തിരുവനന്തപുരം: അമ്മ തേടി നടന്ന കുഞ്ഞിനെ ആന്ധ്രാപ്രദേശിലേക്ക് നാടുകടത്തി. പ്രസവിച്ച് മൂന്നാം ദിവസം മാതാപിതാക്കൾ എടുത്തുമാറ്റിയ മുൻ എസ്.എഫ്.ഐ. നേതാവ് അനുപമ. എസ്. ചന്ദ്രന്റെ കുഞ്ഞിനെ ശിശുക്ഷേമസമിതി ആന്ധ്രാപ്രദേശിലെ ദമ്പതിമാർക്ക് ദത്ത് നൽകിയതായാണ് സൂചന. തുടക്കത്തിൽ താത്‌കാലിക ദത്ത് നൽകിയ കുഞ്ഞിനെ സ്ഥിരമായി ദത്ത് നൽകാനുള്ള നടപടികൾ കോടതിയിൽ നടക്കുകയാണ്. വിവാദങ്ങൾക്കിടയിലും ഇതിനുള്ള നടപടികളുമായി ശിശുക്ഷേമസമിതി മുന്നോട്ടുപോവുകയാണ്.
ഏപ്രിൽ മുതൽ കുഞ്ഞിനെ അന്വേഷിച്ചുള്ള പരാതിയുമായി പോലീസ് സ്‌റ്റേഷൻ മുതൽ ഡി.ജി.പി.ക്കു മുന്നിൽ വരെ അമ്മ എത്തിയെങ്കിലും ദത്തു നൽകി അടുത്ത ദിവസമാണ് കുഞ്ഞിനെ നൽകിയത് ശിശുക്ഷേമ സമിതിയിലാണെന്ന് ഇവർ അറിയുന്നത്. പോലീസിനു ലഭിച്ച പരാതികൾ നാലു മാസത്തോളം വൈകിപ്പിച്ചത് ദുരൂഹത ഉയർത്തുന്നുണ്ട്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയിലും ഏപ്രിലിൽ പരാതി നൽകിയെങ്കിലും തുടർനടപടികളുണ്ടായില്ല.
ഓഗസ്റ്റ് ആദ്യവാരം ശിശുക്ഷേമസമിതി ദത്ത് നൽകിയ കുഞ്ഞ് അനുപമയുടേതാണെന്നാണ് സംശയം. രണ്ട് ദിവസത്തിനു ശേഷമാണ് കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർ ഓഫീസിലെത്തിയ മാതാപിതാക്കളോട് കുഞ്ഞ് ശിശുക്ഷേമസമിതിയിലുണ്ടെന്നു പറയുന്നത്. ഏപ്രിലിൽ പേരൂർക്കട പോലീസിലാണ് ആദ്യം പരാതി നൽകിയത്.
കുഞ്ഞിനെ നിയമപരമായാണ് നൽകിയിട്ടുള്ളതെന്നും എന്നാൽ, എവിടെയാണെന്ന് അനുപമയുടെ അച്ഛൻ പേരൂർക്കട ഏരിയാ കമ്മിറ്റി അംഗം കൂടിയായ പി.എസ്.ജയച്ചന്ദ്രൻ പറയുന്നില്ലെന്നുമാണ് പോലീസ് പറഞ്ഞത്. കേസെടുക്കാൻ അന്ന് തയ്യാറാകാത്ത പോലീസ് കഴിഞ്ഞ ദിവസം ജയച്ചന്ദ്രനും കുടുംബത്തിനും എതിരേ കേസെടുത്തു. ജൂൺ 12-ന് അനുപമ ഡി.ജി.പി. ലോക്‌നാഥ് െബഹ്‌റയ്ക്ക് പരാതി നൽകി. ഒരു മാസത്തിനു ശേഷമാണ് കുഞ്ഞെവിടെയാണെന്ന് പോലീസ് പറയുന്നത്.
ഏപ്രിലിൽ ശിശുക്ഷേമസമിതിയിലും ലഭിച്ച കുഞ്ഞുങ്ങളുടെ വിവരം തേടി രക്ഷിതാക്കൾ എത്തിയിരുന്നു. വിവരങ്ങൾ കോടതിയിലേ അറിയിക്കാനാവൂ എന്നാണ് അറിയിച്ചത്. എന്നാൽ, സമിതിയിലെ ഉന്നതരായ പലർക്കും കുഞ്ഞിനെ ഇവിടെ ഏൽപ്പിച്ച വിവരം അറിയാമായിരുന്നുവെന്നും മനഃപൂർവം മറച്ചുവയ്ക്കുകയായിരുന്നുവെന്നാണ് അനുപമ പറയുന്നത്. വിവരം അറിഞ്ഞ ഉടനെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ പരാതി നൽകി ഡി.എൻ.എ. ടെസ്റ്റ് നടത്തി. അതേ ദിവസം രാത്രി ലഭിച്ച ഒരു കുഞ്ഞിന്റെ ടെസ്റ്റാണ് ഒത്തുനോക്കാൻ നടത്തിയതെന്നാണ് വിവരം.
പരാതി അറിഞ്ഞില്ലെന്ന് നടിച്ച് ഇപ്പോഴും ദത്ത് നൽകാനുള്ള തുടർനടപടികൾ പൂർത്തിയാക്കാൻ ശിശുക്ഷേമസമിതി ശ്രമിക്കുകയാണെന്ന് കുഞ്ഞിന്റെ മാതാപിതാക്കളായ അനുപമയും അജിത്തും ആരോപിക്കുന്നു.
കുഞ്ഞിനെ കൈമാറിയെന്നു പറയുന്ന ദിവസം ശിശുക്ഷേമസമിതിയിൽ ‘ആൺകുട്ടി പെണ്ണായി’
അനുപമയുടെ കുഞ്ഞിനെ ശിശുക്ഷേമസമിതിക്ക് കൈമാറിയെന്ന് പറയുന്ന ദിവസം ആൺകുഞ്ഞിനെ പെണ്ണാക്കിയ വിവാദവും ശിശുക്ഷേമസമിതിയിൽ ഉണ്ടായി. 2020 ഒക്ടോബർ 22-നു വൈകീട്ടാണ് തന്റെ ആൺകുഞ്ഞിനെ രക്ഷിതാക്കൾ എടുത്തുമാറ്റിയതെന്നാണ് അനുപമ പറയുന്നത്. 22-ന് രാത്രി 12.30ഓടെ അമ്മത്തൊട്ടിലിൽ ഒരു പെൺകുഞ്ഞിനെ ലഭിച്ചെന്ന് ശിശുക്ഷേമസമിതി അടുത്ത ദിവസം പത്രക്കുറിപ്പ് ഇറക്കിയിരുന്നു. കുട്ടിക്ക് മലാല എന്ന പേരുമിട്ടു. ഈ സംഭവത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ശിശുക്ഷേമസമിതിയോടു വിശദീകരണം തേടിയിരുന്നു.
അമ്മത്തൊട്ടിലിൽ ലഭിക്കുന്ന കുഞ്ഞിനെ ശിശുക്ഷേമസമിതിയിലെ നഴ്‌സ് പരിശോധിച്ച ശേഷം തൈക്കാട് ആശുപത്രിയിൽ കൊണ്ടുപോയി മെഡിക്കൽ പരിശോധനയും നടത്തിയിരുന്നു. ഇവിടെയും പെൺകുഞ്ഞെന്നാണ് രേഖപ്പെടുത്തിയത്. തുടർന്ന് കോവിഡ് നിരീക്ഷണകേന്ദ്രത്തിലേക്കും മാറ്റി. ഇവിടെ വച്ചാണ് ആൺകുഞ്ഞെന്ന് മനസ്സിലാക്കിയതെന്നാണ് അധികൃതർ പറയുന്നത്.
രജിസ്റ്ററിൽ രേഖപ്പെടുത്തിയപ്പോൾ വന്ന സാങ്കേതികപ്പിഴവാണെന്നായിരുന്നു ശിശുക്ഷേമസമിതിയുടെ വാദം. രണ്ട് നഴ്‌സുമാർക്കെതിരേ നടപടിയെടുക്കുകയും ചെയ്തു. ഈ ദിവസം രാത്രിയും ഒരു ആൺകുഞ്ഞിനെയും അമ്മത്തൊട്ടിലിൽ ലഭിച്ചിരുന്നു. ഫുട്‌ബോൾ താരം പെലെയുടെ ജന്മദിനത്തിൽ ലഭിച്ചതിനാൽ ഈ കുഞ്ഞിന് എഡ്‌സൺ പെലെ എന്നാണ് പേരിട്ടിരുന്നത്.
You must be logged in to post a comment Login