കൂത്തുപറമ്പ് : നിയോജക മണ്ഡലത്തിൽ വൈദ്യുത വാഹനങ്ങൾക്കുള്ള ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ തുടങ്ങി. ഒരു നിയോജക മണ്ഡലത്തിൽ 5 കേന്ദ്രങ്ങളിലാണ് ചാർജിങ് സ്റ്റേഷനുകൾ അനുവദിക്കുന്നത്. വിസ്തൃതി പരിഗണിച്ച് ആദ്യഘട്ടത്തിൽ മണ്ഡലത്തിൽ 6 സ്റ്റേഷനുകളാണ് സ്ഥാപിക്കുന്നത്. നഗരസഭയിൽ സബ് ട്രഷറിക്ക് സമീപവും പൂക്കോട് ടൗണിലും 2 കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.
ഇതോടൊപ്പം പാനൂർ ബസ് സ്റ്റാൻഡ്, പാറാട്, കല്ലിക്കണ്ടി, പെരിങ്ങത്തൂർ എന്നിവിടങ്ങളിലും സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള പ്രവൃത്തികൾ പൂർത്തിയായി വരികയാണ്. വൈദ്യുതി തൂണിലാണ് കെ.എസ്.ഇ.ബി.യുടെ ചാർജിങ് യൂണിറ്റ് സ്ഥാപിച്ചത്. ഗുണഭോക്താക്കൾക്ക് വൈദ്യുതി സ്വീകരിക്കുന്നതിന് പവർ പ്ലഗ് സംവിധാനവും കൂടെയുണ്ട്.
ചാർജ് ചെയ്യുന്ന സന്ദർഭത്തിൽ ഇതോടൊന്നിച്ചുള്ള ക്യു.ആർ. കോഡ് സ്കാൻ ചെയ്ത് ഫോണിലൂടെ തന്നെ പണമടച്ചാൽ ആവശ്യത്തിനുള്ള വൈദ്യുതി ചാർജ് ചെയ്യാനാണ് സംവിധാനം. ആവശ്യമായ അനുബന്ധ സംവിധാനങ്ങൾ കൂടി ഏർപ്പെടുത്തിയാൽ സംവിധാനം പ്രവർത്തിപ്പിക്കാൻ സാധിക്കുമെന്ന് കെ.എസ്.ഇ.ബി. ഓവർസിയർ മധുസൂദനൻ ആലച്ചേരി പറഞ്ഞു.