കൊട്ടിയൂര്‍ : കോവിഡ് കാലത്ത് പുസ്തക വില്‍പ്പനയിലൂടെ ജീവിതം കരുപ്പിടിപ്പിച്ചയാളാണ്‌കൊട്ടിയൂര്‍ സ്വദേശിനി ലിജിന. എല്ലാറ്റിലുമുപരി സ്വന്തം അഭിരുചികള്‍ക്കു പുറകേ മാത്രമേ സഞ്ചരിക്കൂ എന്ന നിലപാടുകൊണ്ട് വ്യത്യസ്തയായവള്‍.
ജീവിതം എന്നത് അതിജീവനത്തിന്റെതു കൂടിയാണെന്ന് ലോകജനതയെ പഠിപ്പിച്ച കോവിഡ് കാലത്താണ് സാമ്പത്തിക സ്വാതന്ത്യം എന്നത് ഒരനിവാര്യതയാണെന്ന തോന്നല്‍ ലിജിനയെ അലട്ടിത്തുടങ്ങിയത്. ലോക്ഡൗണ്‍ കാരണം പി.എസ്.സി. പരീക്ഷകള്‍ അനന്തമായി നീട്ടി വെക്കപ്പെടുക കൂടി ചെയ്തതോടെ പ്രതീക്ഷകള്‍ അസ്തമിച്ചു തുടങ്ങി. ആ നിരാശയായിരുന്നു സ്വന്തമായൊരു സംരംഭം തുടങ്ങുക എന്ന ആശയത്തിലേക്ക് ലിജിനയെ കൊണ്ടു ചെന്നെത്തിച്ചതും. വിദേശത്ത് തൊഴില്‍ ഉപദേശകനായ സുഹൃത്ത് ശിവകുമാറിനു മുന്നില്‍ ഈ ആശയം അവതരിപ്പിച്ചപ്പോഴാകട്ടെ അദ്ദേഹത്തിനും ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ…സ്വന്തം അഭിരുചി ഏതിലാണെന്ന് തിരിച്ചറിഞ്ഞ ശേഷം മാത്രമേ ഒരു സംരംഭം തുടങ്ങാവൂ.
തയ്യല്‍, പാചകം തുടങ്ങി സ്ത്രീകള്‍ക്കുവേണ്ടി മാത്രമായി പൊതുസമൂഹം കല്‍പ്പിച്ചു നല്‍കിയിട്ടുള്ളതൊന്നും തന്റെ ഇഷ്ട മേഖലയല്ലെന്ന തിരിച്ചറിവില്‍ ഉടക്കി നിന്ന ചിന്തകള്‍ പെട്ടെന്നു തന്നെ പുസ്തകങ്ങളിലേക്ക് കടന്നുകയറി. വിവാദ പുസ്തകങ്ങള്‍ എല്ലായ്‌പോഴും വായിക്കാന്‍ കിട്ടുന്നത് ചര്‍ച്ചകളുടെ ചൂട് കെട്ടടങ്ങിക്കഴിഞ്ഞ ശേഷം മാത്രമാണല്ലോ എന്ന വായനക്കാരുടെ പരാതിയും , തന്റെ നാട്ടില്‍ നിന്നും 60 കി.മീ. സഞ്ചരിച്ചാല്‍ മാത്രമേ പുതിയൊരു പുസ്തകം കിട്ടുകയുള്ളൂ എന്ന യാഥാര്‍ത്ഥ്യവും കൂടി കണക്കിലെടുത്തപ്പോള്‍ പുസ്തകവില്‍പനയെത്തന്നെ വരുമാന മാര്‍ഗ്ഗമാക്കാന്‍ തീരുമാനിക്കുകയായിരുന്നു ലിജിന. പക്ഷേ, കേട്ടവരെല്ലാവരും ആദ്യം തന്നെ ആശങ്കകളാണ് രേഖപ്പെടുത്തിയത്. പക്ഷേ ഭര്‍ത്താവായ ശിവന്‍ കൊട്ടിയൂരിന്റെ പൂര്‍ണ്ണ പിന്തുണ ഒരു വെല്ലുവിളി ഏറ്റെടുക്കാന്‍ തന്നെ ലിജിനയെ പ്രേരിപ്പിച്ചു. എന്തുസഹായവും നല്‍കാന്‍ ഞങ്ങളും തയ്യാര്‍ എന്നു പറഞ്ഞു കൊണ്ട് നല്ല സുഹൃത്തുക്കള്‍ കൂടി ചേര്‍ന്നതോടെ വീട്ടമ്മയെന്ന റോളില്‍ നിന്നും ലിജിന ഒരു സ്വയം സംരംഭകയുടെ വേഷമണിഞ്ഞു. തന്റെ സ്വപ്ന സംരംഭത്തിന് ‘നിധി ബുക്‌സ്’ എന്ന പേരും കുറിച്ചു.
കൊട്ടിയൂര്‍ ദേശത്തുള്ള സാധാരണക്കാരായ വായനക്കാരെ ഉദ്ദേശിച്ചു മാത്രമായിരുന്നു നിധി ബുക്‌സിന്റെ തുടക്കം. അതിന്റെ ആദ്യ പടിയെന്നോണം നാട്ടിലെ നല്ലവരായ സുഹൃത്തുക്കളെ വിവരമറിയിച്ച് പിന്തുണ ആവശ്യപ്പെട്ടു. സന്തോഷത്തോടെ സമ്മതമറിയിച്ചവരെ ചേര്‍ത്തുകൊണ്ട് ആദ്യപടിയായി ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. ഒപ്പം, മുഖ്യധാരാ പ്രസാധകരായ മാതൃഭൂമി, ഡിസി തുടങ്ങിയവയുടെ ബുക്സ്റ്റാള്‍ സന്ദര്‍ശിച്ച് സഹായം അഭ്യര്‍ഥിച്ചു. ഡിസ്‌കൗണ്ടോടു കൂടി പുസ്തകങ്ങള്‍ എത്തിച്ചു കൊടുക്കാമെന്നതടക്കമുള്ള എല്ലാ പിന്തുണയും അവര്‍ വാഗ്ദാനം ചെയ്തു. ലോക്ഡൗണ്‍ എന്നത് പുസ്തകമെത്തിക്കാന്‍ തടസ്സമാവുമെന്നു ഭയന്നെങ്കിലും അവശ്യ സര്‍വീസില്‍ ജോലി ചെയ്യുന്ന നാട്ടുകാരായ സുഹൃത്തുക്കള്‍ സഹായത്തിനെത്തി. ടൗണില്‍ ജോലിക്കു പോവുന്നവരെല്ലാം ലിജിനയ്ക്കും ശിവനുമായി പുസ്തകം കൊണ്ടുവരികയോ, കൊണ്ടുക്കൊടുക്കുകയോ ചെയ്തു കൊണ്ടിരുന്നു. വെറുംകയ്യോടെ യാത്ര ചെയ്യേണ്ടി വന്നപ്പോഴൊക്കെ ലിജിനയ്ക്കു വേണ്ടി കൈയില്‍ പുസ്തകം സൂക്ഷിക്കാന്‍ സുഹൃത്തുക്കള്‍ മറന്നില്ല. അങ്ങനെ വായനക്കാരന് അവരാവശ്യപ്പെട്ടപ്പോഴൊക്കെ വീട്ടുപടിക്കല്‍ പുസ്തകമെത്തി. പ്രധാന ബുക്സ്റ്റാളില്‍ പുസ്തകം കിട്ടാതെ വരുമ്പോള്‍ എവിടെ കിട്ടുമെന്ന അന്വേഷണങ്ങളും, എത്തിക്കുവാനുള്ള ശ്രമങ്ങളുമൊക്കെച്ചേര്‍ന്ന് ലിജിനയും നിധി ബുക്‌സും പതുക്കെ ജീവന്‍ വെച്ചു തുടങ്ങി.
പുസ്തകം വിറ്റിട്ടൊക്കെ ഈ കാലത്ത് എങ്ങനെ ലാഭമുണ്ടാകാനാണ് എന്ന് നിരുത്സാഹപ്പെടുത്താനും ചിലരുണ്ടായെങ്കിലും അതിനെയെല്ലാം അവഗണിച്ചുകൊണ്ട് ലിജിനയും ശിവനും നിധി ബുക്‌സും പതുക്കപ്പതുക്കെ വായനക്കാരുടെ മനസ്സില്‍ ഇടം നേടിത്തുടങ്ങി.
കോവിഡ് ലോക് ഡൗണ്‍ സമയമായതു കൊണ്ടുതന്നെ സോഷ്യല്‍ മീഡിയയായിരുന്നു നിധി ബുക്‌സിന്റെ പ്രചാരണത്തിനുള്ള മുഖ്യ ഉപാധി. ഫെയ്‌സ്ബുക്കിലൂടെ ആളുകള്‍ ഇവരെ അറിഞ്ഞുതുടങ്ങി. 60 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പോലും പുസ്തകം വാങ്ങാന്‍ കഴിയാത്ത പ്രവാസികളെ പരിഗണിച്ചു കൂടേ എന്ന ചോദ്യവുമായി പ്രവാസി സുഹൃത്തുക്കള്‍ ലിജിനയെ സമീപിച്ചു തുടങ്ങിയതോടെയാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പുസ്തകം അയയ്ക്കുക എന്ന ആശയത്തിലേക്ക് കടക്കുന്നത്. കേട്ടറിഞ്ഞ ഗള്‍ഫ് സുഹൃത്തുക്കളെല്ലാം പുസ്തകം ആവശ്യപ്പെട്ടുതുടങ്ങി. പുസ്തകങ്ങള്‍ എത്തിച്ചു കൊടുക്കുന്നതില്‍ പരമാവധി സത്യസന്ധത നിധി ബുക്‌സും പാലിച്ചു. ഇന്ന് നിധിബുക്‌സ് യൂറോപ്യന്‍ രാജ്യങ്ങളിലും പുസ്തകമെത്തിക്കുന്നുണ്ട്.
പുസ്തകത്തിന്റെ ഒരു കോപ്പിക്കു മാത്രമാണ് ആവശ്യക്കാരെങ്കില്‍പ്പോലും അതിനുവേണ്ടി എടുക്കുന്ന യത്‌നമാണ് നിധി ബുക്‌സിനെ നാട്ടുകാര്‍ക്കും പ്രവാസികള്‍ക്കും ഇന്ന് പ്രിയങ്കരരാക്കുന്നത്. പ്രാദേശിക തലത്തില്‍ മാത്രം തുടങ്ങിയ സംരംഭം രാജ്യാതിര്‍ത്തികള്‍ കടന്ന് വളര്‍ന്നുകൊണ്ടിരിക്കുന്നു. സാമ്പത്തികമായി ലാഭമുണ്ടോ എന്നു ചോദിച്ചാല്‍ ലിജിനയ്ക്ക് ഒരുത്തരമേയുള്ളൂ , ‘വലിയതായൊന്നുമില്ല . എന്നാലും സ്വന്തം ആവശ്യങ്ങള്‍ക്കിതു ധാരാളം. നിധിയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ തന്നയാണ് ഏറ്റവും വലിയ സമ്പാദ്യം.’
ഇതിനൊക്കെപ്പുറമേ മുടങ്ങിപ്പോയ വായനകളെ തിരിച്ചുപിടിക്കാന്‍ ലിജിന നിമിത്തമായതിന്റെ സന്തോഷത്തിലാണ് കൊട്ടിയൂരിലെ സാധാരണക്കാരായ വായനക്കാര്‍. വീട്ടിലിരുന്ന് വാട്‌സാപ്പില്‍ മെസേജിട്ടാല്‍ പുസ്തകം കൈയിലെത്തും. അതുതന്നെ അവര്‍ക്ക് സന്തോഷം.
പുസ്തകം എത്തിക്കുന്നതിനൊപ്പം വായനക്കാര്‍ക്കായി പ്രിയ എഴുത്തുകാരുമായി ഓണ്‍ലൈന്‍ സംവാദം കൂടി ഏര്‍പ്പെടുത്തിയതോടെ കച്ചവടം എന്നതിലുപരി നിധി ബുക്‌സ് ഒരു വായനാകുടുംബമായി മാറി. ബെന്യാമിന്‍, വിനോയ് തോമസ്, അജയ് പി. മങ്ങാട്ട്, കെ.ആര്‍. മീര തുടങ്ങിയവര്‍ പങ്കെടുത്ത എഴുത്തുവിചാരണയെന്ന സംവാദപരിപാടിയില്‍ ലോകമെമ്പാടുമുള്ള മലയാളികളുടെ സാന്നിധ്യമുണ്ടായിരുന്നു. ലിജിനയും നിധി ബുക്‌സും ഇന്ന് ലോകത്തിന് ഒരു മറുപടി കൂടിയാവുന്നു; പുസ്തകം കാലഹരണപ്പെട്ടെന്നും വായന മരിച്ചെന്നും വായനക്കാര്‍ അന്യംനിന്നു പോയെന്നും പറയുന്നവര്‍ക്കുള്ള ലളിതമായൊരു മറുപടി.