കണ്ണൂര്‍: ഒരിക്കല്‍ ഉപയോഗിച്ച പാചകയെണ്ണ എന്തുചെയ്യുന്നു. ഏജന്‍സി വഴി ശേഖരിച്ച് ബയോഡീസലിന് (ജൈവ ഡീസല്‍) വേണ്ടിതന്നെയാണോ പുനരുപയോഗിക്കുന്നത്. ഇക്കാര്യം മനസ്സിലാക്കാന്‍ ഭക്ഷ്യസുരക്ഷാവിഭാഗം തട്ടുകടമുതല്‍ ഫ്രൈഡ് ചിക്കന്‍ സ്ഥാപനങ്ങളില്‍വരെ വിവരം ശേഖരിക്കുന്നു. ജില്ലകളില്‍ ഇപ്പോള്‍ നടത്തുന്ന പ്രത്യേക പരിശോധയിലാണ് പഴകിയ എണ്ണ പിന്നീട് എന്തുചെയ്യുന്നു എന്നതടക്കം അന്വേഷിക്കുന്നത്.
ഉപയോഗിച്ച എണ്ണ ഏത് ഏജന്‍സിക്ക് നല്‍കുന്നു, ഏജന്‍സി എത്ര രൂപ നല്‍കും, എത്ര അളവാണ് ശേഖരിക്കുന്നത് എന്നതടക്കമുള്ള വിവരങ്ങളാണെടുക്കുന്നത്. കിലോയ്ക്ക് 40 രൂപമുതല്‍ 60 രൂപവരെ നല്‍കുന്നുണ്ട്. ബയോഡീസലിന് 85 രൂപയാണ് വില. ഹോട്ടല്‍, ഫ്രൈഡ് ചിക്കന്‍ സ്ഥാപനങ്ങളിലാണ് എണ്ണ കൂടുതല്‍ ഉപയോഗിക്കുന്നതും ഉപയോഗിച്ചവ വില്‍ക്കുന്നതും. കുടുംബശ്രീ വഴി തട്ടുകടകളില്‍നിന്ന് ഇവ ശേഖരിച്ച് ഏജന്‍സിക്ക് ഒന്നിച്ച് കൈമാറുനുള്ള സജ്ജീകരണവും നടക്കുന്നുണ്ട്.
ഹോട്ടലുകളിലും മറ്റു സ്ഥാപനങ്ങളിലും ഉപയോഗിച്ച എണ്ണ എന്തുചെയ്യുന്നു എന്നത് പരിശോധിക്കുന്നുണ്ട്. പരിശോധന ഊര്‍ജിതമായി നടക്കുകയാണെന്നും ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ വി.ആര്‍. വിനോദ് പറഞ്ഞു.
ഉപയോഗിച്ച വെജിറ്റബിള്‍ ഓയില്‍ (വെളിച്ചെണ്ണ, സണ്‍ഫ്‌ളവര്‍, പാം ഓയില്‍) ശേഖരിക്കാന്‍ സംസ്ഥാനത്ത് ഏജന്‍സികളുണ്ട്. തട്ടുകടകളില്‍ നിന്നുള്‍പ്പെടെ ഉപയോഗിച്ച എണ്ണ എടുക്കുന്നുണ്ടെന്ന് കണ്ണൂരിലെ എറിഗോ ബയോഡീസല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ കെ. രാഹുല്‍ പറഞ്ഞു. കാസര്‍കോട് അനന്തപുരത്ത് ബയോ ഡീസല്‍ പ്ലാന്റ് ഉണ്ട്.
എണ്ണ എടുക്കുന്നവരില്‍ ചിലര്‍ ഉപയോഗിച്ച എണ്ണയെ വീണ്ടും പുനരുപയോഗത്തിന് തിരിച്ചെത്തിക്കുന്നുണ്ടെന്ന് രാഹുല്‍ പറഞ്ഞു. പാചക എണ്ണയായും വിളക്കെണ്ണയായും ഇവ വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ ജില്ലയില്‍ തട്ടുകടകള്‍, സ്‌നാക്‌സ് ഉണ്ടാക്കുന്ന കടകള്‍, ഹോട്ടലുകള്‍ ഉള്‍പ്പെടെ 19 സ്ഥാപനങ്ങള്‍ പരിശോധിച്ചു. ടി.പി.സി. (ടോട്ടല്‍ പോളാര്‍ കോമ്പൗണ്ട്) മീറ്റര്‍ ഉപയോഗിച്ചാണ് പരിശോധന. ടി.പി.സി. 25-നുമുകളില്‍ വരുമ്പോഴാണ് എണ്ണ ദോഷകരമാകുന്നത്. ജില്ലയില്‍ ആദ്യപരിശോധന നടത്തിയവയില്‍ ടി.പി.സി. 25-നു താഴെയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എണ്ണ വീണ്ടും വീണ്ടും ചൂടാക്കല്ലേ…. രോഗങ്ങൾ പിറകെയെത്തും
ഒരിക്കല്‍ ഉപയോഗിച്ച പാചക എണ്ണ വീണ്ടും വീണ്ടും ചൂടാക്കരുത്. എണ്ണ പുനരുപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ഇത്തരം എണ്ണയിലുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ശീലമാക്കിയാല്‍ പലരോഗങ്ങളും പിടിപെടാം.
എണ്ണ ചൂടായി പുകയുമ്പോള്‍ പലപല രാസമാറ്റങ്ങളും ഉണ്ടാകുന്നുണ്ട്. ചൂടാകുംതോറും കൊഴുപ്പുപോലുള്ളവ വിഘടിക്കപ്പെടും. ഏത് താപനിയിലാണ് എണ്ണ പുകയുന്നത് അതാണ് സ്‌മോക്ക് പോയിന്റ്. ആ ചൂട് കടക്കുന്‌പോഴാണ് അപകടം. പിന്നെ ഗുണം കുറയും. ദോഷം കൂടും. ഭക്ഷണത്തിലെ കൊഴുപ്പ്, മാംസ്യം, അന്നജം എന്നിവയിലെ ഘടകങ്ങളും എണ്ണയുമായി പ്രതിപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നുണ്ട്. വീണ്ടും വീണ്ടും ചൂടാക്കുമ്പോള്‍ ഹാനികരമായ വസ്തുക്കള്‍ കൂടും. ഭക്ഷണത്തിലൂടെ അത് അകത്തെത്തും. പലവിധത്തില്‍ ക്ഷതമുണ്ടാക്കും.
എണ്ണ ഒന്നിലധികം തവണ ഉപയോഗിക്കുമ്പോള്‍ രൂപപ്പെടുന്ന ചില രാസഘടകങ്ങള്‍ രോഗങ്ങള്‍ക്ക് കാരണമായിത്തീരാം.
* കാന്‍സര്‍ സാധ്യത: പോളിസൈക്ലിക്ക് അരോമാറ്റിക് ഹൈഡ്രോകാര്‍ബണുകള്‍ (പി.എ.എച്ച്.), അക്രിലമൈഡ് എന്നിവ കാന്‍സര്‍കാരികളാണ്. മറ്റുപല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിവെക്കും. അക്രിലമൈഡ് നാഡി തകരാറുകള്‍, ക്രോമസോം തകരാറുകള്‍ എന്നിവയുമുണ്ടാക്കും.
* അമിത ബി.പി., ഹൃദ്രോഗം: ഫ്രീ റാഡിക്കലുകള്‍ കൂടുന്നതും കൊഴുപ്പ് അടിയുന്നതും അമിത രക്തസമ്മര്‍ദത്തിനും ഹൃദ്രോഗത്തിനും വഴിവെക്കാം.
* കൊളസ്‌ട്രോള്‍ കൂടാന്‍ കാരണമാവുന്നു.
* അസിഡിറ്റി, നെഞ്ചെരിച്ചില്‍, ദഹനപ്രശ്‌നങ്ങള്‍ എന്നിവയുണ്ടാക്കുന്നു.