ഇന്ത്യയില്‍ 24 കോടിയിലേറെ ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളുണ്ട്. വാര്‍ത്തകളറിയാനും പൊതു വിവരങ്ങള്‍ അറിയാനുമെല്ലാം ഇന്ന് പ്രായഭേദമന്യേ ഉപയോഗിക്കുന്ന സാമൂഹിക മാധ്യമമായി ഫെയ്‌സ്ബുക്ക് മാറിയിരിക്കുന്നു. ചിത്രങ്ങളും, വീഡിയോകളും, ലേഖനങ്ങളും അങ്ങനെ പലതും അതില്‍ പങ്കുവെക്കുന്നുണ്ട്. നമ്മുടേതായി സൃഷ്ടിക്കപ്പെട്ട വലിയ അളവിലുള്ള ഡാറ്റ ഫെയ്‌സ്ബുക്കിന്റെ സെര്‍വറില്‍ ശേഖരിക്കപ്പെടുന്നു.
ഒരിക്കല്‍ നമ്മള്‍ മരിച്ചാല്‍ ഈ അക്കൗണ്ട് എങ്ങനെ കൈകാര്യം ചെയ്യും. നമ്മുടെ സ്വകാര്യ വിവരങ്ങള്‍ അതിലുണ്ടാവാം. മരണ ശേഷം നമ്മളെ ബാധിക്കുന്ന പല വിവരങ്ങളും അതിലുണ്ടാവാം.
ഉപഭോക്താക്കള്‍ക്ക് അവരുടെ മരണ ശേഷം അക്കൗണ്ടിന്റെ നിയന്ത്രണം മറ്റൊരാള്‍ക്ക് കൈമാറുന്നതിനുള്ള സൗകര്യം ഫെയ്‌സ്ബുക്ക് ഒരുക്കിയിട്ടുണ്ട്. ഒരു ബാങ്ക് അക്കൗണ്ടില്‍ നോമിനിയെ നിശ്ചയിക്കുന്ന പോലെ.
എങ്ങനെ ഈ സംവിധാനം പ്രയോജനപ്പെടുത്താം?
1. ഡെസ്‌ക്ടോപ്പില്‍ നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്തതിന് ശേഷം ഫെയ്‌സ്ബുക്ക് സെറ്റിങ്‌സ് തുറക്കുക. അതില്‍ ജനറല്‍ പ്രൊഫൈല്‍ സെറ്റിങ്‌സിന് കീഴിലായി മെമ്മോറിയലൈസേഷന്‍ സെറ്റിങ്‌സ് (Memorialisation settings) എന്നൊരു ഓപ്ഷനുണ്ട്.
2. അതിന് നേരെയുള്ള Edit ബട്ടന്‍ ക്ലിക്ക് ചെയ്യുക.
3. ഇവിടെയാണ് നിങ്ങള്‍ നിങ്ങളുടെ മരണ ശേഷം അക്കൗണ്ട് കൈകാര്യം ചെയ്യേണ്ട ആളുടെ പേര് നല്‍കേണ്ടത്. ലെഗസി കോണ്‍ടാക്റ്റ് എന്നാണ് ഇതിനെ വിളിക്കുന്നത്.
ലെഗസി കോണ്‍ടാക്റ്റിന് എന്തെല്ലാം ചെയ്യാനാവും?
- ലെഗസി കോണ്‍ടാക്റ്റിന് നിങ്ങളുടെ പ്രൊഫൈലില്‍ വരുന്ന ട്രിബ്യൂട്ട് പോസ്റ്റുകള്‍ കൈകാര്യം ചെയ്യുന്നതിനും ആ പോസ്റ്റുകളുടെ സ്വകാര്യത തീരുമാനിക്കുന്നതിനും സാധിക്കും.
- പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതിനും ടാഗുകള്‍ ഒഴിവാക്കുന്നതിനും സാധിക്കും.
- അക്കൗണ്ട് നീക്കം ചെയ്യുന്നതിന് അപേക്ഷിക്കാനാവും
- പുതിയ ഫ്രണ്ട് റിക്വസ്റ്റുകളോട് പ്രതികരിക്കാനാവും.
- നിങ്ങളുടെ പ്രൊഫൈല്‍ പിക്ചറും കവര്‍ ഫോട്ടോയും അപ്‌ഡേറ്റ് ചെയ്യാനാവും.
- ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, നിങ്ങളുടെ അക്കൗണ്ടിലെ പോസ്റ്റുകള്‍ കൈകാര്യം ചെയ്യാന്‍ മാത്രമാണ് ലെഗസി കോണ്‍ടാക്റ്റിന് സാധിക്കുക. പുതിയ പോസ്റ്റുകള്‍ ഇടാനോ, നിങ്ങളുടെ മെസേജുകള്‍ വായിക്കാനോ സാധിക്കില്ല.
4. മെമ്മൊറിയലൈസേഷന്‍ സെറ്റിങ്‌സ് എഡിറ്റ് ബട്ടന്‍ ക്ലിക്ക് ചെയ്താല്‍ താഴെ അക്കൗണ്ട് ചേര്‍ക്കുന്നതിനുള്ള ടൈപ്പ് ബോക്‌സ് കാണാം.
5. അതില്‍ നിങ്ങളുടെ ലെഗസി കോണ്‍ടാക്റ്റിന്റെ പേര് ടൈപ്പ് ചെയ്യുക. Add ബട്ടന്‍ ക്ലിക്ക് ചെയ്യുക.
നിങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നിങ്ങളുടെ അക്കൗണ്ട് കൈകാര്യം ചെയ്യാന്‍ സൂഹൃത്തിനെ എല്‍പ്പിച്ച വിവരം അയാളെ അറിയിക്കേണ്ടതുണ്ട്.
6. Add ബട്ടന്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഒരു മെസേജ് ബോക്‌സ് തുറന്നുവരും. അതില്‍ ഫെയ്‌സ്ബുക്ക് തയ്യാറാക്കിയ ഒരു സന്ദേശം കാണാം.
7. നിങ്ങള്‍ക്ക് വ്യക്തിപരമായി മറ്റൊരു സന്ദേശം ടൈപ്പ് ചെയ്യണമെങ്കില്‍ അങ്ങനെ ചെയ്യാം. മരണ ശേഷം അക്കൗണ്ട് ഏത് രീതിയിലാണ് കൈകാര്യം ചെയ്യേണ്ടത് എന്ന നിര്‍ദേശം ഇവിടെ നല്‍കാം. അക്കൗണ്ട് നീക്കം ചെയ്യാനും തുടര്‍ന്ന് അക്കൗണ്ട് കൈകാര്യം ചെയ്യാനുമെല്ലാം ആവശ്യപ്പെടാം.
8. Send ബട്ടന്‍ ക്ലിക്ക് ചെയ്താല്‍ ലെഗസി കോണ്ടാക്റ്റ് ചേര്‍ക്കപ്പെടും.
9. ഇങ്ങനെ ചേര്‍ക്കുന്ന ലെഗസി കോണ്‍ടാക്റ്റ് നീക്കം ചെയ്യാനും പകരം മറ്റൊരാളെ ചേര്‍ക്കാനും സാധിക്കും.
10. ഇത് കൂടാതെ നിങ്ങളുടെ അക്കൗണ്ട് നീക്കം ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ പ്രൊഫൈല്‍ ഡാറ്റ ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള അവകാശവും ലെഗസി കോണ്‍ടാക്റ്റിന് നല്‍കാം. അതിനായി ഡാറ്റ ആര്‍ക്കൈവ് പെര്‍മിഷന്‍ ഒന്നൊരു ഓപ്ഷന്‍ ഇതേ പേജിലുണ്ടാവും. അതില്‍ ടിക്ക് ചെയ്യുക.
11. ശേഷം താഴെ കാണുന്ന Close ബട്ടന്‍ ക്ലിക്ക് ചെയ്യാം.