Connect with us

Breaking News

വനിതാ സുഹൃത്തുക്കളോട്‌ മോശമായി പെരുമാറിയ യുവാവിനെ കൊല്ലാന്‍ സൈനികന്റെ ക്വട്ടേഷന്‍

Published

on

Share our post

കരുനാഗപ്പള്ളി : സൈനികന്‍ നല്‍കിയ ക്വട്ടേഷന്റെ അടിസ്ഥാനത്തില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തെ പോലീസ് പിടികൂടി. തഴവ കടത്തൂര്‍ കരീപ്പള്ളി കിഴക്കതില്‍ വിഷ്ണു (25), കുലശേഖരപുരം വവ്വാക്കാവ് ഫാത്തിമ മന്‍സിലില്‍ അലി ഉമ്മര്‍ (20), വവ്വാക്കാവ് മുണ്ടപ്പള്ളി കിഴക്കതില്‍ മണി (19), കടത്തൂര്‍ വവ്വാക്കാവ് അംബിയില്‍ പുത്തന്‍വീട്ടില്‍ നബീല്‍ (20), ഓച്ചിറ ചങ്ങന്‍കുളങ്ങര വവ്വാക്കാവ് ലക്ഷ്മി ഭവനത്തില്‍ ഗോകുല്‍ (20), വവ്വാക്കാവ് തെങ്ങണത്തുവീട്ടില്‍ ചന്തു (19), തൊടിയൂര്‍ പുലിയൂര്‍വഞ്ചി വടക്ക് റഹിം മന്‍സിലില്‍ മുഹമ്മദ് ഫൈസല്‍ ഖാന്‍ (25) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.

പോലീസ് പറയുന്നത്: ഒരുയുവാവ് അപമര്യാദയായി പെരുമാറിയതായി സഹപാഠികളായ വനിതാ സുഹൃത്തുക്കള്‍ സൈനികനായ വവ്വാക്കാവ് സ്വദേശി സന്ദീപിനെ അറിയിച്ചിരുന്നു. ഈ യുവാവിനെ കൊലപ്പെടുത്താന്‍ സൈനികന്‍ ഒരുലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കി. കഴിഞ്ഞ 23-ന് ഉച്ചയ്ക്ക് മൂന്നുമണിയോടെ തൊടിയൂര്‍ ഇടക്കുളങ്ങര കോതേരില്‍ വെള്ളാമ്പല്‍വീട്ടിലിരുന്ന അമ്പാടി (27) എന്ന യുവാവിനെ പത്തുപേരടങ്ങുന്ന ക്വട്ടേഷന്‍ സംഘം ആക്രമിച്ചു. ആയുധങ്ങളുമായെത്തിയ സംഘം അമ്പാടിയെ വീട്ടില്‍നിന്ന് വിളിച്ചിറക്കി അമ്മയുടെയും സഹോദരിയുടെയും മുന്നല്‍വച്ചാണ് ആക്രമിച്ചത്. പ്രതികളെക്കുറിച്ച് അമ്പാടിക്ക് ഒരു അറിവുമുണ്ടായിരുന്നില്ല.

പിന്നീട്, പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് അമ്പാടി തന്റെ ബന്ധുവായ യുവതിയോടും മൈനാഗപ്പള്ളി സ്വദേശികളായ കൂട്ടുകാരികളോടും വഴക്കുണ്ടായതായി പോലീസിനെ അറിയിച്ചത്. ഈ യുവതികള്‍ തങ്ങളുടെ സഹപാഠിയും സുഹൃത്തുമായ സൈനികനോട് വിവരം പറഞ്ഞു. തുടര്‍ന്ന് സൈനികന്‍ അമ്പാടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. വനിതാ സുഹൃത്തുക്കളുടെ ഫോണില്‍നിന്ന് അമ്പാടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുക്കുകയും ചെയ്തു. ഈ വീഡിയോയില്‍ നിന്നാണ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞത്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സമസ്ത പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു; 98.06% വിജയം, 8,304 പേർക്ക് ടോപ് പ്ലസ്

Published

on

Share our post

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് 2025 ഫെബ്രുവരി 7,8,9,10 തിയ്യതികളില്‍ ജനറല്‍ കലണ്ടര്‍ പ്രകാരം നടത്തിയ പൊതുപരീക്ഷയുടെയും, 21,22,23 തിയ്യതികളില്‍ സ്കൂള്‍ കലണ്ടര്‍ പ്രകാരം നടത്തിയ പൊതുപരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. അഞ്ച്, ഏഴ്, പത്ത്, പ്ലസ്​ടു ക്ലാസുകളിലാണ് സമസ്തയുടെ പൊതുപരീക്ഷ. ഇന്ത്യയിലും വിദേശങ്ങളിലുമായി രജിസ്റ്റർ ചെയ്ത 2,68,921 വിദ്യാര്‍ത്ഥികളില്‍ 2,65,395 പേര്‍ പരീക്ഷയില്‍ പങ്കെടുത്തു. ഇതില്‍ 2,60,256 പേര്‍ വിജയിച്ചു (98.06 ശതമാനം). ആകെ വിജയിച്ചവരില്‍ 8,304 പേര്‍ ടോപ് പ്ലസും, 57,105 പേര്‍ ഡിസ്റ്റിംഗ്ഷനും, 89,166 പേര്‍ ഫസ്റ്റ് ക്ലാസും, 38,539 പേര്‍ സെക്കന്റ് ക്ലാസും, 67,142 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കി.

2,49,503 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതില്‍ 2,44,627 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (98.05%). സ്കൂള്‍ വര്‍ഷ കലണ്ടര്‍ പ്രകാരം നടത്തിയ പരീക്ഷയില്‍ 14,904 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതില്‍ 14,696 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (98.60%). അല്‍ബിര്‍റ് സ്കൂളില്‍ നിന്നും പൊതുപരീക്ഷക്ക് രജിസ്റ്റർ ചെയ്ത 168 പേരില്‍ 163 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (97.02%).  വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള കേരളേതര സംസ്ഥാനങ്ങളിലെ ഹാദിയ മദ്റസകളില്‍ പൊതുപരീക്ഷക്ക് പങ്കെടുത്ത 820 വിദ്യാര്‍ത്ഥികളില്‍ 770 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (93.90%).

പരീക്ഷാ ഫലം www.samastha.info, http://result.samastha.info/ എന്ന വെബ്‌സൈറ്റുകളില്‍ ലഭ്യമാവും. ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ ഏപ്രില്‍ 13ന് നടക്കുന്ന ”സേ’’പരീക്ഷയില്‍ പങ്കെടുക്കാം.


Share our post
Continue Reading

Breaking News

ചക്കരക്കല്ലിൽ ഇന്ന് ഹർത്താൽ

Published

on

Share our post

ചക്കരക്കൽ : വ്യാപാരി നേതാക്കളെ അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് ചക്കരക്കല്ലിൽ ഇന്ന് വ്യാപാരി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഹർത്താൽ. മൗവ്വഞ്ചേരിയിൽ സർവ്വേ കല്ല് സ്ഥാപിക്കാൻ വന്ന കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥരെ വ്യാപാരികളും ഭൂഉടമകളും ചേർന്ന് തടഞ്ഞ സംഭവത്തിലാണ് വ്യാപാരി നേതാക്കളെ അറസ്റ്റ് ചെയ്‌തത്. ഇന്ന് വൈകുന്നേരം വരെയാണ് ഹർത്താൽ.


Share our post
Continue Reading

Breaking News

ദന്തഡോക്ടർ കഴുത്തറത്ത് മരിച്ച നിലയിൽ

Published

on

Share our post

പാറശ്ശാല: തിരുവനന്തപുരത്ത് ദന്തഡോക്ടറെ കഴുത്തറത്ത് മരിച്ചനിലയിൽ കണ്ടെത്തി. നെയ്യാറ്റിന്‍കര അമരവിള സ്വദേശി സൗമ്യ (31) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സൗമ്യയെ കഴുത്തറത്ത നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.ഭര്‍ത്താവ് അനൂപിന്റെ, ചികിത്സയിലുള്ള അമ്മയോടൊപ്പമാണ് വ്യാഴാഴ്ച രാത്രി സൗമ്യ ഉറങ്ങാന്‍കിടന്നത്. ഭര്‍ത്താവ് അനൂപ് തൊട്ടടുത്ത മുറിയിലാണ് കിടന്നത്. സൗമ്യയെ കാണാത്തതിനെ തുടര്‍ന്ന് രാത്രി ഒരു മണിയോടെ ഭര്‍തൃമാതാവ് അനൂപിനെ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിനുള്ളിലെ ശൗചാലയത്തില്‍ കഴുത്തിലും കൈയിലും മുറിവേറ്റ നിലയില്‍ സൗമ്യയെ കണ്ടെത്തിയത്.തുടർന്ന് ഭര്‍ത്താവ് സൗമ്യയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് സൗമ്യയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.നാലുവർഷം മുൻപായിരുന്നു സൗമ്യയുടെ വിവാഹം. കുട്ടികളില്ലാത്തതിന്റെയും ജോലി ലഭിക്കാത്തതിന്റെയും മാനസികസംഘര്‍ഷം സൗമ്യയെ അലട്ടിയിരുന്നതായാണ് സൂചന. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!