വീരാജ്പേട്ട (കർണാടക): തിമിംഗല ഛർദിൽ (ആംമ്പർഗ്രിസ്) വിൽപനക്കെത്തിയ മലയാളികളടക്കമുള്ള പത്തംഗ സംഘത്തെ കുടക് പൊലീസ് അറസ്റ്റ് ചെയ്തു. 10 കോടി രൂപ വിലമതിക്കുന്ന 10.390 കിലോ തിമിംഗല ഛർദിലും നോട്ടെണ്ണുന്ന രണ്ട് മെഷീനുകളും പ്രതികൾ സഞ്ചരിച്ച രണ്ട് കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം മണിക്കൻപ്ലാവ് ഹൗസിലെ ഷംസുദ്ദീൻ (45), തിരുവനന്തപുരം ബീമാപള്ളിയിലെ എം. നവാസ് (54), പെരളശ്ശേരി വടക്കുമ്പാട്ടെ വി.കെ. ലതീഷ് (53), മണക്കായി ലിസനാലയത്തിലെ വി. റിജേഷ് (40), വേങ്ങാട് കച്ചിപ്പുറത്ത് ഹൗസിൽ ടി. പ്രശാന്ത് (52), കർണാടക ഭദ്രാവതിയിലെ രാഘവേന്ദ്ര (48), കാസർകോട് കാട്ടിപ്പൊയിലിലെ ചൂരക്കാട്ട് ഹൗസിൽ ബാലചന്ദ്ര നായിക് (55), തിരുവമ്പാടി പുല്ലൻപാറയിലെ സാജു തോമസ് (58), പെരളശ്ശേരി ജ്യോത്സ്ന നിവാസിലെ കെ.കെ. ജോബിഷ് (33), പെരളശ്ശേരി തിരുവാതിര നിവാസിലെ എം. ജിജേഷ് (40) എന്നിവരെയാണ് വീരാജ്പേട്ട ഡിവൈ.എസ്.പി പി. അനൂപ് മാദപ്പയുടെ നേതൃത്വത്തിലുള്ള പൊലീസ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.തിമിംഗല ഛർദിൽ വിൽപനക്കായി കുടകിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീരാജ്പേട്ട ഹെഗ്ഗള ജങ്ഷനിൽ നടത്തിയ പരിശോധനയിൽ പ്രതികളെ പൊലീസ് പിടികൂടിയത്. കുടക് എസ്.പി കെ. രാമരാജന്റെ നിർദേശപ്രകാരമാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്.
You must be logged in to post a comment Login