കേളകം: സി പി എം കൊട്ടിയൂർ ലോക്കലിന് പുറമെ കേളകം ലോക്കൽ കമ്മിറ്റിയിലും ഔദ്യോഗിക പാനലിനെതിരെ മത്സരം.ഡി.വൈ.എഫ്.ഐ. ബ്ലോക്ക് ഭാരവാഹിയായ സി.വി. ധനേഷ് കേളകം ലോക്കൽ കമ്മിറ്റിയിൽ നിന്ന് മത്സരം ഉണ്ടായപ്പോൾ പുറത്തായത് ഔദ്യോഗിക വിഭാഗത്തിന് തിരിച്ചടിയായി. മുൻപ് പാർട്ടി നടപടിക്ക് വിധേയനായി ലോക്കൽ കമ്മിറ്റിയിൽ നിന്ന് ധനേഷിനെ സസ്പെൻറ് ചെയ്തിരുന്നു. തുടർന്ന് അന്വേഷണ കമ്മീഷൻ കുറ്റക്കാരനല്ലന്ന് കണ്ടെത്തി ലോക്കൽ കമ്മറ്റിയിൽ തിരിച്ചെടുക്കുകയും ചെയ്തു. എന്നാൽ സമ്മേളനത്തിൽ കമ്മിറ്റി പാനലിൽ ധനേഷിനെ ഉൾപ്പെടുത്തിയതോടെ മുതിർന്ന നേതാവ് പി.കെ.മോഹനൻ മാസ്റ്റർ മത്സരിക്കുകയായിരുന്നു. ആകെ 77 പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ 57 വോട്ട് നേടി മോഹനൻ മാസ്റ്റർ ലോക്കൽ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഔദ്യോഗിക പാനലിലെ ധനേഷിന് 54 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.ലോക്കൽ കമ്മിറ്റിയിൽ നിന്ന് പുറത്താവുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റും ഏരിയയിലെ പ്രധാന നേതാവുമായ സി.ടി.അനീഷിന്റെ വിശ്വസ്തനാണ് ധനേഷ്.
കൊട്ടിയൂർ ലോക്കൽ സമ്മേളനത്തിൽ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച പ്രതിനിധി തോറ്റിരുന്നു. ഇതിന് പിന്നാലെയാണ് കേളകം ലോക്കലിലും ഔദ്യോഗിക പാനലിനെതിരെ മത്സരം നടന്നത്.
കോളയാട് ലോക്കൽ സമ്മേളനത്തിൽ രവി ചോലയെ ലോക്കൽ സെക്രട്ടറിയായി നിശ്ചയിക്കാനായിരുന്നു ഏരിയ കമ്മിറ്റിയുടെ ഇടപെടൽ നടന്നത്. എന്നാൽ വോട്ടെടുപ്പ് നടന്നില്ലെങ്കിലും ലോക്കൽ സമ്മേളന പ്രതിനിധികളുടെ കൂടുതൽ പിന്തുണ ലഭിച്ച പി.രതീഷിനെ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയായിരുന്നു.
മുഴക്കുന്ന് ലോക്കലിലെ സെക്രട്ടറിയെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട വിവാദം പാർട്ടിക്കുള്ളിൽ പുകയുകയാണ്. ജില്ലയിൽ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട വനിതാ ലോക്കൽ സെക്രട്ടറി എന്ന വിശേഷണം ലഭിച്ച ടി.പ്രസന്നയുടെ സ്ഥാന ലബ്ധിക്കെതിരെ കടുത്ത എതിർപ്പാണ് ലോക്കലിൽ ഉള്ളത്.സംസ്ഥാന കമ്മിറ്റി അംഗം ഇടപെട്ടാണ് പാർട്ടിയുടെ താഴെ തട്ടിലുള്ളവർക്ക് താല്പര്യമില്ലാത്ത സെക്രട്ടറിയെ നിശ്ചയിച്ചതെന്ന് ചൂണ്ടിക്കാട്ടി ഏരിയ കമ്മിറ്റിക്ക് ഒരു വിഭാഗം പരാതി നൽകിയതായി സൂചനയുണ്ട്.
നവമ്പർ രണ്ട്, മൂന്ന് തീയ്യതികളിൽ സി.പി.എം പേരാവൂർ ഏരിയ സമ്മേളനം കൊട്ടിയൂരിൽ നടക്കാനിരിക്കെ നേതൃത്വത്തിന് തലവേദനയായി ലോക്കൽ കമ്മിറ്റികളിലെ വിഭാഗീയതയും സഹകരണ സ്ഥാപനങ്ങളിലെ ക്രമക്കേടുകളും മാറിയിട്ടുണ്ട്. പതിവില്ലാത്ത വിധം ഇത്തവണ ചില ലോക്കൽ സമ്മേളനങ്ങളിൽ നടന്ന വിഭാഗീയതയും മത്സരവും ഏരിയ സമ്മേളനത്തിലും ആവർത്തിച്ചേക്കുമെന്ന വിലയിരുത്തലിലാണ് പാർട്ടി ഏരിയ നേതൃത്വം.
പേരാവൂർ ഏരിയയിലെ പതിനൊന്ന് ലോക്കലുകളിൽ അഞ്ചിടത്ത് സെക്രട്ടറിമാരെ മാറ്റി. കേളകം, മുഴക്കുന്ന് സമ്മേളനങ്ങളിൽ സഹകരണ സ്ഥാപന ക്രമക്കേട് വിഷയം പ്രതിനിധികൾ ഉന്നയിച്ചു.പാർട്ടി ഭരിക്കുന്ന പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിലെ പ്രവർത്തനങ്ങൾ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ചില ലോക്കൽ സമ്മേളനങ്ങളിൽ പ്രതിനിധികൾ ഉന്നയിച്ചതായും സൂചനയുണ്ട്. ഹൗസ് ബിൽഡിങ്ങ് സൊസൈറ്റി, കള്ള് ചെത്ത് സഹകരണസംഘം, കൊളക്കാട് സഹകരണ ബാങ്ക് എന്നിവയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി നേതൃത്വത്തിനെതിരെ കടുത്ത വിമർശനമാണ് ലോക്കൽ സമ്മേളനങ്ങളിൽ ഉയർന്നത്.
മുതിർന്ന നേതാവിൻ്റെ അടുത്ത ബന്ധുവിനെ പേരാവൂർ റീജണൽ ബാങ്കിൽ നിയമിക്കാനുള്ള നീക്കത്തിനെതിരെ ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങളിൽ കടുത്ത വിമർശമാണ് ഉയർന്നത്. പാർട്ടിക്ക് പൊതുജന മധ്യത്തിൽ അവമതിപ്പുണ്ടാക്കുന്ന വിധത്തിൽ പ്രവർത്തിച്ച ചില നേതാക്കൾക്കെതിരെ കടുത്ത വിമർശനങ്ങളാണ് പാർട്ടി പ്രവർത്തകർ പോലും ഉയർത്തുന്നത്.
You must be logged in to post a comment Login