പയ്യന്നൂർ : മുറിഞ്ഞു വീണ വൈദ്യുതി കമ്പി ദുരന്തത്തിന് വഴിമാറും മുൻപ് പണിമുടക്കിയ ജീവനക്കാർ സമരപ്പന്തലിൽ നിന്ന് ഓടിയെത്തി പുനഃസ്ഥാപിച്ചു. കണ്ടങ്കാളി ഹെൽത്ത് സെന്ററിന് സമീപത്തായിരുന്നു സംഭവം. ഇന്റർലിങ്കിങ് പോസ്റ്റിൽ നിന്ന് വൈദ്യുതി കമ്പി മുറിഞ്ഞു വീണു. 2 ട്രാൻസ്ഫോമറുകളും 2 ഫീഡറുകളുമായി ബന്ധപ്പെട്ട് നിൽക്കുന്ന കമ്പി ആയതിനാൽ എത്രയും വേഗത്തിൽ പുനഃസ്ഥാപിച്ചില്ലെങ്കിൽ വലിയ ദുരന്തമാകുമെന്ന് മനസ്സിലാക്കിയ പരിസരവാസി പണിമുടക്കിലേർപ്പെട്ട ജീവനക്കാരനായ രാജീവനെ വിളിച്ചറിയിച്ചു.
ഗൗരവം തിരിച്ചറിഞ്ഞ രാജീവൻ ഉടൻ തന്നെ സഹപ്രവർത്തകരായ രാമകൃഷ്ണനെയും ഗണേഷിനെയും വിളിച്ചു പറഞ്ഞു. പെരുമ്പയിലെ സമര കേന്ദ്രത്തിലായിരുന്നു ഈ ജീവനക്കാർ ഉണ്ടായിരുന്നത്. ഉടൻ തന്നെ 2 പേരും ഓഫിസിലെത്തി ആവശ്യമായ സാധനങ്ങളുമായി രാജീവനൊപ്പം കണ്ടങ്കാളിയിലെത്തി 2 ഫീഡറുകളും ബന്ധപ്പെട്ടവരെ കൊണ്ട് ഓഫാക്കിയ ശേഷം മുറിഞ്ഞു വീണ കമ്പി മാറ്റി സ്ഥാപിച്ചു. ഒപ്പം 200ലധികം കുടുംബങ്ങൾക്ക് വൈദ്യുതിയും ലഭിച്ചു.