗത്തിൽ പരാതിപ്പെട്ടു. വൈകാതെ പണം നൽകാമെന്നും ഇക്കാരണത്താൽ മെഡിസെപ് എന്ന സർക്കാരിന്റെ അഭിമാന പദ്ധതിയിൽനിന്ന് ആരും മാറിനിൽക്കരുതെന്നും മന്ത്രി പറഞ്ഞു. സർക്കാർ മേഖലയിൽ നിശ്ചയിക്കാവുന്ന ഏറ്റവും ഉയർന്ന നിരക്കാണ് മെഡിസെപ്പിൽ തീരുമാനിച്ചിരിക്കുന്നത്.
വളരെ ഉയർന്ന നിരക്കിലേക്ക് പോകുന്നതിന് സർക്കാരിന് ഒട്ടേറെ പരിമിതികളുണ്ട്. ഇപ്പോൾ 11 ലക്ഷത്തോളം കുടുംബങ്ങൾ പദ്ധതിക്കു കീഴിലുണ്ട്. പൊതു മേഖലാ സ്ഥാപനങ്ങളടക്കം കൂടുതൽ സ്ഥാപനങ്ങൾ പദ്ധതിക്കു കീഴിലാകുമ്പോൾ ഉപഭോക്താക്കളുടെ എണ്ണം ഇനിയും വർധിക്കുമെന്നും സഹകരിക്കുന്ന ആശുപത്രികൾക്ക് ഇതു നേട്ടമാകുമെന്നും ബാലഗോപാൽ ചൂണ്ടിക്കാട്ടി. പദ്ധതിയിൽ ചേരാമെന്നറിയിച്ചാണ് ആശുപത്രി പ്രതിനിധികൾ യോഗം വിട്ടത്. തുടക്കത്തിൽ വിട്ടുനിന്ന തിരുവനന്തപുരത്തെ റീജനൽ കാൻസർ സെന്റർ സഹകരിക്കാൻ തയാറായിട്ടുണ്ട്. എന്നാൽ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഇപ്പോഴും വിട്ടുനിൽക്കുകയാണ്. ഇവരുമായി മന്ത്രി ഉടൻ ചർച്ച നടത്തും.
നിലവിൽ 216 ആശുപത്രികളാണ് പദ്ധതിയിലുള്ളത്. ബാക്കിയുള്ളവർ കൂടി അടുത്തയാഴ്ച കരാറിൽ ഒപ്പിടുമെന്നാണ് പ്രതീക്ഷ. ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയാണ് പദ്ധതി നടപ്പാക്കുന്നത്. മെഡിസെപ് അട്ടിമറിക്കാൻ മറ്റ് ചില ഇൻഷുറൻസ് കമ്പനികൾ സജീവമായി രംഗത്തുണ്ട്. മെഡിസെപ്പിൽ ചേർന്നാൽ അതിന് കീഴിലെ ചികിത്സാ നിരക്ക് മാത്രമേ തങ്ങൾ തുടർന്ന് അനുവദിക്കൂ എന്നും ഇപ്പോഴുള്ള ഉയർന്ന നിരക്ക് നൽകില്ലെന്നുമാണ് ഈ കമ്പനികൾ ആശുപത്രികൾക്ക് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ഇതും മെഡിസെപ്പിൽ ചേരുന്നതിൽ നിന്ന് ആശുപത്രികളെ പിന്തിരിപ്പിക്കുന്നുണ്ട്.
കാർഡ് ഡൗൺലോഡ് ചെയ്യണം
ജൂലൈ മുതൽ പദ്ധതി നടപ്പാക്കാൻ സർക്കാർ ആലോചിക്കുന്നതിനാൽ അടുത്തയാഴ്ച മുതൽ ജീവനക്കാർക്കും പെൻഷൻകാർക്കും ഇൻഷുറൻസ് കാർഡ് വിതരണം ചെയ്തേക്കും. മെഡിസെപ് പോർട്ടലിൽ പിൻ നമ്പറോ പി.പി.ഒ നമ്പറോ നൽകി കാർഡ് ഡൗൺലോഡ് ചെയ്യാം. കാർഡിന്റെ പ്രിന്റൗട്ടോ ഫോണിൽ ഡിജിറ്റൽ പകർപ്പോ സൂക്ഷിക്കാം. ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുമ്പോൾ കാർഡ് കാണിച്ചാൽ മതിയാകും. കാഷ്‌ലെസ് ചികിത്സയാണ് മെഡിസെപ്പിനു കീഴിലെ എല്ലാ ആശുപത്രികളിലും ലഭിക്കുക. റീഇംബേഴ്സ്മെന്റ് പരമാവധി നിരുൽസാഹപ്പെടുത്തും. ഓരോ കുടുംബാംഗങ്ങൾക്കും വെവ്വേറെ കാർഡുകൾ നൽകും. പ്രീമിയം തുക എന്നു മുതൽ ഈടാക്കണമെന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും. വർഷം 3 ലക്ഷം രൂപയുടെ കവറേജ് ലഭിക്കുന്ന മെഡിസെപ് പദ്ധതിക്കായി പ്രതിമാസം 500 രൂപയാണ് പ്രീമിയമായി നൽകേണ്ടത്. പദ്ധതി ആരംഭിച്ചാലും പോർട്ടലിൽ വ്യക്തി വിവരങ്ങൾ മാറ്റം വരുത്താൻ അവസരം നൽകും.