തിരുവനന്തപുരം : പൊലീസിന്റെ കാക്കികുപ്പായമണിഞ്ഞാൽ നിയമം ബാധകമല്ലെന്ന തോന്നലിൽ പ്രവർത്തിക്കുന്ന ചില പൊലീസുകാരെങ്കിലുമുണ്ട്. സുത്യർഹമായി പ്രവർത്തിക്കുന്ന പൊലീസ് സേനയ്ക്ക് മോശം പ്രതിച്ഛായയാണ് ഈ ഒറ്റതിരിഞ്ഞ ‘പൊലീസ് ഏമാൻ’മാർ നൽകുന്നതും. ഇത്തരത്തിൽ അകാരണമായി പൊലീസ് ക്രൂരമായി മർദ്ദിച്ച ഭർത്താവിനു വേണ്ടി ഹൈക്കോടതിവരെയെത്തി നീതി ഉറപ്പാക്കിയിരിക്കുകയാണ് കൊല്ലം എഴുകോൺ സ്വദേശി ഓമനയുടെ നിശ്ചയദാർഢ്യം.
കാൽ നൂറ്റാണ്ടു കടന്ന ആ നിയമപോരാട്ടത്തിനൊടുവിൽ കുറ്റക്കാരായ ക്രൈംബ്രാഞ്ച് എസ്പിയും മൂന്നു പൊലീസ് ഉദ്യോഗസ്ഥരുമാണ് ജയിലിലായത്. ഭർത്താവ് അയ്യപ്പന് നീതിലഭിക്കാൻ 26 വർഷം നീണ്ട പോരാട്ടത്തിനിടെ കേസിനായി ഓമനയ്ക്കും കുടുംബത്തിനും നഷ്ടപ്പെട്ടത് ആകെയുണ്ടായിരുന്ന 5 സെന്റും വീടും സ്വർണാഭരണങ്ങളും. നിയമപോരാട്ടത്തിൽ പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് അവഗണനയും ഭീഷണിയും നേരിടേണ്ടി വന്നെങ്കിലും അവസാനം നീതിയുടെ വെളിച്ചം കണ്ട സന്തോഷത്തിലാണ് ഓമനയും ഭർത്താവ് അയ്യപ്പനും.
∙ 230 രൂപ തർക്കത്തിൽ തുടക്കം
സാധാരണക്കാരിയായ ഒരു വീട്ടമ്മ. ഇങ്ങനെ ജീവിച്ച ഓമനയെയും ഭർത്താവിനെയും നിയമപോരാട്ടത്തിലേക്ക് വലിച്ചിട്ടത് കേരള പൊലീസിലെ ഒരു കൂട്ടം ഉദ്യോഗസ്ഥരാണ്. വർഷം 1996 ഫെബ്രുവരി 8. തെന്മലയിലെ ഡിപ്പോയിൽ ജോലിക്കാരനായിരുന്ന അയ്യപ്പനും ഭാര്യ ഓമനയും വിവാഹശേഷമാണ് എഴുകോണിൽ താമസമാക്കിയത്. കൂലിപ്പണിക്കാരനായിരുന്നു അയ്യപ്പൻ. കേസിൽ ശിക്ഷിക്കപ്പെട്ട പൊലീസുകാരനായ മണിരാജിന്റെ ബന്ധു വീരസേനന്റെ വീട്ടിൽ ജോലിക്കുപോയതാണ് സംഭവങ്ങളുടെ തുടക്കം. 530 രൂപയാണ് കൂലി പറഞ്ഞതെങ്കിലും വീട്ടുകാർ കൊടുത്തത് 300. ബാക്കി പിന്നീട് തരാമെന്ന് പറഞ്ഞെങ്കിലും വീട്ടുകാർ തുക നൽകിയില്ല. ഇതിന്റെ പേരിൽ ഇരുകൂട്ടരും തമ്മിൽ ചെറിയ വാക്കേറ്റം ഉണ്ടായി.
ഫെബ്രുവരി എട്ടിന് വൈകിട്ടോടെ അയ്യപ്പന്റെ വീട്ടിൽ പൊലീസുകാരെത്തി. അയ്യപ്പനെക്കുറിച്ച് ഒരു പരാതി കിട്ടിയിട്ടുണ്ടെന്നും വിവരം അറിയാൻ വന്നതാണെന്നുമാണ് ഭാര്യയോട് പറഞ്ഞത്. അയ്യപ്പൻ പണി കഴിഞ്ഞു വീട്ടിലേക്ക് വന്നതോടെ വലിച്ചിഴച്ച് ജീപ്പിനടുത്തേക്കു കൊണ്ടുപോയി. ജീപ്പിനുള്ളിൽ വച്ച് മർദ്ദിച്ചപ്പോൾ ഭർത്താവ് അലറിവിളിച്ചതായി നാട്ടുകാർ പറഞ്ഞ് ഓമന പിന്നീട് അറിഞ്ഞു. വീട്ടിലായിരുന്ന ഓമന വസ്ത്രം മാറിയശേഷം ജീപ്പിനു പിന്നാലെ സ്റ്റേഷനിലേക്ക് പോയി. ഭർത്താവിനെ ഡെസ്കിൽ കെട്ടിയിട്ട് മർദ്ദിക്കുന്നതാണ് ജനലിലൂടെ കണ്ട കാഴ്ച. മർദ്ദിക്കരുതെന്ന് അപേക്ഷിച്ചിട്ടും പൊലീസുകാർ ക്രൂരമായ മർദനം തുടർന്നു. ഇതിനിടയിൽ അയ്യപ്പൻ വെള്ളം ചോദിച്ചപ്പോൾ കോൺസ്റ്റബിൾ മണിരാജ് മൂത്രമൊഴിച്ചു നൽകി. രാത്രിയായതോടെ മക്കൾ ഒറ്റയ്ക്കായതിനാൽ ഓമന വീട്ടിലേക്ക് മടങ്ങി.
∙ കേസ് തീർപ്പാക്കാൻ ചോദിച്ചത് 5000 രൂപ!
ബന്ധുക്കളില്ലാത്ത ഓമന പിറ്റേന്ന് കാലത്ത് ഒരു പ്രാദേശിക നേതാവിന്റെ സഹായം തേടി. 5000 രൂപയാണ് കേസ് തീർപ്പാക്കാൻ അയാൾ ചോദിച്ചത്. സ്വർണം പണയം വച്ച് ആ തുക നൽകി. വൈകിട്ട് 4 മണിക്കാണ് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അയ്യപ്പനെ ഹാജരാക്കിയത്. ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനാൽ ജാമ്യം അനുവദിക്കരുതെന്നായിരുന്നു പൊലീസ് നിലപാട്. എന്നാൽ, ക്രൂരമായ മർദ്ദനമേറ്റത് മജിസ്ട്രേറ്റിനു മനസിലായി. സിഗററ്റ് വച്ച് പൊള്ളിച്ചതിനാൽ നാക്കു പുറത്തേക്കു തള്ളിയ നിലയിലായിരുന്നു അയ്യപ്പൻ. ജാമ്യം അനുവദിച്ച മജിസ്ട്രേറ്റ് അയ്യപ്പനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നിർദേശിച്ചു. എന്നാൽ, പൊലീസുകാർ കോടതിക്ക് മുന്നിലെ റോഡിൽ അയ്യപ്പനെ ഉപേക്ഷിച്ചുപോയി.
സംഭവമറിഞ്ഞ് അടുത്തുള്ള വക്കീൽ ഓഫിസിൽനിന്ന് കൂട്ടമായി എത്തിയ വക്കീലൻമാരാണ് നിയമപോരാട്ടം നടത്തണമെന്ന് നിർദേശിച്ചത്. അപ്പോഴാണ് തന്റെ ഭർത്താവിനെ ക്രൂരമായി മർദ്ദിച്ചവർക്ക് ശിക്ഷവാങ്ങിക്കൊടുക്കണം എന്ന ചിന്ത ഓമനയിലും ഉണ്ടാകുന്നത്. മൂന്നാഴ്ചയോളം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടർന്ന് ഒരു മാസത്തോളം വീട്ടിലും ചികിത്സ തേടിയ ശേഷമാണ് പരസഹായമില്ലാതെ കാര്യങ്ങൾ കൈകാര്യം ചെയ്യാനാകുന്ന നിലയിലേക്ക് അയ്യപ്പനെ മടക്കിക്കൊണ്ടുവരാനായത്. കോടതി നടപടിക്രമങ്ങൾ എങ്ങനെയെല്ലാമാണെന്ന് അതുവരെ ജീവിതത്തിൽ അറിയാത്ത ഓമനയും ഭർത്താവും ഇതിനുപിന്നാലെ നിയമവഴിയിലേക്കിറങ്ങി.
∙ 1996 ൽ തുടങ്ങിയ നിയമപോരാട്ടം, അന്തിമവിധി 2021 ൽ
കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ 1996 മേയ് 25 നാണ് ഓമന സ്വകാര്യ അന്യായം ഫയൽ ചെയതത്. ഭീഷണികൾ ഏറെ നടത്തിയിട്ടും കേസ് പിൻവലിക്കുന്നില്ലെന്നു കണ്ടപ്പോൾ പണം കൊടുത്ത് വശത്താക്കാനും ശ്രമമുണ്ടായി. പട്ടിണിയുടെ സാഹചര്യമായിട്ടും തല്ലുകൊണ്ട ഭർത്താവിനെ മൂത്രം വരെ കുടിപ്പിച്ച് വീണ്ടും മർദ്ദിച്ച പൊലീസുകാർക്ക് ശിക്ഷ നൽകിയിട്ടല്ലാതെ പിൻവാങ്ങില്ലെന്നായിരുന്നു ഓമനയുടെ നിലപാട്. 2005 ൽ കേസ് മൂന്നു മാസത്തിനകം തീർപ്പാക്കണമെന്ന് ജസ്റ്റിസ് ഹേമ വിധിച്ചെങ്കിലും വിധി ആയിട്ടില്ലെന്നു പറഞ്ഞ് ഓമനയെ വക്കീൽ തെറ്റിധരിപ്പിച്ചതും നിയമനടപടികളുടെ ദൈർഘ്യം കൂട്ടി.
ക്രൈംബ്രാഞ്ച് എസ്.പി.യായി വിരമിച്ച അന്നത്തെ എസ്.ഐ ഡി.രാജഗോപാൽ, എസ്.ഐ.മാരായി വിരമിച്ച അന്നത്തെ കോൺസ്റ്റബിൾമാരായ മണിരാജ്, ഷറഫുദ്ദീൻ എന്നിവരെ ഒരു വർഷം വീതം തടവിനും 3,500രൂപ വീതം പിഴയും ശിക്ഷ വിധിച്ച് 2009 ഏപ്രിൽ മൂന്നിന് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. സ്വകാര്യ അന്യായം നൽകി 13 വർഷത്തിനു ശേഷം നീതിയുടെ പ്രതീക്ഷ പകർന്ന ആദ്യ വിധിന്യായം. പ്രതികൾ ഇതിനെതിരെ അപ്പീൽ നൽകിയെങ്കിലും 2012ൽ കൊല്ലം സെഷൻസ് കോടതിയും 2021ൽ കേരള ഹൈക്കോടതിയും ശിക്ഷ ശരിവച്ചു. വിചാരണ കോടതിയിൽ അഡ്വ. സി.ആർ.ശ്യാം മോഹനും ഹൈക്കോടതിയിൽ അഡ്വ. കെ.എസ്. മധുസൂദനനും ആണ് അയ്യപ്പന് വേണ്ടി ഹാജരായത്.
കൂലിപ്പണിക്കാരനായ അയ്യപ്പൻ പൊലീസ് മർദ്ദനത്തെത്തുടർന്ന് ആരോഗ്യം നഷ്ടപ്പെട്ട് രോഗിയായി മാറി. കുടുംബം കടക്കെണിയിലായി കിടപ്പാടം നഷ്ടപ്പെട്ടു. പഞ്ചായത്ത് നൽകിയ വീട്ടിലാണ് ഇപ്പോൾ താമസം. കേസ് പിൻവലിക്കാൻ പലതവണ ഭീഷണിയുണ്ടായി. കേസിൽനിന്ന് പിൻമാറാൻ പണം വാഗ്ദാനം ചെയ്യപ്പെട്ടു. ഇതെല്ലാം അതിജീവിച്ചാണ് അയ്യപ്പനും ഓമനയും കേസുമായി മുന്നോട്ടു പോയത്. പ്രതികളായ ഉദ്യോഗസ്ഥർ ദിവസങ്ങൾക്കു മുൻപാണ് കോടതിയിൽ കീഴടങ്ങിയത്. ഇവരെ പൂജപ്പുര ജയിലിലേക്ക് അയച്ചു. രണ്ടാം പ്രതി എ.എസ്.ഐ. ടി.കെ.പൊടിയൻ വിചാരണ കാലയളവിലും മറ്റൊരു കോൺസ്റ്റബിൾ ബേബി അതിനുശേഷവും മരണപ്പെട്ടു.
കാൽ നൂറ്റാണ്ടു പിന്നിട്ട നിയമപോരാട്ടത്തിനൊടുവിൽ നീതി ലഭിച്ചെങ്കിലും ഓമനയ്ക്കും അയ്യപ്പനും ജീവിതത്തിൽ നഷ്ടങ്ങളുടെ കഥ മാത്രമാണ് പറയാനുള്ളത്. നീതിയിലേക്കുള്ള ദൂരമേറെയായതോടെ ഇവർക്ക് നഷ്ടമായത് ജീവിതത്തിലെ നല്ല വർഷങ്ങൾ കൂടിയാണ്. ഓമനയും കുടുംബവും നേരിട്ട നീതിനിഷേധവും പീഡനങ്ങൾക്കും നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറാകുമോ എന്നതാണ് ഉയരുന്ന ചോദ്യവും.
You must be logged in to post a comment Login