ന്യൂഡൽഹി: സിവിൽ, വാണിജ്യ, കുടുംബ തർക്കങ്ങൾ ഇനി കോടതിയിലെത്തുന്നതിന് മുൻപുതന്നെ ഒത്തുതീർപ്പാക്കാം. ഇതുമായി ബന്ധപ്പെട്ട് വ്യവസ്ഥാപിത സംവിധാനവും ചട്ടക്കൂടും നിർദേശിക്കുന്ന ‘മധ്യസ്ഥതാ ബിൽ’ ഈ ആഴ്ച പാർലമെന്റിൽ അവതരിപ്പിക്കും.
കേന്ദ്രമന്ത്രിസഭ കഴിഞ്ഞദിവസം ബില്ലിന് അനുമതി നൽകി. കുടുംബതർക്കങ്ങൾ, സമൂഹത്തിന്റെ സമാധാനവും സൗഹാർദവും തകർക്കുന്ന വിഷയങ്ങൾ എന്നിവയിൽ ‘സമൂഹ മധ്യസ്ഥത’യ്ക്കും വിദേശരാജങ്ങളിലെ കമ്പനികൾ, വ്യക്തികൾ എന്നിവരുൾപ്പെട്ട വിഷയങ്ങളിൽ അന്താരാഷ്ട്ര മധ്യസ്ഥതയ്ക്കും പ്രത്യേക സംവിധാനങ്ങൾ ബില്ലിൽ നിർദേശിച്ചിട്ടുണ്ട്. ഓൺലൈൻ മധ്യസ്ഥതയും അനുവദനീയമാണ്. കോടതിയുടെ പരിഗണനയിലുള്ള കേസുകളും കക്ഷികൾക്ക് താത്പര്യമുണ്ടെങ്കിൽ ‘മധ്യസ്ഥത’യ്ക്ക് വിടാം.
കക്ഷികൾക്കിടയിൽ മധ്യസ്ഥത വഹിക്കാൻ അംഗീകാരവും രജിസ്‌ട്രേഷനുമുള്ള മധ്യസ്ഥർ, മധ്യസ്ഥരെ നിയോഗിക്കാൻ സേവന ദാതാക്കൾ, ഒത്തുതീർപ്പു കരാർ രജിസ്റ്റർ ചെയ്യാൻ പ്രത്യേക അതോറിറ്റി, ഇവയ്ക്കെല്ലാം മേൽനോട്ടം വഹിക്കാനും നയരൂപവത്കരണത്തിനും നിർദേശത്തിനുമായി ദേശീയതലത്തിൽ ‘മീഡിയേഷൻ കൗൺസിൽ’എന്നിവ ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ദേശീയ കൗൺസിലിന് മറ്റിടങ്ങളിലും ഓഫീസ് ഉണ്ടാവും.
തർക്കങ്ങളിൽ വേഗം പരിഹാരമുണ്ടാക്കുകയും കോടതികളിലെ കേസുകളുടെ എണ്ണം കുറയ്ക്കുകയുമാണ് ലക്ഷ്യം. രാജ്യത്ത് കീഴ്‌ക്കോടതികളിൽ മാത്രം നാലുകോടിയിലേറെ കേസുകൾ തീർപ്പാകാതെയുണ്ട്. ഹൈക്കോടതികളിൽ 56 ലക്ഷവും സുപ്രീംകോടതിയിൽ എഴുപതിനായിരവും കേസുകളാണ് വിധി പറയാനുള്ളത്. കേസുകളുടെ ബാഹുല്യം കുറയ്ക്കണമെന്ന് നേരത്തേ നിയമകമ്മിഷനും ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണ അധ്യക്ഷനായ സമിതിയും ശുപാർശചെയ്തിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് പുതിയ നിയമം കൊണ്ടുവരുന്നത്.
മധ്യസ്ഥത
* കേസുകൾ കോടതിയിലെത്തുന്നതിനുമുൻപ് മധ്യസ്ഥത തുടങ്ങണം.
* കോടതികളുടെ അതിർത്തിക്കുള്ളിലായിരിക്കണം മധ്യസ്ഥത.
* മധ്യസ്ഥൻ കക്ഷികൾക്ക് പൊതുസമ്മതനായിരിക്കണം.
* മധ്യസ്ഥനെ ലഭിക്കാൻ അപേക്ഷിച്ചാൽ ഏഴു ദിവസത്തിനുള്ളിൽ അനുവദിക്കണം.
* 90 ദിവസംകൊണ്ട് മധ്യസ്ഥത പൂർത്തിയാക്കണം. കക്ഷികൾക്ക് സമ്മതമാണെങ്കിൽ 90 ദിവസംകൂടി നീട്ടാം.
* ഏതവസരത്തിലും ഒരു കക്ഷിക്ക് മറ്റു കക്ഷികളെയും മധ്യസ്ഥനെയും അറിയിച്ചുകൊണ്ട്്് മധ്യസ്ഥതയിൽനിന്ന് പിന്മാറാം. എന്നാൽ, അങ്ങനെ പിന്മാറുന്നതിനുമുമ്പ് ഒരു തവണയെങ്കിലും മധ്യസ്ഥശ്രമത്തിന്റെ ഭാഗമായിരിക്കണം.
* കോടതിപ്രകാരം നടത്തുന്ന മധ്യസ്ഥതകൾ ഹൈക്കോടതിയുടെയോ സുപ്രീംകോടതിയുടെയോ നടപടിക്രമങ്ങൾ പാലിച്ചാവും.
* ലോക് അദാലത്തുകൾ നടത്തുന്ന മധ്യസ്ഥത ലീഗൽ സർവീസസ് അതോറിറ്റി നിയമപ്രകാരമായിരിക്കും.
മധ്യസ്ഥൻ
* ദേശീയ കൗൺസിലിന്റെ രജിസ്‌ട്രേഷനുള്ള വ്യക്തി.
* മധ്യസ്ഥന് എന്തെങ്കിലും വിപരീത താത്പര്യമുണ്ടെങ്കിൽ മധ്യസ്ഥ ചർച്ച തുടങ്ങും മുമ്പ് അക്കാര്യം കക്ഷികളെ രേഖാമൂലം അറിയിക്കണം.
* മധ്യസ്ഥത തുടങ്ങിയശേഷം ഉണ്ടാവുന്ന വിരുദ്ധ താത്പര്യങ്ങളും അറിയിക്കണം. അതിനുശേഷം കക്ഷികൾക്ക് സമ്മതമാണെങ്കിൽ മധ്യസ്ഥനെ മാറ്റാം.
* മധ്യസ്ഥൻ ഒത്തുതീർപ്പ് അടിച്ചേല്പിക്കരുത്. മധ്യസ്ഥതയിലൂടെ ഒത്തുതീർപ്പ് ആകുമെന്ന് ഉറപ്പും നൽകരുത്.
* നിശ്ചിത കാലത്തിനുള്ളിൽ ഒത്തുതീർപ്പാകുന്നില്ലെങ്കിൽ മധ്യസ്ഥൻ അക്കാര്യം രേഖാമൂലം സേവനദാതാവിനെ അറിയിക്കണം.
ഒത്തുതീർപ്പു കരാർ
* കക്ഷികളെല്ലാവരും ചേർന്നോ ഏതാനും ചിലരോ ഒപ്പുവെച്ചതും തർക്കം മുഴുവനോ ഭാഗികമോ ആയി പരിഹരിച്ചത്.
* മധ്യസ്ഥ ചർച്ച തുടരുന്നതിനിടെ കക്ഷികൾക്ക് ഏതെങ്കിലും വിഷയവുമായി ബന്ധപ്പെട്ട് ഇടക്കാല കരാറിലോ ഭാഗിക കരാറിലോ ഒപ്പുവെക്കാം.
* ഒത്തുതീർപ്പു കരാർ 1987-ലെ ലീഗൽ സർവീസസ് അതോറിറ്റി നിയമത്തിൽ പറയുന്ന അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യണം.
* ഒത്തുതീർപ്പു കരാർ സിവിൽ കോടതിയുടെ ഉത്തരവിനും നിർദേശത്തിനും തുല്യം.
* കരാറിൽ ഒപ്പുവെച്ച കക്ഷിക്ക് അത് പിന്നീട് ചോദ്യംചെയ്യണമെങ്കിൽ കോടതിയിലോ ട്രിബ്യൂണലിലോ പ്രത്യേക അപേക്ഷ നൽകണം.
* ഒത്തുതീർപ്പ് മൂന്നു മാസത്തിനുള്ളിൽ ചോദ്യം ചെയ്യണം. കോടതി അതിൻമേൽ ഒരുമാസത്തിനുള്ളിൽ തീരുമാനമെടുക്കും.
* തട്ടിപ്പ്, അഴിമതി, ആൾമാറാട്ടം തുടങ്ങിയ വിഷയങ്ങളുണ്ടായാലേ മധ്യസ്ഥതാകരാർ ചോദ്യം ചെയ്യാനാവൂ.
You must be logged in to post a comment Login