കോഴിക്കോട് : പോലീസ് സ്റ്റേഷനിലെ ലാപ്ടോപ്പ് നഷ്ടപ്പെട്ടതിന് പിന്നാലെ കസ്റ്റഡിയിലെടുത്ത വാഹനത്തിന്റെ ബാറ്ററിയും മോഷ്ടിച്ചു. പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ ലാപ്ടോപ്പ് കാണാതായ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇക്കഴിഞ്ഞ ദിവസം കോഴിക്കോട് സിറ്റിയില്‍ പോലീസിനെ “വേട്ട’യാടും വിധത്തില്‍ മോഷണം നടന്നത്.
അതേസമയം, നാണക്കേടായി മാറിയേക്കാവുന്ന സംഭവത്തില്‍ തൊണ്ടിമുതലും മോഷ്ടാവിനെയും കണ്ടെത്താന്‍ സാധിച്ചതിന്റെ ആശ്വാസത്തിലാണ് പോലീസുകാര്‍. തൊണ്ടിമുതലിനും സ്വത്തിനും സംരക്ഷണം നല്കാന് എന്ത് സുരക്ഷ ഒരുക്കണമെന്ന ആശങ്കയിലാണ് പോലീസ്.
ഫറോക്ക് പോലീസ് സ്റ്റേഷനിലാണ് കസ്റ്റഡിയിലെടുത്ത ടിപ്പര്‍ ലോറിയുടെ ബാറ്ററി ഞായറാഴ്ച മോഷ്ടിച്ചത്. അനധികൃതമായി മണ്ണുമായി പോവുകയായിരുന്ന ടിപ്പര്‍ ലോറി പോലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ചിരുന്നു. തുടര്‍ന്ന് ജിയോളജി വകുപ്പിലേക്കു റിപ്പോര്‍ട്ടും സമര്‍പ്പിച്ചു.
തുടര്‍നടപടികള്‍ പുരോഗമിക്കവെ ഉടമ സ്റ്റേഷനിലെത്തി ലോറി സുരക്ഷിതമാണോയെന്നു പരിശോധിക്കാറുണ്ടായിരുന്നു. ഞായറാഴ്ച രാവിലെയും ഉടമയെത്തി പരിശോധിച്ചു. വൈകുന്നേരം വീണ്ടുമെത്തിയപ്പോള്‍ ലോറിയുടെ ബാറ്ററി കാണ്മാനില്ല ! ഉടന്‍ ഇക്കാര്യം ഫറോക്ക് പോലീസില്‍ അറിയിച്ചു. രേഖാമൂലം പരാതിയും നല്കി.
പോലീസ് സ്റ്റേഷന് പരിസരത്തു നിര്‍ത്തിയിട്ട വാഹനത്തില്‍ മോഷണം നടന്നുവെന്നതു പോലീസിനെയും ഞെട്ടിച്ചു. ഉടന്‍തന്നെ അന്വേഷണം ആരംഭിച്ചു. പോലീസ് സ്റ്റേഷനില്‍ പുറത്തുനിന്നു മോഷ്ടാവെത്തി പകല്‍ മോഷണം നടത്താനുള്ള സാധ്യത വിരളമായിരുന്നു. അതിനിടെയാണ് ഞായറാഴ്ച സ്റ്റേഷനില്‍ പഴയ വാഹനങ്ങള്‍ പൊളിച്ചെടുക്കുന്ന സ്ക്രാപ്പ് സംഘം എത്തിയതും ഇവര്‍ ഇവിടെ വച്ചു വാഹനം പൊളിച്ചതും പോലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്.
പാലക്കാടുള്ള സ്ക്രാപ്പ് വസ്തുക്കള്‍ എടുക്കുന്ന സ്ഥാപനത്തിനായിരുന്നു കരാര്‍ നല്‍കിയിരുന്നത്. സ്റ്റേഷനിലെത്തിയ തൊഴിലാളികളെ പോലീസ് വിളിച്ചുവരുത്തി. മൂന്നു തമിഴ്നാട് സ്വദേശിയും ക്രെയിന്‍ ഓപ്പറേറ്ററായ പാലക്കാട് സ്വദേശിയുമായിരുന്നുള്ളത്. ചോദ്യം ചെയ്യലില്‍ ഇവര്‍ ഒന്നുമറിയില്ലെന്നു വ്യക്തമാക്കി.
ഒടുവില്‍ അടുത്ത ദിവസം വിരലടയാളം പരിശോധിക്കണമെന്നും അതിനായി വിദഗ്ധര്‍ എത്തുമെന്നും സ്റ്റേഷനില്‍ ഹാജരാകണമെന്നും അറിയിച്ച് ഇവരെ വിട്ടയച്ചു. എന്നാൽ, സ്റ്റേഷനിലെ തന്നെ മറ്റൊരു ടിപ്പര്‍ലോറിയുടെ അടിയില്‍ നഷ്ടപ്പെട്ട ബാറ്ററി ഇതിനിടെ പ്രത്യക്ഷപ്പെട്ടു. ഇതോടെ മോഷ്ടാവ് സ്ക്രാപ്പ് സംഘത്തിലുള്ളവരാണെന്ന് പോലീസ് ഉറപ്പിച്ചു.
പോലീസ് അന്വേഷണം ഊര്‍ജിതമാണെന്ന് അറിഞ്ഞതോടെ പാലക്കാട് പെരുവമ്പ്ര സ്വദേശി ജിതേഷ് ചന്ദ്രന് (34) ഒടുവില്‍ കുറ്റം സമ്മതിച്ചു. സ്ക്രാപ്പിനൊപ്പം ബാറ്ററിയും കൂടി വില്ക്കാമെന്നു കരുതി എടുത്തതാണെന്നു ജിതേഷ് മൊഴി നല്കി. തുടര്‍ന്ന് ഇയാളെ പ്രതി ചേര്‍ത്തു പോലീസ് കോടതിയില്‍ ഹാജരാക്കുകയും റിമാന്‍ഡ് ചെയ്യുകയുമായിരുന്നു.
You must be logged in to post a comment Login