രക്തത്തിലെ പഞ്ചസാരയുടെ അളവ് അമിതമാകുന്നതാണ് ഹൈപ്പര്‍ ഗ്ലൈസീമിയ. ഇത് ശരീരത്തിലെ പല കോശങ്ങളുടെയും പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. പ്രധാനമായും രക്തക്കുഴലുകളുടെ ഭിത്തികളില്‍ കേടുകള്‍ സംഭവിക്കുന്നതിന് വഴിയൊരുക്കും.
ഹൈപ്പര്‍ ഗ്ലൈസീമിയ, വളരെ ചെറിയ രക്തക്കുഴലുകളില്‍ വരുത്തുന്ന കേടുപാടുകളെ മൈക്രോ ആന്‍ജിയോപതി എന്ന് പറയും. ഇതുമൂലം കണ്ണ്, വൃക്കകള്‍, നാഡികള്‍ മുതലായവയ്ക്ക് കേടുപാടുകള്‍ സംഭവിക്കും. ഇവയുടെ സ്വഭാവമനുസരിച്ച് റെറ്റിനോപതി (കണ്ണുകള്‍ക്കുള്ള തകരാറ്), നെഫ്രോപതി (വൃക്കകള്‍ക്കുള്ള തകരാറ്), ന്യൂറോപതി (നാഡികള്‍ക്കുള്ള തകരാറ്) എന്നിങ്ങനെ വിളിക്കുന്നു.
ഹൈപ്പര്‍ ഗ്ലൈസീമിയയും ഉയര്‍ന്ന രക്തസമ്മര്‍ദവും അളവുകൂടിയ കൊളസ്‌ട്രോളും ധമനികളുടെ ഭിത്തികളില്‍ കേടുപാടുകള്‍ വരുത്തുകയും രക്തയോട്ടം കുറയ്ക്കുകയും ചെയ്യും. ഇതിനെ മാക്രോവാസ്‌കുലര്‍ ഡിസീസ് അഥവാ അതിറോസ്‌ക്ലീറോസിസ് എന്നാണ് വിളിക്കുക. ഈ അസുഖം പ്രധാനമായും ഹൃദയത്തിലെ രക്തചംക്രമണത്തെ ബാധിക്കുകയും ഹൃദയാഘാതത്തിനിടയാക്കുകയും ചെയ്യുന്നു. അതുപോലെ തലച്ചോറിലെ രക്തയോട്ടത്തെ പ്രതികൂലമായി ബാധിക്കുന്നതിലൂടെ രോഗിക്ക് സ്‌ട്രോക്ക് സംഭവിക്കാനും കാരണമാകുന്നു. കാലുകളിലേക്കുള്ള രക്തയോട്ടത്തെ ബാധിക്കുകയും ഉണങ്ങാത്ത വ്രണങ്ങളുണ്ടായി കാലുകള്‍ മുറിച്ചുമാറ്റേണ്ട അവസ്ഥയ്ക്കിടവരുത്തുകയും ചെയ്യും.
കണ്ണുകളെ ബാധിച്ചാല്‍
പ്രമേഹത്തിന് കൃത്യമായ ചികിത്സ ലഭിക്കാതിരുന്നാല്‍ കാലക്രമേണ കണ്ണിലെ ചെറിയ രക്തക്കുഴലുകള്‍ക്ക് തകരാര്‍ സംഭവിക്കുന്ന അവസ്ഥയാണ് റെറ്റിനോപതി. ആരംഭത്തില്‍ രോഗിക്ക് വലിയ വിഷമങ്ങളുണ്ടാകില്ലെങ്കിലും കണ്ണിന്റെ ഉള്‍ഭാഗം പരിശോധിച്ചാല്‍ രക്തസ്രാവവും കേടുപാടുകളും കാണാന്‍ സാധിക്കും. രോഗാവസ്ഥ നേരത്തേ തിരിച്ചറിഞ്ഞ് അനുയോജ്യമായ ചികിത്സ നല്‍കിയില്ലെങ്കില്‍ കാഴ്ച നഷ്ടപ്പെടാം. ചെറിയതോതിലുള്ള തകരാറുകള്‍ ആരംഭത്തിലേ കണ്ടുപിടിച്ചാല്‍ ചികിത്സിക്കാന്‍ സാധിക്കും. കാഴ്ച നഷ്ടപ്പെട്ടാല്‍ കാര്യമായ ചികിത്സയൊന്നുമില്ല എന്നകാര്യം മറക്കരുത്. എല്ലാ പ്രമേഹബാധിതരും വര്‍ഷത്തിലൊരിക്കല്‍ ഡോക്ടറെ സന്ദര്‍ശിച്ച് നേത്രപരിശോധന നടത്തേണ്ടത് നിര്‍ബന്ധമാണ്.
വൃക്കകളെ ബാധിച്ചാല്‍
പ്രമേഹരോഗികള്‍ക്ക് പിടിപെടാന്‍ സാധ്യതയുള്ള വൃക്കരോഗമാണ് നെഫ്രോപതി. ഹൈപ്പര്‍ ഗ്ലൈസീമിയ, വൃക്കകളെ തകരാറിലാക്കുകയും മൂത്രത്തില്‍ക്കൂടി ആല്‍ബുമിന്‍ പോകാന്‍ തുടങ്ങുകയും ചെയ്യും. ഈ ആല്‍ബുമിനൂറിയ ആണ് വൃക്കകളില്‍ വരുന്ന ആദ്യത്തെ തകരാര്‍. ഇത് പരിഹരിച്ചില്ലെങ്കില്‍ കാലക്രമേണ വൃക്കകളുടെ പ്രവര്‍ത്തനം മന്ദഗതിയിലാകും. ആരംഭഘട്ടത്തില്‍ മരുന്നുകള്‍കൊണ്ട് ചെറിയ ആശ്വാസം ലഭിക്കുമെങ്കിലും കാലക്രമേണ വൃക്കകളുടെ പ്രവര്‍ത്തനം കുറഞ്ഞ് ഡയാലിസിസിനും വൃക്കമാറ്റിവെക്കലിനും രോഗിയെ വിധേയമാക്കേണ്ടിവരും.
നെഫ്രോപതി ആരംഭത്തില്‍ കണ്ടെത്തി ചികിത്സ ലഭ്യമാക്കിയാല്‍ അവസാനഘട്ട വൃക്കസംബന്ധമായ പരാജയം ഒഴിവാക്കാം. അതിനാല്‍ എല്ലാ പ്രമേഹരോഗിക്കും വര്‍ഷത്തിലൊരു പ്രാവശ്യം രക്തത്തിലെ ക്രിയാറ്റിന്‍ പരിശോധനയും മൂത്രത്തിലെ മൈക്രോആല്‍ബുമിന്‍ പരിശോധനയും നടത്തേണ്ടത് അനിവാര്യമാണ്.
നാഡികളെ തകരാറിലാക്കുന്നു
നമ്മുടെ ശരീരത്തിലെ എല്ലാ ഭാഗത്തേയും തലച്ചോറുമായി ബന്ധിപ്പിക്കുന്നത് നാഡികളാണ്. ഈ നാഡികള്‍ക്ക് ആവശ്യമായ രക്തം എത്തിച്ചുനല്‍കുന്ന വളരെ ചെറിയ രക്തക്കുഴലുകള്‍ക്ക് പ്രമേഹം മൂലം തകരാര്‍ സംഭവിക്കുകയും പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഡയബറ്റിക് ന്യൂറോപതി. ഈ അവസ്ഥ മൂലം പാദങ്ങളിലും കാലുകളിലും പെരുപ്പ്, മരവിപ്പ്, വേദന മുതലായവ രോഗിക്ക് അനുഭവപ്പെടും. ചിലപ്പോള്‍ ഈ പെരുപ്പും വേദനയും അസഹനീയമാവുകയും ഉറക്കത്തെ സാരമായി ബാധിക്കുകയും ചെയ്യും. ന്യൂറോപതി ചികിത്സിക്കാന്‍ വളരെ വിഷമമുള്ള അവസ്ഥയാണ്. പ്രമേഹം നല്ലവണ്ണം നിയന്ത്രിക്കുകയും ന്യൂറോ വിറ്റാമിനുകള്‍ കഴിക്കുകയും നാഡികളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന മരുന്നുകള്‍ കഴിക്കുകയും ചെയ്യുന്നതിലൂടെ രോഗികള്‍ക്ക് ആശ്വാസം ലഭിക്കും.
ഹൃദയത്തെ അപകടത്തിലാക്കുന്നു
വലിയ രക്തക്കുഴലുകളിലുണ്ടാകുന്ന അതിറോസ്‌ക്ലീറോസിസ് എന്ന അവസ്ഥയ്ക്കും പ്രധാന കാരണം പ്രമേഹമാണ്. അതിറോസ്‌ക്ലീറോസിസ് ഹൃദയാഘാതത്തിനു വഴിയൊരുക്കും. മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രമേഹരോഗികള്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത മൂന്നുമടങ്ങ് കൂടുതലാണ്. അതുപോലെ ഹൃദ്രോഗം വന്നാല്‍ പ്രമേഹരോഗികള്‍ക്ക്, മരണസാധ്യത രണ്ടിരട്ടി അധികമാണ്.
പ്രമേഹം കൂടാതെ ഉയര്‍ന്ന രക്തസമ്മര്‍ദം, കൂടിയ കൊളസ്‌ട്രോള്‍, പുകവലി ഇവയെല്ലാം അതിറോസ്‌ക്ലീറോസിസിനിടയാക്കും. അതുകൊണ്ടാണ് പ്രമേഹരോഗികള്‍ മികച്ച ചികിത്സ ഉറപ്പാക്കണമെന്നും അതിനോടൊപ്പം കൊളസ്‌ട്രോളും രക്തസമ്മര്‍ദവും പരിശോധിക്കണമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എല്ലാ പ്രമേഹരോഗികളും വര്‍ഷത്തിലൊരു പ്രാവശ്യമെങ്കിലും കൊളസ്‌ട്രോള്‍, ബി.പി. എന്നിവ പരിശോധിക്കുകയും ഇ.ഇ.ജി. എടുക്കുകയും ചെയ്യുന്നത് നല്ലതാണ്. പ്രമേഹരോഗികള്‍ പുകവലി പൂര്‍ണമായും ഒഴിവാക്കണം. പാരമ്പര്യമായി ഹൃദ്രോഗമുള്ള വീട്ടിലെ പ്രമേഹരോഗികള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം കൊളസ്‌ട്രോളിന്റെ മരുന്നുകഴിക്കേണ്ടത് ആവശ്യമാണ്. ചുരുക്കിപ്പറഞ്ഞാല്‍ പ്രമേഹരോഗികള്‍ ഹൃദ്രോഗം വരാതിരിക്കാന്‍ സകലപ്രതിരോധങ്ങളും സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.
തലച്ചോറിന് വരുന്ന സങ്കീര്‍ണതകള്‍
നമ്മുടെ സകല അവയവങ്ങളെയും നിയന്ത്രിക്കുന്ന തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിന് രക്തയോട്ടവും രക്തത്തിലെ പഞ്ചസാരയുടെ അളവും കൃത്യമായിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന ധമനികളുടെ ഭിത്തിക്ക്, അതിറോസ്‌ക്ലീറോസിസ് എന്ന തകരാറുണ്ടാകാന്‍ പ്രമേഹം പ്രധാന കാരണമാണ്. ഇങ്ങനെ തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുമ്പോള്‍ പക്ഷാഘാതമുണ്ടാകും. തലച്ചോറിന്റെ ഏതുഭാഗത്തുള്ള ധമനികള്‍ക്കാണ് തകരാര്‍ സംഭവിക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കി ശരീരത്തിന്റെ ഇടതുഭാഗമോ വലതുഭാഗമോ സ്തംഭിക്കാം. ചിലപ്പോള്‍ സംസാരശേഷിയും നടക്കാനുള്ള ബാലന്‍സും നഷ്ടപ്പെടാം. ഇത്തരം പക്ഷാഘാതങ്ങള്‍ വരാന്‍ കാരണം പ്രമേഹം കൂടാതെ അമിതമായ രക്തസമ്മര്‍ദം, രക്തത്തില്‍ കൂടിയ അളവിലുള്ള കൊളസ്‌ട്രോള്‍ മുതലായവയാണ്. അതുകൊണ്ട് പ്രമേഹരോഗികള്‍ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതോടൊപ്പം ബി.പി.യും കൊളസ്‌ട്രോളും നിയന്ത്രിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
സങ്കീര്‍ണതകള്‍ വരാതിരിക്കാന്‍
പ്രമേഹം ഉണ്ടാക്കുന്ന സങ്കീര്‍ണതകളെക്കുറിച്ച് മനസ്സിലാക്കിക്കഴിഞ്ഞു. ഇത്തരം പ്രശ്നങ്ങള്‍ സംഭവിക്കാതിരിക്കാന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണതോതില്‍ നിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഇതുകൂടാതെ ക്രോണിക് സങ്കീര്‍ണതകള്‍ വരാതിരിക്കാന്‍, രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതോടൊപ്പം രക്തസമ്മര്‍ദവും കൊളസ്‌ട്രോളും നിയന്ത്രിക്കേണ്ടതാണ്. മുന്‍കരുതലുകളും പ്രതിരോധനടപടികളും സ്വീകരിച്ചാല്‍ ഒരുപരിധിവരെ തടയാനാകുന്നതാണ് പ്രമേഹരോഗസങ്കീര്‍ണതകള്‍. ഓര്‍ക്കുക, സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടിവരില്ല.
പാദങ്ങളില്‍ മുറിവ് വന്നാല്‍
പ്രമേഹം ശരിയായി ചികിത്സിച്ചില്ലെങ്കില്‍, കാലുകളിലേക്കുള്ള രക്തയോട്ടം കുറയാന്‍ സാധ്യതയുണ്ട്. ധമനികളുടെ ഭിത്തിയില്‍ വരുന്ന അതിറോസ്‌ക്ലീറോസിസ് കാലിലെ രക്തക്കുഴലുകള്‍ക്കും വരാം. അങ്ങനെ സംഭവിച്ചാല്‍, കാലിലുണ്ടാകുന്ന വ്രണങ്ങള്‍ ഉണങ്ങുകയില്ല. കാലിന്റെ ശക്തി കുറയുകയും കാലിലെ വിരലുകള്‍ മുറിച്ചുകളയേണ്ട അവസ്ഥ വരികയും ചെയ്യാം. കാലുകള്‍ മുറിച്ചുമാറ്റുന്ന ആംപ്യൂട്ടേഷന്‍ എന്ന ശസ്ത്രക്രിയയിലേക്ക് നയിക്കുന്നത് പ്രമേഹമാണെന്ന കാര്യം മറക്കരുത്.
നല്ല പോലെ ശ്രദ്ധിച്ചാല്‍ തടയാന്‍ കഴിയുന്ന അവസ്ഥയാണ് ഡയബറ്റിക് ഫൂട്ട്. പ്രമേഹരോഗികള്‍ ദിവസവും അവരുടെ പാദങ്ങള്‍ കഴുകിയുണക്കി വൃത്തിയായി സൂക്ഷിക്കുകയും ചെറിയ മുറിവുകള്‍ ആരംഭത്തിലേ ഡോക്ടറെ കാണിച്ച് ചികിത്സിക്കുകയും വേണം. പ്രമേഹരോഗികള്‍ക്ക് ന്യൂറോപ്പതി മൂലം ചിലപ്പോള്‍ വേദന അറിയാന്‍ സാധിക്കാതെ വരും. അങ്ങനെയുള്ളവര്‍ കാലുകള്‍ മറ്റുള്ളവരുടെ സഹായത്തോടെ വൃത്തിയാക്കി സൂക്ഷിക്കേണ്ടതാണ്.
You must be logged in to post a comment Login