കേളകം : ബാവലിത്തുരുത്തിൽ ഇനി കേളകം ഗ്രാമപ്പഞ്ചായത്ത് പദ്ധതികൾ നടപ്പാകും. കേളകം വില്ലേജ് ഓഫീസിനുസമീപം ബാവലിപ്പുഴയാൽ ചുറ്റപ്പെട്ട തുരുത്തിൽ 2.74 ഏക്കർ സ്ഥലം ജനുവരി ഒന്നിന് കേളകം ഗ്രാമപ്പഞ്ചായത്തിന് സ്വന്തമായി. താലൂക്ക് സർവേയറിൽനിന്ന് സ്ഥലത്തിന്റെ രേഖ പഞ്ചായത്തിന് കൈമാറി. ഈ സ്ഥലത്തിൽ ഒന്നര ഏക്കറിൽ ഒരു ഫുട്ബോൾ സ്റ്റേഡിയവും ബാക്കി ഒന്നേകാൽ ഏക്കറിൽ ജൈവ വൈവിധ്യ പാർക്കും നിർമിക്കാനാണ് ലക്ഷ്യമിടുന്നത്.
വൈകുന്നേരങ്ങളിൽ കുടുംബസമ്മേതം സമയം ചെലവഴിക്കാൻ ഇടം ഒരുക്കുന്നതിനാണ് ജൈവവൈവിധ്യ പാർക്ക് നിർമിക്കുക. പുഴയുടെ തീരത്ത് നിർമാണപ്രവർത്തനങ്ങൾ കാര്യമായി നടത്താതെ, പച്ചപ്പ് നിലനിർത്തി ജൈവവൈവിധ്യ പാർക്ക് ഒരുക്കുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യം. ബാവലിപ്പുഴയാൽ ചുറ്റപ്പെട്ട തുരുത്തിലെ ഭൂമി സ്വകാര്യ വ്യക്തികൾ കൈവശംവെച്ചിരിക്കുകയായിരുന്നു. ഇത് എറ്റെടുത്ത് സ്ഥലത്തിന്റെ രേഖ പഞ്ചായത്ത് സ്വന്തമാക്കുകയായിരുന്നു. 2018-ലെ പ്രളയത്തിൽ ഇരു കരകളും പുഴയെടുത്തനിലയിലാണ്. തുരുത്തിന് അകത്തും പുറത്തുമുള്ള സ്ഥലം രണ്ടുവർഷങ്ങളിലെ പ്രളയത്തിൽ പുഴയെടുത്തിരുന്നു. തുരുത്തിനുചുറ്റുമുള്ള ഭാഗങ്ങളുടെ സംരക്ഷണത്തിനായി പഞ്ചായത്ത് പ്രസിഡൻറ് സി.ടി.അനീഷിന്റെ നേതൃത്വത്തിൽ മൈനർ ഇറിഗേഷൻ വിഭാഗത്തിന്റെ സഹായം തേടിയിട്ടുണ്ട്. സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ സഹായത്തോടെ പഞ്ചായത്ത് ചൊവ്വാഴ്ച തുരുത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങും.
കായിക വികസനത്തിന് മറ്റു പദ്ധതികളും
കായികരംഗത്ത് പ്രത്യേക ശ്രദ്ധവെക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി വളയംചാലിലെ ഫുട്ബോൾ കോർട്ടിന്റെ 1.78 ഏക്കർ സ്ഥലത്തിന്റെ രേഖ റവന്യൂ വകുപ്പിൽനിന്ന് പഞ്ചായത്ത് നേടിയെടുത്തിരുന്നു. ചീങ്കണ്ണിപ്പുഴയ്ക്ക് സമീപമായതിനാൽ പ്രളയത്തിൽ തകർന്ന ഈ സ്ഥലത്തിന്റെ അരിക് കെട്ടി സ്റ്റേഡിയമാക്കി സംരക്ഷിക്കാനുള്ള പരിശ്രമത്തിലാണ് പഞ്ചായത്തിപ്പോൾ. അടക്കാത്തോട് ഗവ. യു.പി. സ്കൂളിന്റെ കൈവശമുള്ള 1.2 ഏക്കർ സ്ഥലം നിരത്തി സ്റ്റേഡിയം നിർമിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് ഭരണസമിതി പറയുന്നു.
ഈ സ്ഥലത്തേക്ക് നിലവിൽ നടപ്പാതമാത്രമാണുള്ളത്. റോഡ് നിർമിക്കുന്നതിന് സ്ഥലം ലഭ്യമാക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു. ഇതിനുപുറമെ ചെട്ടിയാംപറമ്പിലും സ്റ്റേഡിയത്തിന് സ്ഥലം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. കായിക രംഗത്ത് മുന്നേറ്റമുണ്ടാക്കാൻ ‘കേളകം ഗ്രാമപ്പഞ്ചായത്ത് സ്പോർട്സ് അക്കാദമി’ രൂപവത്കരിച്ചിരുന്നു. അക്കാദമിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് കായിക പരിശീലനം നൽകാൻ പഞ്ചായത്തിന് പദ്ധതിയുണ്ട്. ഗ്രാമപ്പഞ്ചായത്ത് ഫണ്ടും മറ്റ് വിവിധ ഏജൻസികൾ, സ്പോൺസർമാർ എന്നിവരുടെ സഹായവും ഇക്കാര്യത്തിൽ തേടുന്നുണ്ട്. വോളിബോൾ, ഫുട്ബോൾ പരിശീലനം ഈമാസംതന്നെ ആരംഭിക്കും. അതിനായുള്ള പ്രോജക്ട് വെച്ചിട്ടുണ്ടെന്നും പഞ്ചായത്തധികൃതർ അറിയിച്ചു. 2022 കേളകം പഞ്ചായത്ത് സുവർണ ജൂബിലി വർഷമാണ്. ഈ വർഷത്തിൽ കായിക മേഖലയിലടക്കം നിരവധി നേട്ടങ്ങൾ കൈവരിക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
You must be logged in to post a comment Login