ഇരിട്ടി: വ്യത്യസ്ത വിലയിലും ബ്രാൻഡുകളിലുമായി സിന്തറ്റിക്ക് സാനിറ്ററി നാപ്കിനുകൾ വിപണി കീഴടക്കുമ്പോൾ ഇവയോട് വിട പറയാനുള്ള ഒരുക്കത്തിലാണ് പടിയൂർ-കല്ല്യാട് പഞ്ചായത്ത്. ബദൽ ഉൽപ്പന്നങ്ങളായ ക്ലോത്ത് പാഡ്, മെൻസ്ട്രൽ കപ്പ് എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചാണ് പഞ്ചായത്ത് സിന്തറ്റിക്ക് നാപ്കിൻ മുക്തമാകാൻ ഒരുങ്ങുന്നത്.
തദ്ദേശ സ്ഥാപനങ്ങളുടെ അജൈവ മാലിന്യശേഖരത്തിൽ കൂടിയ തോതിലാണ് ഉപയോഗ ശേഷമുള്ള സാനിറ്ററി പാഡുകൾ എത്തുന്നത്. ഇവ പൂർണമായും ഒഴിവാക്കി മലിനീകരണം തടയാനും ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനുമാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഇതിനായി ഭരണസമിതിയും ജനങ്ങളും വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തു വരികയാണ്.
ബോധവത്കരണമാണ് ആദ്യ ഘട്ട പ്രവർത്തനം. സിന്തറ്റിക് സാനിറ്ററി നാപ്കിനുകളുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കി പരിസ്ഥിതി സൗഹൃദ മാർഗങ്ങളിലേക്ക് നയിക്കും. കുടുംബശ്രീ, ഹരിത കർമ്മസേന, സന്നദ്ധസംഘടനാ പ്രവർത്തകർ, മഹിളാ സംഘടനാ പ്രവർത്തകർ, എന്നിവരുടെ നേതൃത്വത്തിലുള്ള വളണ്ടിയർമാർ വീടുകളിലെത്തിയാണ് ബോധവത്കരിക്കുന്നത്.
പരിസ്ഥിതി സൗഹൃദ ബദൽ ഉൽപ്പന്നങ്ങൾ വീടുകളിലേക്ക്
14-50 വയസ്സിനിടയിലുള്ളവർക്കായി പരിസ്ഥിതി സൗഹൃദ ബദൽ ഉൽപ്പന്നങ്ങൾ വീടുകളിൽ എത്തിക്കുന്നുണ്ട്. 150 വ്യത്യസ്ത മേഖലകളിലെ സ്ത്രീകളെ പങ്കെടുപ്പിച്ച് ഏകദിന പരിശീലന പരിപാടിയും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ചു. പഞ്ചായത്ത് തല റിസോഴ്സ് ഗ്രൂപ്പ് രൂപീകരിക്കുകയും വാർഡ് തലത്തിൽ 11 അംഗ മോണിറ്ററിംഗ് സമിതിയെ നിയമിക്കുകയും ചെയ്തു.
പഞ്ചായത്തിൽ ഓൺലൈൻ സർവ്വേ
നിലവിലെ ഉത്പന്നങ്ങളുടെ ഉപയോഗവും സംസ്കരണവും മനസിലാക്കാൻ പഞ്ചായത്ത് തലത്തിൽ ഓൺലൈൻ സർവേ നടക്കുന്നുണ്ട്. ആർത്തവത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഇല്ലാതാക്കാൻ വായനശാലകൾ, ക്ലബുകൾ, സാംസ്കാരിക കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ബോധവത്കരണ ക്ലാസുകൾ നടത്തും. പ്രചാരണ പ്രവർത്തനങ്ങൾക്കായി നാലു ലക്ഷം രൂപയാണ് പഞ്ചായത്ത് നീക്കി വെച്ചിട്ടുള്ളത്.പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ക്ലോത്ത് പാഡുകൾ വ്യവസായികമായി നിർമ്മിക്കാനുള്ള പദ്ധതിയും പഞ്ചായത്ത് ആവിഷ്കരിച്ചിട്ടുണ്ട്. പടിയൂർ കല്ല്യാട് വനിത ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ക്ലോത്ത് പാഡുകൾ നിർമ്മിക്കാനാണ് ആലോചന.
You must be logged in to post a comment Login