കോഴിക്കോട്: ‘ഒരു തെളിവും ലഭിക്കരുത്, ആരും അറിയരുത്. സുഖമായി എവിടെയെങ്കിലും പോയി ജീവിക്കാം.’ – സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും കൂട്ടി നാടുവിട്ട യുവാവിന്റെ പദ്ധതി ഇതായിരുന്നു. അതുകൊണ്ട് തന്നെ ഒരു തെളിവും എവിടെയും നൽകാൻ ഇവർ തയാറായില്ല.
ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്ന് അറിയാവുന്നത് കൊണ്ട് 19കാരനായ യുവാവും 16കാരിയായ പെൺകുട്ടിയും ഫോൺ നമ്പർ എവിടെയും പരസ്യപ്പെടുത്താതെ രഹസ്യമായി നാടുവിട്ടു. എന്നാൽ നാടുവിട്ട് മണിക്കൂറുകൾക്കുള്ളിൽ പൊലീസ് ഇരുവരെയും പൊക്കി. കോഴിക്കോട് പന്തീരാങ്കാവിലാണ് കേസ് നടന്നത്.
∙ പ്രണയം
കഴിഞ്ഞ ലോക്ഡൗൺ സമയത്താണ് കണ്ണൂർ സ്വദേശിയായ യുവാവിനെ പെൺകുട്ടി സമൂഹമാധ്യമത്തിലൂടെ പരിചയപ്പെടുന്നത്. ബൈക്ക് സ്റ്റൻഡർ ആണെന്നാണ് പെൺകുട്ടിയോട് പറഞ്ഞത്. ബൈക്കുമായി നിൽക്കുന്ന ഒട്ടേറെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ യുവാവ് പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. സൗഹൃദം പ്രണയത്തിലെത്തി. വിഡിയോ കോളിലൂടെയല്ലാതെ ഇരുവരും നേരിട്ട് കണ്ടില്ല. പെൺകുട്ടിക്ക് പുറത്തിറങ്ങാൻ മറ്റൊരു വഴിയും ഉണ്ടായില്ല. ആദ്യമായി കാണാൻ മാസങ്ങളോളം കാത്തിരുന്നു.
∙ ഒളിച്ചോട്ടം
മാസങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ഇരുവരും ഒളിച്ചോടാൻ തീരുമാനിച്ചത്. സ്കൂൾ തുറക്കുന്ന തീയതി തന്നെ ഒളിച്ചോടാൻ പദ്ധതിയിട്ടു. പൊലീസ് പുറകെ വരുമെന്നതിനാൽ ഫോൺ നമ്പർ ആർക്കും നൽകിയില്ല. അതുകൊണ്ടു തന്നെ പെൺകുട്ടി ഫോൺ എടുത്തില്ല. യുവാവിനെക്കുറിച്ച് പരാതി വരില്ലെന്നും ഇരുവരുടെയും അടുപ്പം പെൺകുട്ടിയുടെ വീട്ടുകാർക്ക് അറിയാത്തതുകൊണ്ട് യുവാവിനെ ചുറ്റിപ്പറ്റി അന്വേഷണം വരില്ലെന്നും ഇവർ കരുതി. സ്കൂളിലേക്കാണെന്നു പറഞ്ഞിറങ്ങിയ കുട്ടി സ്കൂളിലെത്തിയില്ലെന്നു പറഞ്ഞു സഹപാഠികൾ അറിയിച്ചതിനെത്തുടർന്നാണ് കുട്ടിയെ കാണാതായ വിവരം വീട്ടുകാരറിയുന്നത്. അതോടെ ബന്ധുക്കൾ പന്തീരാങ്കാവ് പൊലീസിൽ പരാതി നൽകി.
തുമ്പൊന്നും ആർക്കും കിട്ടാതിരിക്കാൻ ഫോൺ നമ്പർ എവിടെയും നൽകാതെ യുവാവും കുട്ടിയും നേരത്തെ മുതൽ തന്നെ ശ്രമിച്ചിരുന്നു. നഗരത്തിലെയും പന്തീരാങ്കാവിലെയും സിസിടിവി ദൃശ്യങ്ങൾ പലതും പരിശോധിച്ചെങ്കിലും ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചില്ല. തുടർന്ന് റെയിൽവേ സ്റ്റേഷനിലെയും കെഎസ്ആർടിസി, മൊഫ്യുസിൽ ബസ് സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിലെയും സിസിടിവി പരിശോധിച്ചു. അതിനിടെ റെയിൽവേ സ്റ്റേഷനിൽ പെൺകുട്ടിയെ കണ്ടു. ഒപ്പം ഒരു പയ്യനും കൂടെയുണ്ടായിരുന്നു.
യുവാവിനെക്കുറിച്ച് ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ സഹപാഠികൾക്കോ അറിയില്ല. ഇരുവരും ട്രെയിൻ കയറി നാടുവിടാനായിരുന്നു പദ്ധതിയെന്ന് പൊലീസ് ഉറപ്പിച്ചു. യുവാവ് ടിക്കറ്റ് എടുത്ത സമയം സിസിടിവിയിൽ നോക്കി ആ സമയം റെയിൽവേയുടെ കംപ്യൂട്ടറിൽ പരിശോധിച്ച് എങ്ങോട്ടാണെന്ന് അന്വേഷിച്ചു. ആ സമയത്തുള്ള മൂന്ന് ടിക്കറ്റിൽ രണ്ടെണ്ണം കൊല്ലത്തേക്കെന്നു ബോധ്യമായി. ചാർട്ട്ലിസ്റ്റ് നോക്കി കംപാർട്മെന്റിൽ അന്വേഷിച്ചപ്പോൾ ആ ഒരു ട്രെയിനിൽ ഇരുവരും യാത്ര ചെയ്തില്ലെന്നു അറിഞ്ഞു. അന്വേഷണം വഴിമുട്ടി.
∙ ട്വിസ്റ്റ്
കൊല്ലത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും അവർ ആ ട്രെയിനിൽ യാത്ര ചെയ്തില്ലെന്നു മനസ്സിലാക്കിയ പൊലീസ് സമ്മർദത്തിലായി. പിന്നെ എങ്ങോട്ട് പോയിട്ടുണ്ടാകും എന്നുള്ള ചോദ്യം പൊലീസിനെ കുഴപ്പിച്ചു. യുവാവ് ആരാണെന്ന ചോദ്യവും പൊലീസിന് തലവേദനയായ. നാട്ടുകാരനും അല്ല, സഹപാഠിയും അല്ല, പിന്നെ ആര്?. ഫോൺ നമ്പർ നൽകാൻ മനസ്സു കാണിക്കാത്ത യുവാവ് തന്റെ യഥാർഥ പേര് നൽകിയായിരുന്നു ടിക്കറ്റ് എടുത്തത്. ഇല്ലെങ്കിൽ ടിടിആർ തിരിച്ചറിയൽ രേഖ ചോദിക്കുമെന്ന് അറിയാമായിരുന്നു. അതുവഴി പൊലീസ് ഒരു അന്വേഷണം നടത്തി.
∙ തുമ്പ്
ടിക്കറ്റ് ബുക്ക് ചെയ്ത യുവാവ് തന്റെ യഥാർഥ പേര് നൽകിയത് പൊലീസിനു തുമ്പായി. ഈ പേര് ഫെയ്സ്ബുക്കിൽ പരിശോധിച്ചപ്പോൾ പെൺകുട്ടിയെ ഫ്രണ്ടായി കണ്ടു. സിസിടിവി ദൃശ്യങ്ങളിൽ പെൺകുട്ടിക്കൊപ്പം കണ്ട യുവാവു തന്നെയായിരുന്നു അത്. ഫെയ്സ്ബുക് അക്കൗണ്ട് ആരംഭിക്കുമ്പോൾ യുവാവ് നമ്പർ നൽകിയിരുന്നു. ഈ നമ്പർ സൈബർ സെൽ പരിശോധിച്ചപ്പോൾ നമ്പർ പ്രവർത്തിക്കുന്നുണ്ടെന്നു മനസ്സിലായി. ഇതോടെ പൊലീസിന് ആശ്വാസമായി.
താനും പെൺകുട്ടിയുമായി ബന്ധപ്പെടുത്തുന്ന ഒരു തെളിവുകളും പൊലീസിനു ലഭിക്കില്ലെന്നായിരുന്നു യുവാവിന്റെ വിശ്വാസം. എന്നാൽ സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ ഫോൺ നമ്പർ ഉള്ളയാൾ കൊട്ടാരക്കര ഭാഗത്തുടെ യാത്ര ചെയ്യുകയാണെന്ന് മനസ്സിലായി. ഉടൻ തന്നെ കോഴിക്കോട് പൊലീസ് കൊട്ടാരക്കര പൊലീസിനു വിവരം നൽകി. കൊട്ടാരക്കര പൊലീസിനു ഇരുവരുടെയും ചിത്രങ്ങളും അയച്ചു നൽകി. അതോടെ പൊലീസ് കോഴിക്കോട് ഭാഗത്തുനിന്നു വരുന്ന ബസുകൾ പരിശോധിക്കാനും തുടങ്ങി. ഇതിനിടെ ഒരു ബസിൽനിന്ന് പെൺകുട്ടിയെയും യുവാവിനെയും പൊലീസ് പൊക്കി.
∙ നാടകീയ അവസാനം
കോഴിക്കോട്ടെത്തിച്ച ഇരുവരെയും പൊലീസിനു മുന്നിൽ ഹാജരാക്കി. ആദ്യമായാണ് നേരിൽ കണ്ടതെന്നും ഒരുമിച്ച് ജീവിക്കാനായാണ് നാടുവിട്ടതെന്നും ഇരുവരും പൊലീസിനു മൊഴി നൽകി. 19കാരനായ യുവാവ് ഇതുവരെയും ജോലിക്ക് പോയിട്ടില്ല. പഠിക്കുകയാണ്. ലോക്ഡൗൺ സമയത്താണ് സമൂഹമാധ്യമം വഴി ഇരുവരും പരിചയത്തിലാകുന്നത്. ഏതെങ്കിലും നാട്ടിൽപോയി ജീവിക്കാനുള്ള പദ്ധതിയാണ് നിങ്ങൾ പൊളിച്ചതെന്നു പറഞ്ഞ് യുവാവ് പൊലീസിനെ ചീത്തവിളിച്ചു.
വിദ്യാർഥികളായതിനാൽ ഇരുവർക്കും പ്രായത്തിന്റെ പക്വതക്കുറവാണെന്ന് പൊലീസിനും ബോധ്യമായി. എന്നാൽ പെൺകുട്ടി പ്രായപൂർത്തിയാകാത്തതിനാൽ പൊലീസ് യുവാവിന്റെ പേരിൽ കേസെടുത്തു. പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്യുകയും ചെയ്തു. ഉളിക്കൽ സ്വദേശി അജാസ് (19) നെയാണ് പൊലീസ് അറസ്റ്റു ചെയ്തു. പെൺകുട്ടിയെ ബന്ധുക്കൾക്കൊപ്പം വിട്ടയയ്ക്കുകയും ചെയ്തു.
പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ബൈജു കെ.ജോസ്, എസ്ഐ ടി.വി. ധനഞ്ജയൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഒപ്പം സ്റ്റേഷനിലെ സിപിഒ രഞ്ജിത്, പ്രഭാത്, മുരളീധരൻ തുടങ്ങി ഉദ്യോഗസ്ഥരും. മൂന്ന് ടീമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ് ചെയ്യാൻ സാധിച്ചത്.
You must be logged in to post a comment Login