പേരാവൂർ: വിമാനത്താവളത്തിലേക്കുള്ള കണക്ടിവിറ്റി റോഡുകളിലൊന്നായ നിർദ്ദിഷ്ട അമ്പായത്തോട്-കണ്ണൂർ വിമാനത്താവളം നാലുവരിപ്പാതയുടെ അലൈന്മെന്റ് ജനപ്രതിനിധികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു. പാത പേരാവൂർ മണ്ഡലത്തിലൂടെ കടന്നു പോകുന്ന അമ്പായത്തോട് മുതൽ തോലമ്പ്ര വരെയുള്ള റോഡിന്റെ ഡീറ്റൈൽഡ് സർവേ മാപ്പാണ് പേരാവൂർ ബ്ലോക്ക് ഹാളിൽ കേരള റോഡ് ഫണ്ട് ബോർഡ് ജില്ലാ ഡിവിഷൻ അധികൃതർ പ്രദർശിപ്പിച്ചത്.
കൊട്ടിയൂർ പഞ്ചായത്തിലെ അമ്പായത്തോട് നിന്ന് കേളകം വില്ലേജ് ഓഫീസ് വരെ നിലവിലെ റോഡ് വീതി കൂട്ടിയാണ് പാത നിർമിക്കുക.ഇതിനിടയിൽ വരുന്ന നീണ്ടുനോക്കി, ചുങ്കക്കുന്ന് ടൗണുകളിൽ കൂടുതൽ വ്യാപാര സ്ഥാപനങ്ങൾ പൊളിക്കാതിരിക്കാൻ റോഡിന്റെ ഏതെങ്കിലുമൊരു വശം മാത്രം വീതി കൂട്ടി പാത നിർമിക്കണമെന്ന് ജനപ്രതിനിധികൾ നിർദേശിച്ചു. ഇത് നടപ്പിൽ വരുത്താനാണ് സാധ്യത.
കേളകം വില്ലേജ് ഓഫീസിന് 60 മീറ്റർ മുന്നിൽ നിന്ന് വലത് ഭാഗത്തേക്ക് മാറി നിർമിക്കുന്ന ബൈപ്പാസ് റോഡ് മഞ്ഞളാംപുറം സ്‌കൂളിന് സമീപത്തെത്തി നിലവിലെ റോഡിൽ സംഗമിക്കും. അടക്കാത്തോട് റോഡ് ക്രോസ് ചെയ്ത് ഹൈസ്‌കൂൾ റോഡിലെ ബി.എസ്.എൻ.എൽ ഓഫീസ് കോമ്പൗണ്ടിന് 40 മീറ്റർ വലത് വശത്തേക്ക് മാറിയാണ് മഞ്ഞളാംപുറം സ്‌കൂളിനു സമീപമെത്തുക. കേളകം ടൗണിൽ നിന്ന് ഹൈസ്‌കൂൾ, അടക്കാത്തോട്, വെള്ളൂന്നി (2), ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലേക്കുള്ള അഞ്ചോളം സർവീസ് റോഡുകൾ അതേപടി നിലനിർത്തേണ്ടതിനാലാണ് കേളകത്ത് ബൈപ്പാസ് നിർമിക്കുന്നത്. കേളകം ടൗൺ വഴി നാലുവരിപ്പാത നിർമിക്കുമ്പോൾ ടൗണിലെ റോഡ് നാല് മീറ്ററോളം താഴ്‌ത്തേണ്ടി വരും.ഇത് സർവീസ് റോഡുകൾക്ക് ദുരിതമാവുമെന്നതിനാലാണ് ടൗൺ ഒഴിവാക്കി ബൈപ്പാസ് നിർമിക്കുന്നത്.
മഞ്ഞളാംപുറത്ത് നിന്ന് നിലവിലെ റോഡ് വീതി കൂട്ടി കണിച്ചാർ രണ്ടാം പാലത്തിനടുത്തെത്തും. ഇതിനിടയിലുള്ള വളവുകൾ നിവർത്തിയാണ് പാത വരിക. രണ്ടാം പാലത്തിനടുത്ത കൊടും വളവ് നിവർത്തി പുതിയ പാലം നിർമിച്ചാണ് കണിച്ചാർ ടൗണിലേക്ക് പാതയെത്തുക. ടൗണിൽ ഇടത് ഭാഗം വീതികൂട്ടി കടന്നു പോകുന്ന പാത മണത്തണ ടൗൺ വരെ നിലവിലെ റോഡ് വീതി കൂട്ടിയാണ് നിർമിക്കുക. മണത്തണ ടൗണിലേക്കെത്തുമ്പോൾ റോഡിന്റെ ഇടത് ഭാഗത്ത് വീതി കൂട്ടിയാണ് ടൗൺ ക്രോസ് ചെയ്ത് തൊണ്ടിയിൽ-പേരാവൂർ കവലയിലെത്തുക. ഇവിടെ നിന്ന് നിലവിലെ റോഡ് ഒരു മീറ്റർ ഉയർത്തി കൊട്ടംചുരത്തെത്തും.
കൊട്ടംചുരം ബസ് സ്റ്റോപ്പ് കഴിഞ്ഞയുടനെയുള്ള ആദ്യ വളവിൽ നിന്ന് പുതിയ അപ്രോച്ച് റോഡ് നിർമിച്ച് കാഞ്ഞിരപ്പുഴക്ക് കുറുകെ നിർമിക്കുന്ന പുതിയ പാലം വഴി പുതുശ്ശേരി റോഡിൽ അബു ഖാലിദ് മസ്ജിദിനു മുൻവശം എത്തും. അവിടെ നിന്ന് റോഡ് ക്രോസ് ചെയ്ത് വയൽ വഴി പേരാവൂർ -ഇരിട്ടി റോഡിലെ കെ.കെ.പെട്രോൾ പമ്പിന് സമീപമെത്തും. ഇവിടെ നിന്ന് ഇരിട്ടി റോഡ് ക്രോസ് ചെയ്ത് തെരു ഗണപതി ക്ഷേത്രത്തിനു സമീപം മാലൂർ റോഡിലെത്തും. ക്ഷേത്രം ഒഴിവാക്കി ഇടതു ഭാഗം ചേർന്ന് നിലവിലെ റോഡ് വീതി കൂട്ടി കടന്നു പോകുന്ന പാത വെള്ളർവള്ളി വായനശാലക്ക് സമീപത്ത് നിന്ന് ബൈപ്പാസ് വഴി തോലമ്പ്ര ചട്ടിക്കരിയിലെത്തും. ഇവിടെ വരെയാണ് പേരാവൂർ മണ്ഡലത്തിലെ റോഡ്. നാലുവരിപ്പാതയിൽ റോഡുകൾ ക്രോസ് ചെയ്യുന്നിടത്ത് സർക്കിളുകൾ സ്ഥാപിക്കും. അമ്പായത്തോട് നിന്ന് മാനന്തവാടി വരെ ബോയ്‌സ്ടൗൺ വഴി രണ്ടു വരിപ്പാതയാണ് വിമാനത്താവള റോഡിനുണ്ടാവുക.
അമ്പായത്തോട് മുതൽ തോലമ്പ്ര വരെ നിലവിൽ 27 കിലോമീറ്റർ ദൈർഘ്യമാണ് റോഡിനുള്ളത്. എന്നാൽ മൂന്ന് ബൈപ്പാസുകൾ നിർമിച്ച് നാലുവരിപ്പാതയാകുന്നതോടെ 1.3 കിലോമീറ്റർ മാത്രം കുറഞ്ഞ് പാത 25.7 കിലോമീറ്ററാവും. ടൗണുകൾ ഒഴിവാക്കി ബൈപ്പാസുകൾ നിർമിക്കുന്നത് മൂലം ദൂരം കുറയില്ലെങ്കിലും പാതയിലെ ട്രാഫിക്ക് ഗണ്യമായി കുറക്കാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.
സണ്ണി ജോസഫ് എം.എൽ.എ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജൂബിലി ചാക്കോ, വി. ഗീത, ബ്ലോക്ക്-ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾ എന്നിവർ ഡീറ്റൈൽഡ് സർവേ മാപ്പ് പ്രദർശനം കാണാനെത്തി. കേരള റോഡ് ഫണ്ട് ബോർഡ് ജില്ലാ ഡിവിഷൻ അസിസ്റ്റന്റ് എക്‌സികുട്ടീവ് എഞ്ചിനീയർ പി. സജിത്ത്, അസിസ്റ്റന്റ് എഞ്ചിനീയർ ടി.കെ. റോജി, പ്രൊജക്ട് എഞ്ചിനീയർ എസ്.ആർ. ശ്രീക്കുട്ടൻ, സൈറ്റ് സൂപ്പർവൈസർ കെ. ദിജേഷ്, ഡി.പി.ആർ തയ്യറാക്കുന്ന ഐഡെക് കൺസൾട്ടെൻസി പ്രൊജക്ട് ഹെഡ് അരവിന്ദ് ശേഖർ, കോ-ഓർഡിനേറ്റർ ബെന്നി ഐസക്ക് മൂശാപ്പള്ളി എന്നിവരാണ് സർവേ മാപ്പ് പ്രദർശിപ്പിക്കാനെത്തിയത്.
You must be logged in to post a comment Login