പേരാവൂർ: എൽ.ഡി.എഫിലെ പ്രധാന ഘടകകഷിയായ സി.പി.ഐ പേരാവൂർ താലൂക്കാസ്പത്രിയെ സംരക്ഷിക്കാൻ പൊതുയോഗം നടത്തിയത് വിവാദത്തിലേക്ക്.സി.പി.എം. ഭരിക്കുന്ന പേരാവൂർ ബ്ലോക്ക് പഞ്ചായത്തിനെതിരെയും പേരാവൂർ പഞ്ചായത്തിനെതിരെയും ആരോഗ്യവകുപ്പിനെതിരെയുമാണ് ബ്ലോക്ക് പഞ്ചായത്ത് വൈസ്. പ്രസിഡന്റ്പദവി കൂടി വഹിക്കുന്ന സി.പി.ഐ രംഗത്ത് വന്നത് എന്നതാണ് ശ്രദ്ധേയമായത്.
പേരാവൂർ താലൂക്കാസ്പത്രിയുടെ മാസ്റ്റർ പ്ലാൻ നടപ്പിലാക്കുക, ആസ്പത്രി വികസനം തടയാനുള്ള ഗൂഡനീക്കം തടയുക, തുടക്കം കുറിച്ച വികസന പ്രവർത്തനം പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സി.പി.ഐ പേരാവൂർ മണ്ഡലം കമ്മിറ്റി പ്രത്യക്ഷ സമരം നടത്തിയത്. സി.പി.ഐ പ്രതിനിധിയും പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പ്രീത ദിനേശനെ വേദിയിലിരുത്തിയാണ് സമരം ഉദ്ഘാടനം ചെയ്ത മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ്. പ്രസിഡന്റും സി.പി.ഐ ജില്ലാ എക്‌സികുട്ടീവംഗവുമായ അഡ്വ. വി. ഷാജി പേരാവൂർ ബ്ലോക്കിനും പഞ്ചായത്തിനുമെതിരെ ആഞ്ഞടിച്ചത്.
താലൂക്കാസ്പത്രിയുടെ ഭരണനിർവഹണം പേരാവൂർ ബ്ലോക്ക് പഞ്ചായത്തിനാണ്. ബ്ലോക്ക് ഭരിക്കുന്നത് സി.പി.ഐ അടങ്ങുന്ന എൽ.ഡി.എഫും. എന്നിട്ടും, ഭരണസമിതിയിൽ ആവശ്യപ്പെടേണ്ട കാര്യം പൊതുജനമധ്യെ മൈക്ക് കെട്ടി വിളിച്ചു പറയേണ്ട സാഹചര്യം സി.പി.ഐ.സ്വീകരിച്ചത് എൽ.ഡി.എഫിനുള്ളിൽ പുകയുന്ന ആസ്പത്രിയുമായി ബന്ധപ്പെട്ട വിഷയമാണെന്നതാണ് വസ്തുത.
കിഫ്ബി അനുവദിച്ച 53 കോടിയുടെ ഫണ്ടുപയോഗിച്ചുള്ള ആസ്പത്രി നവീകരണത്തിന്റെ മാസ്റ്റർ പ്ലാൻ രണ്ട് സർക്കാർ ഡോക്ടർമാർ സ്റ്റേ ചെയ്തതിനെതിരെ ബ്ലോക്ക് സെക്രട്ടറിയും പഞ്ചായത്ത് സെക്രട്ടറിയും സ്വീകരിച്ച നിലപാടുകൾ സി.പി.ഐ പൊതുയോഗത്തിൽ ചൂണ്ടിക്കാട്ടി. പഞ്ചായത്ത് മുൻ സെക്രട്ടറി പ്രീത ചെറുവളത്ത് ആസ്പത്രി ഭൂമിയിലെ റോഡ് പൊതുവഴിയാണെന്ന് കാണിച്ച് നല്കിയ ഉത്തരവാണ് മാസ്റ്റർ പ്ലാനിന് സ്റ്റേ ലഭിക്കാൻ കാരണമായത്. എന്നാൽ, പ്രസ്തുത റോഡ് പഞ്ചായത്തിന്റെ ആസ്തിയിലുൾപ്പെടുന്നില്ലെന്ന് കാണിച്ച് നിലവിലെ സെക്രട്ടറി നല്കിയ ഉത്തരവുമുണ്ട്. ഇതിൽ അധികാര ദുർവിനിയോഗവും അഴിമതിയും നടന്നിട്ടുണ്ട്.
മുൻ പഞ്ചായത്ത് സെക്രട്ടറി പ്രീത ചെറുവളത്തിനെതിരെ വകുപ്പുതല അന്വേഷണവും നടപടിയും വേണമെന്നാണ് സി.പി.ഐ ആവശ്യപ്പെട്ടത്. മാത്രവുമല്ല, ആസ്പത്രി വികസനത്തിന് എതിരു നിൽക്കുന്നവർക്കെതിരെയും സി.പി.ഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഫലത്തിൽ, ഡോക്ടർമാരെ സഹായിക്കുകയും ഒപ്പം ആസ്പത്രിയുടെ വികസന മുരടിപ്പിന് കൂട്ടുനിൽക്കുകയും ചെയ്യുന്ന രീതിയിൽ നിലപാട് സ്വീകരിച്ച ചില സി.പി.എം.നേതാക്കൾക്കെതിരെയുള്ള ഒളിയമ്പാണ് സി.പി.ഐ തൊടുത്തിരിക്കുന്നത്.
നിർധന രോഗികളുടെ ഏകാശ്രയമായ പേരാവൂർ താലൂക്കാസ്പത്രിക്ക് വേണ്ടി ശബ്ദിക്കാതെ പ്രതിപക്ഷ രാഷ്ട്രീയകക്ഷികൾ മാറിനിന്ന സാഹചര്യത്തിൽ സംസ്ഥാനം ഭരിക്കുന്ന മുന്നണിയുടെ പ്രധാന ഘടക കക്ഷി നേരിട്ട് സമരമുഖത്തേക്ക് വന്നതിനെ സി.പി.എം അണികൾ പോലും സ്വാഗതം ചെയ്തിട്ടുണ്ട്. പേരാവൂർ താലൂക്കാസ്പത്രിക്ക് വേണ്ടി സമരപരമ്പരകൾക്കാണ് സി.പി.ഐ ലക്ഷ്യമിടുന്നതെന്ന് യോഗത്തിൽ സംസാരിച്ച നേതാക്കൾ പറഞ്ഞ് വെച്ചതും കൂട്ടി വായിക്കേണ്ടതുണ്ട്.
വരും ദിവസങ്ങളിൽ എൽ.ഡി.എഫിനുള്ളിൽ ആസ്പത്രി വിഷയം കൂടുതൽ പുകയുമെന്നാണ് അറിയുന്നത്. ആസ്പത്രിവികസനം തടയപ്പെടുന്നതിനെതിരെയും ചുറ്റുമതിൽ കെട്ടാത്തതിനെതിരെയും ഹൈക്കോടതിയിൽ പേരാവൂർ സ്വദേശി പൊതുതാല്പര്യ ഹർജി നല്കിയിട്ടുണ്ട്. ഇതോടെ അധികാര ദുർവിനിയോഗം കോടതി കയറും.
You must be logged in to post a comment Login