സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/ പൊതുമേഖലാ സ്ഥാപനങ്ങളിലെയും വിവിധ ആവശ്യങ്ങള്‍ക്കായി സമര്‍പ്പിക്കേണ്ട അപേക്ഷ ഫോറങ്ങളില്‍ ‘താഴ്മയായി അപേക്ഷിക്കുന്നു’ എന്ന പദം രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ആയത് ഒഴിവാക്കി പകരം ‘അപേക്ഷിക്കുന്നു/അഭ്യര്‍ത്ഥിക്കുന്നു’ എന്ന് ഉപയോഗിക്കുന്നതിനുളള നടപടി സ്വീകരിക്കുന്നതിന് എല്ലാ വകുപ്പുതലവന്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കുന്നു.
അപേക്ഷകളില്‍ ‘താഴ്മയായി അപേക്ഷിക്കുന്നു’ പോലെയുള്ള വിധേയത്വ പദങ്ങള്‍ ഒഴിവാക്കി ഇത്തരത്തിലൊരു സർക്കാർ ഉത്തരവിറങ്ങിയത് കഴിഞ്ഞ ദിവസമാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ബാക്കിപത്രമെന്നോണ്ണം ഇത്തരം പദങ്ങള്‍ ഇപ്പോഴും ഭരണ സംവിധാനങ്ങളില്‍ വിഹരിക്കുകയാണ്. ഇതിനൊരു മാറ്റം വരുത്തുക എന്ന ഉദ്ദേശ്യ ശുദ്ധി കൂടി സർക്കാർ കഴിഞ്ഞ 22-ന് പുറത്തിറക്കിയ ഉത്തരവിനുണ്ട്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും വിവിധ ആവശ്യങ്ങള്‍ക്കായി സമര്‍പ്പിക്കേണ്ട അപേക്ഷ ഫോറങ്ങളില്‍ ‘താഴ്മയായി അപേക്ഷിക്കുന്നു’ എന്ന പദം രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ആയത് ഒഴിവാക്കി പകരം ‘അപേക്ഷിക്കുന്നു/ അഭ്യര്‍ത്ഥിക്കുന്നു’ എന്ന ഉപയോഗിക്കുവാനാണ് സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്.
സാമൂഹിക പ്രവര്‍ത്തകനായ ബോബന്‍ മാട്ടുമന്ത നിരന്തരം നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് പുതിയ സര്‍ക്കുലര്‍. നാല് മാസങ്ങൾക്ക് മുമ്പ് ഔദ്യോഗിക വകുപ്പിനും മുഖ്യമന്ത്രിക്കും നൽകിയ പരാതി ഫലം കാണുകയായിരുന്നു.
” ഭരണഭാഷയിലെ വിധേയത്വ പദങ്ങളെ ഒഴിവാക്കിയുള്ള തീരുമാനം തീര്‍ച്ചയായും സന്തോഷം നല്‍കുന്നതാണ്. എന്നാല്‍ രാജഭരണക്കാലം മുതൽ ജനങ്ങൾ തിരഞ്ഞെടുത്ത സര്‍ക്കാര്‍ ഭരിക്കുന്ന ഈക്കാലമത്രയും മാറ്റത്തിന് വേണ്ടി എന്തുകൊണ്ടാ
ണ് ജനങ്ങൾക്ക് കാത്തിരിക്കേണ്ടി വന്നുവെന്നത് സര്‍ക്കാര്‍ ചെയ്യണം”, ബോബന്‍ മാട്ടുമന്ത പറഞ്ഞു.
ഭരണ സംവിധാനങ്ങളിൽ നിന്ന് വിധേയത്വ പദങ്ങൾ പൂർണമായും കൊഴിഞ്ഞുപോയി എന്നത് മിഥ്യാധാരണയാണ്. വിധേയത്വ പദങ്ങൾ ഒഴിവാക്കിയത് ഭരണ സംവിധാനങ്ങൾക്കുള്ളിൽ മാത്രം വിതരണം ചെയ്യുന്ന ഫോമുകളിലാണ്. ഇനിമുതൽ വകുപ്പുതലത്തിൽ സമർപ്പിക്കുന്ന അപേക്ഷകൾക്ക് അപേക്ഷിക്കുക/അഭ്യർത്ഥിക്കുക എന്ന് കൂട്ടിച്ചേർത്താൽ മതിയെന്നാണ് സർക്കുലർ നിഷ്കർഷിക്കുന്നത്. ഉദാഹരണത്തിന് വിവാഹ ധനസഹായ ഫണ്ടിനുള്ള ഫോമിൽ താഴ്മയായി അപേക്ഷിക്കുകയെന്നുണ്ടായിരുന്നു. ഇതാണ് ഒഴിവാക്കിയത്. അതായത് പുറത്ത് നിന്നൊരു പൗരൻ സമർപ്പിക്കുന്ന അപേക്ഷയിൽ വേണമെങ്കിൽ താഴ്മയായും അപേക്ഷിക്കാമെന്ന് സാരം. എന്നാൽ ഇതിന് മുമ്പ് സർക്കാർ സംവിധാനങ്ങളിൽ വന്ന വലിയ മാറ്റങ്ങൾ പൊതുജനങ്ങൾ പിന്തുടർന്നിട്ടിട്ടുണ്ട്. അപേക്ഷാ ഫോമുകളിൽ നിന്ന് ഫ്രമും, ടൂവും മാറി സ്വീകർത്താവ്, പ്രേഷകന്‍ എന്നായത് ഇതിനുദാഹരണമാണ്.
അവകാശങ്ങൾക്ക് എന്തിന് യാചിക്കണം?
ഇത്തരത്തിലുള്ള വിരോധാഭാസങ്ങൾ മാറ്റിനിർത്തിയാൽ പോലും താഴ്മയായി എന്ന അതിവിധേയത്വ പദം ഒഴിവാക്കിയിട്ട് വിധേയത്വ പദമായ അപേക്ഷിക്കുന്നു എന്ന പദം ഒരു ജനാധിപത്യ രാജ്യത്തെ പൗരന്‍മാര്‍ തുടരേണ്ടി വരുന്നത് വരുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ് . മലയാളം പിന്തുടരുന്ന ശബ്ദതാരാവലി പ്രകാരം അപേക്ഷയ്ക്കും അഭ്യര്‍ത്ഥനയ്ക്കും ഒരേ അര്‍ത്ഥമാണുള്ളത്. ജനാധിപത്യ രാജ്യത്ത് അവകാശങ്ങള്‍ക്ക് വേണ്ടി എന്തുകൊണ്ടാണ് പൗരന്മാർക്ക് അഭ്യർത്ഥിക്കേണ്ടി വരുന്നത്?
വിവരാവകശാവും സേവനവും പൗരന്മാരുടെ അവകാശമായ രാജ്യത്താണ് അവന് അർഹതപ്പെട്ട ലൈഫ് മിഷൻ വിടിനും വേണ്ടിയും, റേഷൻ കാർഡിനും സാമൂഹ്യ സുരക്ഷാ പെൻഷനും അപേക്ഷിക്കേണ്ടി വരുന്നത്. വിധേയത്വ പദങ്ങള്‍ ഒഴിവാക്കാനുള്ള പരാതിയില്‍ അതിവിധേയത്വ പദങ്ങള്‍ മാത്രമാണ് ഒഴിവാക്കിയത്. അപേക്ഷിക്കുന്നു എന്ന പദത്തിന് മുമ്പ് ചേര്‍ക്കുന്ന അതിവിധേയത്വ പദമാണ് താഴ്മയായി. എന്നാൽ പൗര ബോധത്തെ കുറിച്ചുള്ള സര്‍ക്കാരിന്റെ തിരിച്ചറിവാണ് ഇത്തരം മാറ്റങ്ങളുണ്ടാക്കുന്നത്.’
അപേക്ഷാ ഫോമുകൾ എന്ന പദപ്രയോഗം പോലും ഉചിതമല്ലെന്ന് പറയുന്നു അദ്ദേഹം. അപേക്ഷാ ഫോമുകള്‍ക്ക് പകരം അവകാശപത്രികകളാണ് വേണ്ടത്. അവകാശങ്ങള്‍ക്ക് വേണ്ടി പൗരന്മാര്‍ യാചിക്കേണ്ട ഒരു അവസ്ഥയുണ്ടാകരുത്. എല്ലാ പരാതികളും ചിലപ്പോള്‍ സര്‍ക്കാരിന് ഒരടിക്ക് പരിഹരിക്കാന്‍ പറ്റിയെന്ന് വരില്ല. അപ്പോൾ ഭരണ സംവിധാനങ്ങളുടെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടേക്കും. എന്നാല്‍ ഘട്ടം ഘട്ടമായുള്ള മാറ്റങ്ങള്‍ എല്ലാ മേഖലകളിലുമുണ്ടാകും.
ഇപ്പോഴും അപേക്ഷകളില്‍ മേലുദ്യോഗസ്ഥരോടുള്ള ബഹുമാന സൂചകമായി സാര്‍ വിളിയുണ്ട്. ഇതൊരു പുരുഷ സൂചക പദം മാത്രമാണ്. സ്ത്രീകള്‍ മേലുദ്യോഗസ്ഥരായിട്ടുള്ള ഓഫീസുകളിലും ഇതാണ് അവസ്ഥ. അവരും സാറുമാരാണ്. ലിംഗനീതി ഉറപ്പു വരുത്തുന്ന പൊതു പദം രൂപപ്പെടണം. പദവിയുടെ സുഖലോലുപതയിലിരിക്കുന്നവര്‍ക്ക് ഇത്തരം മാറ്റങ്ങളോട് താത്പര്യമില്ലെന്ന് വേണം കരുതാനെന്നും ബോബന്‍ അഭിപ്രായപ്പെട്ടു.
വില്ലേജ് ഓഫീസര്‍ തയ്യാറാക്കുന്ന കത്തുകളിൽ ബഹു.കലക്ടര്‍ എന്നാണ് സൂചിപ്പിക്കുക. കലക്ടറുടെ കത്തുകളിൽ ബഹു ‘ലാന്റ് റവന്യു കമ്മീഷണർ, ബഹു പ്രിൻസിപ്പൽ സെക്രട്ടറി എന്നും കാണാം. എന്നാൽ ബഹുമാനമർഹിക്കുന്നവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് പട്ടികയില്ല എന്ന മറുപടിയാണ് സർക്കാർ നല്കിയത്. എന്നിട്ടും ബഹുമാനപ്പെട്ട എന്ന പദം നിരന്തരം ഉപയോഗിച്ചു വരുകയാണ്. ഈ പ്രവണത ജനങ്ങളിൽ വിധേയത്വ മനോഭാവവും അടിമ ബോധവും സൃഷ്ടിക്കും. വരും വര്‍ഷങ്ങളില്‍ അതിവിധേയത്വ സൂചകമായ പദങ്ങള്‍ പടിയിറങ്ങുമെന്ന പ്രതീക്ഷയും ബോബന്‍ പങ്ക് വെച്ചു.
തുല്യതയ്ക്ക് വിലങ്ങുതടിയാകുന്ന ഇത്തരം നിരവധി വിധേയത്വ പദങ്ങളൊഴിവാക്കാനായി മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിക്കുന്നയാള്‍ കൂടിയാണ് ബോബന്‍ മാട്ടുമന്ത. വിധേയത്വ പദങ്ങള്‍ക്ക് എതിരേ പ്രവർത്തിക്കുന്നതിനോടൊപ്പം തന്നെ പ്രേത വിചാരണ പോലെയുള്ള അനാദര സൂചകമായ പദങ്ങള്‍ക്ക് എതിരേയും ക്യാംപയിനുകൾക്ക് ബോബൻ നേതൃത്വം നൽകിയിട്ടുണ്ട്. മൃത ശരീരത്തെ ആദരവോടെ സമീപിക്കുകയെന്ന കേരളത്തിന്റെയും രാജ്യത്തിന്റെയും സംസ്‌കാരത്തിന് ഇത് എതിരാണെന്നാണും ഭൗതിക ശരീര പരിശോധനയെന്നോ മൃതദേഹ പരിശോധനയെന്നോ സംബോധന ചെയ്യണമെന്നാണ് ബോബന്‍ മാട്ടുമന്തയുടെ പക്ഷം. മലയാളത്തിൽ ബിരുദ പഠനം പൂർത്തിയാക്കിയവർക്ക് പോലും മനസിലാകാത്ത തരത്തിലുളള ഇത്തരം പദപ്രയോഗങ്ങൾ, വിധേയത്വ പദങ്ങൾ എന്നിവയ്ക്ക് എതിരേയുള്ള പോരാട്ടം തുടരുമെന്ന് ബോബൻ കൂട്ടിച്ചേർത്തു.