ബെംഗളൂരു: ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ശേഷം കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. വ്യോമസേനയിലെ സെര്‍ജന്റ് ആയിരുന്ന ദരംസിങ് യാദവിനെയാണ് 11 വര്‍ഷത്തിന് ശേഷം ബെംഗളൂരു പോലീസ് അസമില്‍നിന്ന് പിടികൂടിയത്.
2008 ഒക്ടോബറിലാണ് ഇയാള്‍ ഭാര്യയെയും രണ്ട് മക്കളെയും ദാരുണമായി കൊലപ്പെടുത്തിയത്. കേസില്‍ അറസ്റ്റിലായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്നതിനിടെ 2010-ല്‍ ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കാവല്‍നിന്ന പോലീസുകാര്‍ക്ക് നേരേ മുളകുപൊടിയെറിഞ്ഞ ശേഷം ദരംസിങ് യാദവ് ആശുപത്രിയില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു.
1987 മുതല്‍ 2007 വരെയാണ് ഹരിയാണ സ്വദേശിയായ ദരംസിങ് യാദവ് വ്യോമസേനയില്‍ ജോലിചെയ്തിരുന്നത്. ഭാര്യ അനു, മക്കളായ ശുഭം(എട്ട്) കീര്‍ത്തി(14) എന്നിവര്‍ക്കൊപ്പം ബെംഗളൂരു വിദ്യാരനപുരയിലായിരുന്നു താമസം. എന്നാല്‍ വ്യോമസേനയില്‍നിന്ന് ജോലിവിട്ടതിന് പിന്നാലെ ദരംസിങ് യാദവ് മാട്രിമോണിയല്‍ വെബ്‌സൈറ്റ് വഴി മറ്റൊരു യുവതിയുമായി അടുപ്പത്തിലായി. അവിവാഹിതനാണെന്ന് പറഞ്ഞാണ് ഇയാള്‍ മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതിലൂടെയാണ് രാജാജിനഗര്‍ സ്വദേശിനിയായ യുവതിയുമായി അടുപ്പത്തിലായത്. ഒടുവില്‍ ഈ യുവതിയോടൊപ്പം ജീവിക്കാന്‍ തീരുമാനിക്കുകയും ഇതിനുവേണ്ടി ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തുകയുമായിരുന്നു. 2008 ഒക്ടോബര്‍ 19-നായിരുന്നു കേസിനാസ്പദമായ സംഭവം.
കവര്‍ച്ചാശ്രമത്തിനിടെ ഭാര്യയും മക്കളും കൊല്ലപ്പെട്ടെന്നായിരുന്നു ദരംസിങ് യാദവ് ആദ്യം പോലീസിന് നല്‍കിയ മൊഴി. വിശദമായ അന്വേഷണത്തില്‍ ദരംസിങ് യാദവാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് കണ്ടെത്തി. ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്തു. പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്നതിനിടെ 2010-ലാണ് ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ദരംസിങ് യാദവ് ആശുപത്രിയില്‍ ചികിത്സ തേടുന്നത്. മൂത്രാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇയാളെ പിന്നീട് വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ജയിലിലെ കാന്റീനില്‍നിന്ന് കൈക്കലാക്കിയ മുളകുപൊടിയുമായാണ് പ്രതി ആശുപത്രിയില്‍ എത്തിയത്. ആശുപത്രിയില്‍ കഴിയുന്നതിനിടെ കാവല്‍നിന്ന പോലീസുകാരന് നേരേ മുളകുപൊടി എറിഞ്ഞ് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. 2010 ഡിസംബര്‍ നാലിനായിരുന്നു ഈ സംഭവം.
പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട ദരംസിങ്ങിനായി ബെംഗളൂരു പോലീസ് വിപുലമായ അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. അടുത്തിടെ പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടവരെ കണ്ടെത്താന്‍ ഡി.സി.പി. ഹരീഷ് പാണ്ഡെ പ്രത്യേക അന്വേഷണസംഘത്തെ രൂപവത്കരിച്ചിരുന്നു. ഇതോടെയാണ് ദരംസിങ് യാദവിനെ കണ്ടെത്താനുള്ള അന്വേഷണവും ഊര്‍ജിതമാക്കിയത്.
പോലീസ് നടത്തിയ അന്വേഷണത്തില്‍ ദരംസിങ് യാദവ് ഹരിയാണയില്‍ മദ്യവില്‍പ്പനശാല നടത്തിയിരുന്നതായി വിവരം ലഭിച്ചിരുന്നു. മറ്റൊരാളുടെ പേരിലാണ് ഈ വില്‍പ്പനശാല രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതിനുശേഷം പ്രതി ഹരിയാണയില്‍നിന്ന് അസമിലേക്ക് കടന്നതായും കണ്ടെത്തി. തുടര്‍ന്ന് അസം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഇയാളെ പിടികൂടിയത്.
ഹരിയാണയില്‍ മദ്യക്കച്ചവടം നടത്തുന്നതിനിടെ ഇയാള്‍ വീണ്ടും മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്‌തെന്നാണ് പോലീസ് പറയുന്നത്. വെബ്‌സൈറ്റിലൂടെ അസം സ്വദേശിനിയായ യുവതിയുമായി പരിചയത്തിലായി. തുടര്‍ന്ന് അസമിലേക്ക് പോവുകയും യുവതിയെ വിവാഹം കഴിച്ച് അവിടെ താമസം ആരംഭിക്കുകയുമായിരുന്നു. ഈ ബന്ധത്തില്‍ രണ്ട് ആണ്‍കുട്ടികളുണ്ടെന്നും പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ കഴിഞ്ഞ ദിവസം ബെംഗളൂരുവിലെത്തിച്ചു.
You must be logged in to post a comment Login