കണ്ണൂർ : സംസ്ഥാനത്ത് വികസന പ്രവർത്തനങ്ങൾക്ക് ഭൂമി വിട്ടുനൽകിയവർ എല്ലാം സന്തുഷ്ടരാണെന്നും ഭൂമി ഏറ്റെടുക്കുമ്പോൾ അർഹമായ നഷ്ടപരിഹാരം ലഭിക്കില്ല എന്നാരും കരുതരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിട്ടുമെന്ന് കരുതിയതിലും കൂടുതൽ തുക ലഭിക്കും. ധർമ്മടം ചിറക്കുനിയിൽ നിന്ന് ആരംഭിച്ച് അണ്ടലൂർ -പാറപ്രം -മൂന്നുപെരിയ- ചക്കരക്കൽ -കാഞ്ഞിരോട് -മുണ്ടേരിമൊട്ട ചെക്കിക്കുളം -കരിങ്കൽകുഴി വഴി പറശ്ശിനിക്കടവിൽ അവസാനിക്കുന്ന റോഡ് നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു മുഖ്യമന്ത്രി.
മുൻപ് ഇത്തരത്തിൽ നഷ്ടപരിഹാരം ലഭിച്ചവർ ദൃശ്യമാധ്യമങ്ങളിൽ പങ്കുവെക്കുന്ന സന്തോഷം ഇതിന് തെളിവാണ്. വീട്, കടകൾ എന്നിവ നഷ്ടപ്പെട്ടവർക്ക് പുനരധിവാസ പാക്കേജിൽ കുടുതൽ നേട്ടം ലഭിക്കും. നഷ്ടപരിഹാരത്തിന് പുറമേ വീട് വെക്കാൻ നാലു ലക്ഷം രൂപ അല്ലെങ്കിൽ ലൈഫ് പദ്ധതി വഴി പുതിയ വീട് അല്ലെങ്കിൽ പുനർഗേഹം പദ്ധതി വഴി സ്ഥലം വാങ്ങാൻ ആറു ലക്ഷം രൂപയും വീട് വെക്കാൻ നാല് ലക്ഷം രൂപയും അനുവദിക്കും. കെ-റെയിൽ ഭൂമി ഏറ്റെടുക്കലും ഈ രീതിയിലാണ് നടപ്പാക്കുക.
പ്രകൃതിക്ഷോഭങ്ങൾ നേരിടേണ്ടി വരുമ്പോൾ അതിനെ പ്രതിരോധിക്കാൻ സാധിക്കുന്ന രീതിയിലുള്ള റോഡ് നിർമ്മാണമാണ് ഇപ്പോൾ നടക്കുന്നത്. ദേശീയ പാത വികസനം കേരളത്തിൽ നടപ്പാവില്ലെന്ന് ജനങ്ങൾ കരുതിയ കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് കേരളത്തിൽ ആരും അങ്ങനെ കരുതുന്നില്ല. കേരളത്തിലുടനീളം റോഡ് വികസനം നല്ല രീതിയിൽ മുന്നറിയിട്ടുണ്ട്.
തലപ്പാടി മുതൽ ഇങ്ങോട്ട് യാത്ര ചെയ്യുമ്പോൾ വലിയ തോതിൽ വീതി കൂട്ടി റോഡ് നിർമ്മാണം പുരോഗമിക്കുന്നത് കാണാം. നാല് വരിയായി നിർമ്മിക്കാനുദ്ദേശിച്ച റോഡ് ആറു വരിയായി മാറുകയാണ്. നാളെയുടെ ആവശ്യത്തിന് കാലാനുസൃതമായ പുരോഗതിയുണ്ടാവണം. പണ്ട് പഠിക്കുമ്പോൾ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ പഠിച്ചു. ഇന്ന് കുട്ടികൾക്ക് അത് പറ്റില്ല. എല്ലായിടത്തും വൈദ്യുതി എത്തിയതെങ്ങനെയെന്ന് എല്ലാവർക്കുമറിയാം-മുഖ്യമന്ത്രി പറഞ്ഞു.
ധർമ്മടം, കണ്ണൂർ, തളിപ്പറമ്പ് എന്നീ മൂന്ന് മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന റോഡ് സി.ആർ.എഫ് 2016-17 പദ്ധതിയിൽപ്പെടുത്തിയാണ് നവീകരിച്ചത്. 28.50 കി.മീ നീളമുള്ള റോഡിന് 24 കോടി രൂപയാണ് പരിഷ്‌കരണ പ്രവൃത്തിക്കായി അനുവദിച്ചത്. 18 മാസത്തെ കാലാവധിയാണ് പ്രവൃത്തി പൂർത്തിയാക്കാൻ അനുവദിച്ചത്. ദേശീയപാത 17നെ ധർമ്മടം-മേലൂർ റോഡ് വഴി ഇതുമായി ബന്ധിപ്പിക്കുന്നുണ്ട്.
അണ്ടലൂർകാവ്, പാറപ്രം, പറശ്ശിനിക്കടവ് അമ്പലം തുടങ്ങി ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് റോഡ് കടന്നുപോകുന്നത്. തലശ്ശേരി താലൂക്കിനെ കണ്ണൂർ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡ് കൂടിയാണിത്. ചിറക്കുനി മുതൽ മൂന്ന് പെരിയ വരെ 5.50 മീറ്റർ വീതിയിലും, മൂന്ന് പെരിയ മുതൽ പറശ്ശിനിക്കടവ് വരെ ഏഴ് മീറ്റർ വീതിയിലും മെക്കാഡം ടാറിംഗ് നടത്തിയാണ് നവീകരിച്ചത്.
ആവശ്യമായ കൾവർട്ടുകളും ഫൂട്ട്പാത്തോടുകൂടിയ കോൺക്രീറ്റ് ഡ്രെയിനേജ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ടൗണുകളിൽ റോഡിന്റെ അരികുകൾ തകരുന്നത് ഒഴിവാക്കുന്നതിനും റോഡിൻറ ഇരുവശത്തും വെള്ളം കെട്ടിനിന്ന് വൃത്തിഹീനമാകുന്നത് ഒഴിവാക്കുന്നതിനും കോൺക്രീറ്റ് ഉപയോഗിച്ച് ഷോൾഡറിങ് പ്രവൃത്തിയും നടത്തിയിട്ടുണ്ട്.
റോഡ് സുരക്ഷയുടെ ഭാഗമായി തെർമോപ്ലാസ്റ്റിക് ഉപയോഗിച്ചുള്ള റോഡ് വരകൾ, രാത്രിയിൽ തെളിഞ്ഞുകാണുന്ന റോഡ് സ്റ്റഡുകൾ, ക്രാഷ് ബാരിയറുകൾ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ദിശാ ബോർഡുകൾ, ഓരോപ്രധാനപ്പെട്ട സ്ഥലങ്ങളുടെ പേര് ഉൾപ്പെടുത്തിക്കൊണ്ടുള്ള ബോർഡുകൾ, സൈൻബോർഡുകൾ എന്നിവയും സ്ഥാപിച്ചിട്ടുണ്ട് സർക്കാറിന്റെ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പരാതി അറിയിക്കുന്നതിനായി, റോഡ് നിർമ്മിച്ച കരാറുകാരന്റെയും ബന്ധപ്പെട്ട എഞ്ചിനീയർമാരുടെയും ഫോൺ നമ്പറുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ബോർഡുകളും റോഡിന്റെ തുടക്കത്തിലും അവസാനിക്കുന്ന ഭാഗത്തും സ്ഥാപിച്ചിട്ടുണ്ട്.
പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ പ്രമീള, പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവൻ, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി. ഷീബ, ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ദാമോദരൻ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൾ മജീദ്, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, മുൻ എം.പി കെ.കെ രാഗേഷ്, ജില്ലാ പഞ്ചായത്തംഗം കോങ്കി രവീന്ദ്രൻ, പിണറായി പഞ്ചായത്തഗം കെ. പ്രവീണ, ദേശീയ പാത നോർത്ത് സർക്കിൾ സൂപ്രണ്ടിങ്ങ് എൻജിനീയർ ദിലീപ് ലാൽ, ദേശീയ പാത വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനിയർമാരായ കെ. ശശിധരൻ, രാജീവ് പാനുണ്ട, പലേരി മോഹനൻ അജയകുമാർ ജിനോത്ത്, എൻ.പി താഹിർ ഹാജി, വി.കെ ഗിരിജൻ, ടി.കെ കനകരാജ്, കെ.എം ഹരീഷ് , ദേശീയ പാത വിഭാഗം അസി. എൻജിനിയർ ടി. പ്രശാന്ത് എന്നിവർ പങ്കെടുത്തു.