ജീനുകളിൽ അക്ഷരത്തെറ്റുകൾ വന്നുചേരാറുണ്ട്. അത് തിരുത്തപ്പെടുന്നില്ലെങ്കിൽ ക്യാൻസറായി മാറും. ഈ തിരിച്ചറിവ് വലിയൊരു വഴിത്തിരിവായിരുന്നു. ക്യാൻസറിനോടുള്ള സമീപനം തന്നെ അതോടെ മാറി. രോഗനിർണയ രീതികളും ചികിത്സകളും മാറി. ജനിതക പഠനങ്ങളും മറ്റും നിത്യേന പുതിയ അറിവുകൾ തരുന്നു. പക്ഷേ, മിക്കവാറും പഠനങ്ങൾ നടക്കുന്നത് വിദേശത്താണ്. ക്യാൻസർ ഗവേഷണത്തിൽ നമ്മൾ വളരെ പിറകിലാണ്. അതിനൊരു മാറ്റംവരുത്തുകയാണ് തലശ്ശേരി മലബാർ ക്യാൻസർ സെന്റർ. ഇവിടെ ആരംഭിച്ച സംസ്ഥാനത്തെ ആദ്യത്തെ ക്യാൻസർ ജനറ്റിക്സ് ലാബിൽ ശ്രദ്ധേയ പഠനങ്ങൾ നടക്കുന്നു. ഒപ്പം, ഭാവനാപരമായ ഉൾക്കാഴ്ചയോടെ കേരളത്തിലെ ആദ്യ ക്യാൻസർ ബയോബാങ്കും ആരംഭിച്ചു. ക്യാൻസറിന്റെ കാര്യത്തിൽ ലോകത്തെമ്പാടും നടക്കുന്ന മാറ്റങ്ങൾക്കൊപ്പം മുന്നേറാൻ തയ്യാറെടുക്കുകയാണ് മലബാർ കാൻസർ സെന്റർ.
രാജ്യത്തെ പ്രധാന കാൻസർ ചികിത്സാകേന്ദ്രമാകും
എം.സി.സി. എന്ന മൂന്നക്ഷരം രാജ്യത്തിനകത്തും പുറത്തും പ്രശസ്തമാകുന്ന കാലം അകലെയല്ല. അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ പലതും ഇവിടെയുണ്ട്. രാജ്യത്തെതന്നെ മുൻനിര ക്യാൻസർ ചികിത്സാകേന്ദ്രങ്ങളിൽ ലഭിക്കുന്ന സജ്ജീകരണങ്ങളാണ് പലതും. വികസനത്തിന്റെ ഭാഗമായി 14നില കെട്ടിടസമുച്ചയം രണ്ടുവർഷത്തിനകം പൂർത്തിയാകുന്നതോടെ 750 രോഗികളെ കിടത്തിച്ചികിത്സിക്കാനാകും. അതിനപ്പുറം ഒരു പഠനഗവേഷണ സ്ഥാപനവുമാണ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസ് ആൻഡ് റിസർച്ച് എന്ന നിലയിൽ. നിലവിൽ 16 ഡിപ്പാർട്ടുമെന്റുകൾ പ്രവർത്തിക്കുന്നു.
പണ്ട് ആർ.സി.സി., ഇന്ന് എം.സി.സി.
ക്യാൻസർ ചികിത്സയ്ക്ക് ആർ.സി.സി.യെ മാത്രം ആശ്രയിച്ചിരുന്ന കാലമുണ്ട്. അത് മാറി. മലബാറിലെ രോഗികൾക്ക് ഏറെ ആശ്വാസം പകരുന്ന കേന്ദ്രമാണ് ഇന്ന് എം.സി.സി.
ഇപ്പോൾ 204 കിടക്കകളുണ്ട്. ഇവിടെ ചികിത്സയ്ക്കെത്തുന്ന രോഗികളുടെ എണ്ണം കൂടി. 2010-ൽ 3664 പുതിയ രോഗികളാണ് രജിസ്റ്റർ ചെയ്തത്. തുടർച്ചികിത്സയ്ക്കും മറ്റുമായി 34,551 സന്ദർശനങ്ങളുണ്ടായി. 2021-ൽ 8196 പുതിയ രോഗികളാണ് ചികിത്സ തേടിയത്. 21-ൽ തുടർച്ചികിത്സയ്ക്കും മറ്റുമായി സെന്ററിലേക്ക് 71,615 സന്ദർശനങ്ങളുണ്ടായി. 2010-ൽ 617 ശസ്ത്രക്രിയകളാണ് ചെയ്തിരുന്നത്. 2021-ൽ അത് 2516-ൽ എത്തി.
2010-ൽ 4922 കീമോതെറാപ്പികൾ ചെയ്തപ്പോൾ 2021-ൽ അത് 21,424 എന്ന നിലയിലെത്തി. 2010-ൽ 336 റേഡിയേഷനുകളാണ് ചെയ്തത്. 21-ൽ 1367 റേഡിയോതെറാപ്പികൾ ചെയ്തു.
എം.സി.സി.യിൽ കൂടുതൽ കണ്ടെത്തുന്ന ക്യാൻസറുകൾ (ശതമാനത്തിൽ)
പുരുഷൻമാർ- കണ്ണൂർ ജില്ല: ശ്വാസകോശം(22.5), ആമാശയം(7.6), നോൺ ഹോജ്കിൻസ് ലിംഫോമ(5.6), പ്രോസ്റ്റേറ്റ് (5), മലാശയം (4.7)
കാസർകോട് ജില്ല: ശ്വാസകോശം (19.6), വായ (10.4), ആമാശയം (7.5), നാവ് (6.2)
സ്ത്രീകൾ- കണ്ണൂർ ജില്ല: സ്തനം (28.8), അണ്ഡാശയം (6.4), ഗർഭാശയ ഗളം (6.2), തൈറോയ്ഡ് (4.9), ശ്വാസകോശം (4.6)
കാസർകോട് ജില്ല: സ്തനം (29.4), ഗർഭാശയ ഗളം (9.9), അണ്ഡാശയം (9.7), വായ(5), ശ്വാസകോശം(4.9)
ട്യൂമർ ബോർഡ്
എം.സി.സി.യിലെത്തുന്ന ഓരോ രോഗിയുടെയും ചികിത്സ തീരുമാനിക്കുന്നത് വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ്. അതിനായി മൾട്ടി സ്പെഷ്യാലിറ്റി ട്യൂമർ ബോർഡ് ഉണ്ട്. എല്ലാ സ്പെഷ്യാലിറ്റിയിലുമുള്ള ഡോക്ടർമാരുടെ ചർച്ചകൾക്കും വിലയിരുത്തലുകൾക്കും ശേഷമാണ് ചികിത്സ നിശ്ചയിക്കുക. ദേശീയ ക്യാൻസർ ഗ്രിഡിലും എം.സി.സി. ഉണ്ട്.
അമേരിക്കയിൽ ക്യാൻസർ ഗവേഷണം മുന്നേറിയതിന് ഏറ്റവും സഹായമായത് ബയോബാങ്കാണ്. കാൻസർ കോശങ്ങൾ സൂക്ഷിക്കാനുള്ള ബയോബാങ്ക് ഇല്ലെന്നത് ഇന്ത്യയിൽ വലിയ പോരായ്മയുമാണ്. ഇത് പരിഹരിക്കാനാണ് എം.സി.സി. സംസ്ഥാനത്തെ ആദ്യ ക്യാൻസർ ബയോബാങ്ക് ആരംഭിച്ചത്. ഭാവിപഠനങ്ങൾക്ക് ഇത് വലിയ മുതൽക്കൂട്ടാകുമെന്നുറപ്പ്.