കോഴിക്കോട്: സംസ്ഥാനത്തെ തടവുകാരുടെ ജയില്മാറ്റത്തില് നിബന്ധനകള്‍ കര്‍ശനമാക്കി ഡി.ജി.പി. തടവുകാരുടെ അപേക്ഷകളിന്മേല് തീരുമാനമെടുക്കുന്നത് ജയില്‍ ചട്ടങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടായിരിക്കണമെന്ന് ഡിജിപി ഡോ.ഷേക്ക് ദര്‍വേഷ് സാഹിബ് ഉത്തരവിട്ടു.
സ്ഥലമാറ്റവുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ നിലവിലുള്ള ചട്ടങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് എല്ലാ സ്ഥാപന മേധാവികളും ഉറപ്പുവരുത്തേണ്ടതാണ്. ജയിലിലെ അച്ചടക്കവും ക്രമസമാധാനവും നിലനിര്‍ത്തുന്നതിന് അനിവാര്യമാണെന്ന് സൂപ്രണ്ട് കരുതുകയാണെങ്കില്‍ ഒരേ കേസില്‍ ശിക്ഷിക്കപ്പെട്ട തടവുകാരെ വ്യത്യസ്ത ജയിലുകളിലേക്ക് മാറ്റാവുന്നതാണെന്നും ഉത്തരവിലുണ്ട്.
രാഷ്ട്രീയ തടവുകാരുടെ സംഗമവേദികളായി സംസ്ഥാനത്തെ ചില ജയിലുകൾ മാറുന്നുണ്ട്. തടവുകാരെ അവരുടെ അപേക്ഷകളിന്മേല് മറ്റു കാര്യങ്ങളൊന്നും നോക്കാതെതന്നെ ഇത്തരത്തിലുള്ള ജയിലുകളിലേക്ക് മാറ്റുകയും ചെയ്യുന്നുണ്ട്. ഇത് ജയിലിലെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. രാഷ്ട്രീയ കൊലപാതക -സംഘര്‍ഷ കേസുകളിലെ കൂട്ടുപ്രതികള്‍ ഒരുമിച്ചാണ് ചില ജയിലുകളില്‍ കഴിയുന്നത്. ഇത് പലവിധത്തിലുള്ള പ്രശ്നങ്ങള്ക്കിടവരുത്തുന്നുണ്ട്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് പുതിയ നിര്‍ദേശവുമായി ഡി.ജി.പി ഉത്തരവിറക്കിയത്. ഒരു ജയിലില്‍നിന്ന് മറ്റൊരു ജയിലിലേക്ക് തടവുകാരെ മാറ്റുന്നതിന് ഡി.ജി.പിക്കാണ് പൂര്‍ണ അധികാരമുള്ളത്.
ഇതിനു പുറമേ അധികാരപരിധിയിലുള്ള ജയിലുകളില്‍ നിന്ന് തടവുകാരെ മാറ്റുന്നതില്‍ തീരുമാനമെടുക്കാന്‍ ഐ.ജിക്കും ഡി.ഐ.ജിക്കും അധികാരമുണ്ട്. ഇവര്‍ എടുക്കുന്ന തീരുമാനം സംബന്ധിച്ച് സൂപ്രണ്ടുമാരുടെകൂടി അഭിപ്രായവും ഡി.ജി.പി തേടുമെന്നാണ് സൂചന.
ആശുപത്രിയിലുള്ള തടവുകാരെ അയാളുടെ ആരോഗ്യകാര്യത്തിനുള്ള നേട്ടത്തിനായല്ലാതെ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ പാടില്ല. തടവുകാരനെ മറ്റൊരു ജയിലിലേക്ക് മാറ്റുന്നത് ഉചിതമാണെന്ന് മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് സൂപ്രണ്ട് കൈപ്പറ്റണം.തുടര്‍ന്ന് ഈ റിപ്പോര്‍ട്ട് ഉത്തരവിനായി ഡി.ജി.പിക്ക് സമര്‍പ്പിക്കണം. എങ്കില്‍ മാത്രമേ സ്ഥലം മാറ്റം അനുവദിക്കുകയുള്ളൂ. അപ്പീല്‍ സമര്‍പ്പിക്കുന്നതിനായി നിഷ്കര്‍ഷിച്ചിട്ടുള്ള കാലയളവ് കഴിയുന്നത് വരെയോ അപ്പീലിന്റെ ഫലം അറിയുന്നത് വരെയോ സാധാരണ ഗതിയില്‍ തടവുകാരെ മാറ്റാന്‍ പാടില്ല.
പതിവ് കുറ്റവാളികളെ ഇത്തരക്കാര്‍ക്ക് മാത്രമായി പ്രഖ്യാപിച്ചിട്ടുള്ള ജയിലിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള ഉത്തരവിനായി സൂപ്രണ്ട് ഡി.ജി.പി, ഐ.ജി, ഡി.ഐ.ജി എന്നിവര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. പ്രത്യേക കാരണങ്ങളാല്‍ മേധാവിമാര്‍ ഒരു ജയിലില്‍ നിന്ന് തടവുകാരനെ തിരികെ അവിടേക്ക് തന്നെ മാറ്റുകയാണെങ്കില്‍ അയാളെ ആദ്യം ട്രാന്‍സ്ഫര്‍ ചെയ്യാനുണ്ടായ കാരണം സഹിതം സൂപ്രണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഡി.ജി.പി നിര്‍ദേശിച്ചു.
You must be logged in to post a comment Login