കൊച്ചി : സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി രാജ്യത്തെ ഏറ്റവും വലിയ ക്വിസ് ഫെസ്റ്റിവലുമായി ദേശാഭിമാനി അക്ഷരമുറ്റം വീണ്ടുമെത്തുന്നു. സംസ്ഥാനത്തെ 15,000ത്തോളം സ്‌കൂളുകളിലെ 40 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ അറിവിന്റെ ദീപശിഖയേന്തുന്ന ഈ വിജ്ഞാന മഹോത്സവത്തില്‍ മാറ്റുരയ്ക്കും.
കേരളത്തിലെ വിദ്യാലയങ്ങള്‍ ഏറ്റെടുത്ത് വന്‍ വിജയമാക്കിയ മത്സരത്തിന്റെ പത്താം സീസണിലും നടന്‍ മോഹന്‍ലാലാണ് ഗുഡ് വില്‍ അംബാസഡറായി എത്തുന്നത്. കോവിഡ് മഹാമാരി വിദ്യാര്‍ഥികളിലുണ്ടാക്കിയ മടുപ്പ് അകറ്റുകയും അവരില്‍ പുതിയ ഊര്‍ജവും ഉന്മേഷവും നിറച്ച് വിദ്യാലയങ്ങളുടെ പ്രസരിപ്പ് വീണ്ടെടുക്കുകയുമാണ് ഈ അറിവിന്റെ ഉത്സവത്തിലൂടെ ദേശാഭിമാനി അക്ഷരമുറ്റം ലക്ഷ്യം വെയ്ക്കുന്നത്.
നാല് ഘട്ടങ്ങളായി നടക്കുന്ന ക്വിസ് ഫെസ്റ്റിവലിന്റെ പ്രാഥമിക ഘട്ടമായ സ്‌കൂള്‍ തല മത്സരങ്ങള്‍ 2022 ജനുവരി 12 ന് നടക്കും. കെ.ജി. മുതല്‍ പ്ലസ് ടുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ പഠന സംവിധാനം ലഭ്യമാക്കുന്ന പ്രാണ ഇന്‍സൈറ്റ് ലേണിങ് ആപ്പ് ടൈറ്റില്‍ സ്‌പോണ്‍സറാകുന്ന പ്രാണ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവലില്‍ രണ്ടു കോടി രൂപയുടെ സമ്മാനങ്ങളാണ് വിദ്യാര്‍ഥികളെ കാത്തിരിക്കുന്നത്. വിദ്യാര്‍ഥികളുടെ പങ്കാളിത്തംകൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ ക്വിസ് മത്സരങ്ങളിലൊന്നായി യൂണിവേഴ്‌സണ്‍ റെക്കോര്‍ഡ് ഫോറത്തിന്റെ (യു.ആര്‍.എഫ്) അംഗീകാരം നേടിയ മത്സരമാണ് ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവല്‍.
എല്‍.പി മുതല്‍ ഹൈസ്‌കൂള്‍ തലംവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അറിവിന്റെ ആഴം അളക്കുന്ന ഈ പോരാട്ടത്തില്‍ പങ്കാളികളാകാം. മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള സ്‌കൂളുകളുടെ രജിസ്‌ട്രേഷന്‍ 15ന് ആരംഭിയ്ക്കും. ജനുവരി പതിനൊന്നാണ് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തിയതി.
സ്‌കൂള്‍ തല മത്സരത്തിലെ വിജയികള്‍ ജനുവരി 19 ന് നടക്കുന്ന സബ് ജില്ലാ മത്സരത്തില്‍ ഏറ്റുമുട്ടും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി സ്‌കൂള്‍, സബ് ജില്ലാ തല മത്സരങ്ങള്‍ ഓണ്‍ലൈനായാണ് സംഘടിപ്പിക്കുന്നത്. ജനുവരി 29 ന് സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ജില്ലാതല മത്സരം നടക്കും. ഫെബ്രുവരി 19 നാണ് പ്രാണ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവലിന്റെ അന്തിമ വിജയികളെ നിര്‍ണയിക്കുന്ന സംസ്ഥാന തല മത്സരമായ മെഗാ ഫൈനല്‍.
വിദ്യാര്‍ഥികളുടെ അറിവ് പരിശോധിക്കുകയും അവരെ പുതിയ അറിവുകളിലേക്ക് അടുപ്പിക്കുകയും ചെയ്യുന്ന മത്സരം എന്ന നിലയ്ക്കാണ് ഗ്രാഫിക്കുകളുടെയും 2ഡി, 3ഡി സാങ്കേതിക വിദ്യകളുടെയും സഹായത്തോടെ കുട്ടികളെ സ്‌കൂള്‍ പാഠങ്ങള്‍ പഠിപ്പിക്കുന്ന പ്രാണ ഇന്‍സൈറ്റ് ലേണിങ് ആപ്പ് ക്വിസ് ഫെസ്റ്റിവലുമായി സഹകരിക്കുന്നതെന്നും സാങ്കേതിക വിദ്യ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തുന്ന ഈ മത്സരാഘോഷത്തില്‍ പങ്കാളികളാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും പ്രാണ ഇന്‍സൈറ്റ് ലേണിങ് അപ്പിന്റെ സി.ഇ.ഒ മിഥുന്‍ പി. പുല്ലുമേട്ടില്‍ പറഞ്ഞു.
മത്സര വിജയികള്‍ക്ക് ദേശാഭിമാനി അക്ഷരമുറ്റം നല്‍കുന്ന ഒരു കോടി രൂപയുടെ ക്യാഷ് അവാര്‍ഡിന് പുറമെ മികച്ച പ്രകടനം നടത്തുന്ന 2000 വിദ്യാര്‍ഥികള്‍ക്ക് പ്രാണ ലേണിങ് ആപ്പ് സമ്മാനമായി നല്‍കുമെന്നും മിഥുന്‍ പറഞ്ഞു.
പ്രാണ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവലിന്റെ ഭാഗമായി അക്ഷരമുറ്റം ജനുവരി ഒന്ന് മുതല്‍ 10 ദിവസത്തെ ഓണ്‍ലൈന്‍ ക്വിസ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിലെ വിജയികള്‍ക്കും പ്രാണ ലേണിങ് അപ്പ് സമ്മാനമായി ലഭിയ്ക്കും.
You must be logged in to post a comment Login