മരം വെട്ടിയാല്‍ അവശേഷിക്കുന്ന മരക്കുറ്റികള്‍ക്ക് വരെ ഭൂമിയുടെ ഘടനയെ മാറ്റാനുള്ള കെല്‍പുണ്ടെന്നത് അല്‍പം അതിശയോക്തിയായി നമുക്ക് തോന്നാം. എന്നാല്‍ കേരളത്തില്‍ അടിക്കിടെ വര്‍ധിച്ചു വരുന്ന സോയില്‍ പൈപ്പിങ് പ്രതിഭാസത്തിന് വനനശീകരണവുമായി ചില ബന്ധങ്ങളുണ്ട്. സോയില്‍ പൈപ്പിങ്ങിനെ കുറിച്ചും ഉരുള്‍പൊട്ടലുകള്‍ പോലുള്ള ദുരന്തങ്ങള്‍ നേരിടാന്‍ നമ്മളെങ്ങനെയാണ് സജ്ജമാകേണ്ടത് എന്നതിനെക്കുറിച്ചും സംസാരിക്കുകയാണ് ഉരുള്‍പൊട്ടല്‍ വിദഗ്ധനും കേരളസര്‍വകലാശാല ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്‍വയണ്‍മെന്റല്‍ സയന്‍സ് വിസിറ്റിങ് പ്രൊഫസറുമായ ഡോ:എസ്. ശ്രീകുമാര്‍.
കിണറിടിയില്‍, വീടുകള്‍ക്കകത്ത് നിന്ന് ശബദം, വാസയോഗ്യമല്ലാത്ത വിധം വീടിന് വലിയ വിളളലുകള്‍ തുടങ്ങിയ പ്രതിഭാസങ്ങള്‍ അടുത്തകാലത്തായി വര്‍ധിച്ചു വരുന്നുണ്ട്. സോയില്‍ പൈപ്പിങ് ആണ് കാരണമെന്നും പറയുന്നു. ഈ പ്രതിഭാസത്തെ ഒന്നു വിശദീകരിക്കാമോ?
കളിമണ്‍പാളികള്‍ നിറഞ്ഞ വെട്ടുകല്‍ പ്രദേശത്ത് ജലത്തിന്റെ തള്ളിച്ചയില്‍ സംസക്തി ബലം (cohesion force) കുറവുള്ള കളിമണ്ണ് ഒഴുകി മാറുന്ന പ്രതിഭാസമാണ് സോയില്‍ പൈപ്പിങ്ങ്. 2012ല്‍ ഉപ്പുതുറ, 2005-ല്‍ ഇടുക്കിയിലെ തട്ടേക്കനി, 2004-ല്‍ കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഈ പ്രതിഭാസം ഉണ്ടായിട്ടുണ്ട്. 2018ലെ കാലവര്‍ഷത്തോടനുബന്ധിച്ച് സോയില്‍ പൈപ്പിങ് ആദ്യമായി തൃശ്ശൂര്‍ ജില്ലയിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2021ലെ കാലവര്‍ഷം കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ സോയില്‍ പൈപ്പിങ്ങിന്റെ ചില ലക്ഷണങ്ങള്‍ കാണിച്ചിട്ടുണ്ട്.
ഉപരിതല മണ്ണൊലിപ്പ് (Surface Erosion) പോലെ ഭൂഗര്‍ഭ മണ്ണൊലിപ്പ് (Subsurface Erosion) നടക്കുന്നുണ്ട്. ഭൗമാന്തര്‍ ഭാഗത്തു നടക്കുന്ന പ്രതിഭാസമായതിനാല്‍ പൊതുവെ നമ്മള്‍ തിരിച്ചറിയാന്‍ വൈകും. ഭൂമി വിണ്ടു കീറുകയോ കിണര്‍ ഇടിഞ്ഞു താഴുകയോ പോലെയുള്ള അസാധാരണ സംഭവങ്ങള്‍ നടക്കുമ്പോള്‍ മാത്രമേ സോയില്‍ പൈപ്പിങ് ശ്രദ്ധയില്‍പ്പെടാറുള്ളൂ. സോയിൽപൈപ്പിങ് സംഭവിക്കുമ്പോൾ ഭൗമാന്തര്‍ ഭാഗത്തെ മണ്ണ് ഭൂമിക്കടിയിലൂടെ തന്നെ കുഴലുകള്‍ പോലെയുള്ള ചാലുകളിലൂടെ ഒഴുകിപ്പോകയാണ്. തത്ഫലമായി മണ്ണിടിച്ചിൽ ഉണ്ടാകും.
വനം വെട്ടി വീടു വെക്കുമ്പോള്‍ അവശേഷിക്കുന്ന മരക്കുറ്റികള്‍ ദ്രവിച്ച് വെള്ളം താഴോട്ട് പോകും. വെട്ടുകല്ലിന്റെ താഴെയുള്ള മൃദുവായ മണ്‍പാളിയില്‍ വെള്ളം ചെന്ന് വര്‍ഷങ്ങളോളം കിടന്ന് ഈ മൃദു പാളി പിന്നീട് ഒഴുകിപ്പോകും. സോയില്‍പൈപ്പിങ്ങിന്റെ കാരണങ്ങളിലൊന്നാണിത്. അടിയന്തരമായുള്ള പഠനം നടത്തേണ്ട വിഷയമാണിത്. ഗ്രൗണ്ട് പെനട്രേഷന്‍ റഡാര്‍ സിസ്റ്റം ഉപയോഗിച്ചുള്ള പഠനമോ ഇലക്ട്രിക്കല്‍ റെസിസ്റ്റിവിറ്റി പഠനമോ നടത്തേണ്ട ആവശ്യകതയിലേക്കാണ് ഈ സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.
ചില പ്രദേശങ്ങളില്‍ മനുഷ്യര്‍ താമസിക്കുന്നതിനു മുകള്‍ ഭാഗത്തായി ഇറിഗേഷന്‍ കനാലുകള്‍ ഉണ്ട്. മഴയ്ക്കു മുമ്പുള്ള പരിശോധനക്കുറവ് ഒരിക്കല്‍ തൃശ്ശൂരില്‍ മണ്ണിടിച്ചിൽ വിളിച്ചു വരുത്തിയിരുന്നു. ഇറിഗേഷന്‍ കനാലില്‍ മണ്ണ് കുമിഞ്ഞു കൂടിയതാണ് അവിടെ ഉരുള്‍പൊട്ടലുണ്ടാക്കിയത്. അതിനാല്‍ മഴയ്ക്കു മുമ്പ് എവിടെയെങ്കിലും ഇറിഗേഷന്‍ കനാല്‍ പോകുന്നുണ്ടെങ്കില്‍ അതിന്റെ ബലവും മണ്ണ് കമുഞ്ഞു കൂടിയതുമെല്ലാം പരിശോധിച്ചുറപ്പിക്കുന്നതും നല്ലതാണ്.
നമ്മുടെ നാട്ടിലേതു പോലെ പാശ്ചാത്യരാജ്യങ്ങളില്‍ കണ്ടുവരാത്ത ഒന്നാണ് വീടുകൾക്കു ചുറ്റിലുമുള്ല മതിൽകെട്ട്. ഇത്രയധികം നദികളും ഉറവുകളും ഉള്ള കേരളത്തിലെ സ്വാഭാവിക നീരൊഴിക്കിനെ തടസ്സപ്പെടുത്തുന്ന ഒന്നല്ലേ വീടിനു ചുറ്റും കെട്ടിപ്പൊക്കുന്ന കൂറ്റന്‍ മതിലുകള്‍. ഇതില്‍ ഒരു നയം കൊണ്ടുവരുന്നത് പ്രായോഗികമാണോ?
മതിലുകള്‍ കേരളത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമായി മാറി. മതിലില്ലെന്നത് നല്ല കാര്യമാണ്. ഇവിടെ വലിയ പ്രശ്‌നം മതിലു കെട്ടുന്നതല്ല പകരം കൂറ്റന്‍ മതിലുകള്‍ കെട്ടുന്നതാണ്. അനാവശ്യമായുള്ള ഈ കൂറ്റന്‍ മതിലുകള്‍ കെട്ടാനുള്ള വസ്തുക്കളുടെ സ്രോതസ്സെന്നത് പ്രകൃതിയാണ്. പശ്ചിമഘട്ടമാണ്. അത് നിരുത്സാഹപ്പെടുത്തുന്നത് നല്ലതാണ്. ഉയരം കൂട്ടിയുള്ള മതിലുപണിക്ക് വേറെ ടാക്‌സ് ഒക്കെ വെക്കുന്നത് നന്നാവും. വേലി കെട്ടുന്നതിലേക്കൊക്കെ പോകുന്നെങ്കില്‍ നല്ല കാര്യം തന്നെ.
കേരളത്തില്‍ കായലുകളും പാടങ്ങളും ഉള്‍പ്പെടുന്ന സ്ഥലത്തിന്റെ മൊത്തം വിസ്തീര്‍ണ്ണം വളരെയധികം കുറഞ്ഞിട്ടുണ്ട്. ആലപ്പുഴയില്‍ കഴിഞ്ഞ തവണ വെള്ളം പൊങ്ങുമെന്നും നഗരം വെള്ളത്തിലാവുമെന്നും പലരും പറഞ്ഞെങ്കിലും അതിനെ രക്ഷിച്ചത് അവിടത്തെ കായലാണ്. അത്രയും കായലുകളുള്ളതുകൊണ്ടും അതിന് സംഭരണ ശേഷിയുള്ളതുകൊണ്ടുമാണ് ജലം ശേഖരിക്കാനായാത്. കേരളത്തിന്റേത് പ്രത്യേക ഭൂപ്രകൃതിയാണ്. അതിനെ സംരക്ഷിക്കുന്നതില്‍ തണ്ണീര്‍ത്തടങ്ങള്‍ വലിയ പങ്കുവഹിക്കുന്നുണ്ട് വെട്ടുകല്ലുകളുടെ ചെറിയ കുന്നുകള്‍ ജലത്തെ സംഭരിച്ച് വെള്ളപ്പൊക്കമുണ്ടാകാതെ നാടിനെ രക്ഷിക്കുന്നുണ്ട്. മാത്രവുമല്ല കുന്നുകളില്‍ നിന്നുള്ള ഉറവകളാണല്ലോ കേരളത്തെ 44 നദികളുള്ള ജലസമ്പുഷ്ട പ്രദേശമാക്കുന്നത്. നദികളില്‍ മാത്രമല്ല കിണറുകളും സംഭരിക്കുന്നത് കുന്നുകളില്‍ നിന്നെത്തുന്ന ഉറവകളില്‍ നിന്നുള്ള ജലമാണ്. വെട്ടുകല്‍ കുന്നുകള്‍ ഇടിച്ചതു വെള്ളപ്പൊക്ക സാധ്യത കൂട്ടി എന്നതു മാത്രമല്ല വെട്ടുകല്‍ കുന്നുകള്‍ ഇടിച്ചതുമൂലം ഉറവ വറ്റി നേരിടേണ്ടി വരുന്ന വരള്‍ച്ചയെ കുറിച്ചും നമ്മൾ അറിയണം.
അതുകൊണ്ട് നയങ്ങളിൽ വലിയ മാറ്റം വരേണ്ടതാണ്. നയങ്ങളുടെ ഏറ്റവും വലിയ ബലഹീനത അതിനെ എങ്ങനെയും വളച്ചൊടിച്ച് ഉപയോഗിക്കാമെന്നതാണ്. അഞ്ച് സെന്റ് മാത്രം സ്ഥലമുള്ള അര്‍ഹതയുള്ള ജനങ്ങളുണ്ടാവാം. പക്ഷെ അവര്‍ ഉപയോഗിക്കുന്നതിനേക്കാളേറെ അനര്‍ഹരാണ് വയലുകള്‍ നികത്തുന്നത്. ഇരിങ്ങാലക്കുടയില്‍ തന്നെ പലയിടങ്ങളില്‍ വലിയ വയലുകള്‍ നികത്തപ്പെട്ടിട്ടുണ്ട്. ഇത്രയധികം നിയമവും നിയന്ത്രണവുമുണ്ടായിട്ടും ഇതെങ്ങനെ നികത്തപ്പെടുന്നു എന്നത് അത്ഭുതപ്പെടുത്തുന്നതാണ്.
പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ അടയാളപ്പെടുത്തുന്നത് 1 50,000 സ്‌കെയിലില്‍ നിന്ന് 1 5,000 സ്‌കെയിലിലേക്ക് കൊണ്ടു വരിക എന്നതാണ് നാം ആദ്യം ചെയ്യേണ്ടത്. ഓരോ വര്‍ഷവും ഉണ്ടായ പ്രകൃതി ദുരന്തത്തെ നേരിടാന്‍ പഞ്ചായത്ത് തലത്തില്‍ തുക അനുവദിക്കുന്നുണ്ട്. ഞങ്ങള്‍ തന്നെ ഉരുള്‍പൊട്ടല്‍ സാധ്യതമേഖലയൊക്കെ മാര്‍ക്ക് ചെയ്ത് കൊടുത്ത് അവിടെ എന്തെല്ലാം സംരക്ഷണ പ്രവര്‍ത്തനങ്ങളാണ് ചെയ്യേണ്ടതെന്ന് പല പഞ്ചായത്തുകള്‍ക്കും അവരുടെ ആവശ്യപ്രകാരം ചെയ്തുകൊടുത്തിട്ടുണ്ട്. അത്തരത്തിലുള്ള ആസൂത്രണം എല്ലായിടത്തും വേണം. വീടുണ്ടാക്കുമ്പോള്‍ നമ്മള്‍ വളരെയേറെ ശ്രദ്ധിക്കണം. മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന് രേഖപ്പെടുത്തിയ സ്ഥലത്തോ നേരത്തെ മണ്ണിടിഞ്ഞ സ്ഥലത്തോ പോയി വീട് വെക്കരുത്. നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുത്.
മഴമാപിനിയുടെ നല്ല നെറ്റ്വര്‍ക്ക് നമുക്ക് വേണം. ഓട്ടോമാറ്റിക് വെതര്‍ സ്‌റ്റേഷന്‍ നമുക്ക് സ്ഥാപിക്കേണ്ടതുണ്ട്. അത് പോഡ്കാസ്റ്റ് ചെയ്യാനാവണം. പ്രാദേശിക സ്ഥലത്ത് മഴയ്ക്ക് വ്യതിയാനങ്ങളുണ്ടാവും. ഉദാഹരണത്തിന് പെട്ടിമുടിയില്‍ ചില പോക്കറ്റുകള്‍ കേന്ദ്രീകരിച്ച് മഴപെയ്തിരുന്നു . മേഘവിസ്‌ഫോടനത്തിന് സമാനമായ ജല സ്‌ഫോടനം ചില സ്ഥലങ്ങളിലുണ്ടായി. ഇതിനെയെല്ലാം നേരിടാന്‍ നെറ്റ്വര്‍ക്ക് സഹായിക്കും.
ദുരന്തസാധ്യതയുള്ള പ്രദേശങ്ങളില്‍ ഷെല്‍ട്ടറുകളുണ്ടാക്കണം. ഉരുള്‍പൊട്ടിയ സ്ഥലത്ത് ജെസിബിയും മറ്റും കൊണ്ടുവരുന്നത് റിസ്‌കാണ്. ആ സാധ്യതകളെല്ലാം നോക്കിവേണം അതെല്ലാം കൊണ്ടുവരാന്‍. ഒരിക്കല്‍ ഇടുക്കിയിലെ ഒരു മേഖലയില്‍ ചെറിയ ഉരുള്‍പൊട്ടലുണ്ടായി അവിടെ ജെസിബി കൊണ്ടുവന്ന് സമ്മര്‍ദ്ദം കൂടി മണ്ണിടിഞ്ഞ് ചായക്കട തകര്‍ന്ന് രണ്ട് പേര്‍ മരിക്കാനിടയായി. ആള്‍ക്കൂട്ടവും വാഹനങ്ങൾ കൊണ്ടു പോകുന്നതൊക്കെ വളരെ ശ്രദ്ധിച്ചുവേണം.
ശാസ്ത്രീയമായ ഉപരണങ്ങൾ മണ്ണ് മാറ്റാന്‍ വേണം. ഇന്‍ഫ്രാ റെഡ് ഉപയോഗിച്ച് മനുഷ്യന്റെ ശരീരോഷ്മാവ് കണ്ടു പിടിച്ചുള്ള രക്ഷാപ്രവര്‍ത്തനം, ഡ്രോണ്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം എന്നിവ ആലോചിക്കാവുന്നതാണ്. ദുരന്തമേഖലയോടടുത്ത് തന്നെ എന്‍ഡിആര്‍എഫ് യൂണിറ്റുകൾ വേണം. രക്ഷാപ്രവര്‍ത്തനത്തിന് പ്രാദേശികമായ സംഘത്തെ വാര്‍ഡ് തലത്തില്‍ രൂപീകരിക്കണം. ദൂരെ നിന്ന് വരുന്നയാള്‍ക്ക് പെരുമാറാന്‍ ബുദ്ധിമുട്ടുണ്ടാവും. ഇത് അടിയന്തരമായി വേണ്ടതാണ്. ദുരന്ത സമയത്ത് ഹൈ ഹസാര്‍ഡ് സോണില്‍ ഒറ്റപ്പെട്ട് ജീവിക്കുന്നവര്‍ക്ക് നിലവിലുള്ള ഫോണും മൊബൈലും അല്ലാതെ സാറ്റലൈറ്റ് വഴി ആശയവിനിമയം നടത്താനുള്ള സംവിധാനം ഉണ്ടാവണം.
താളം തെറ്റുന്ന കാലാവസ്ഥയും പ്രകൃതി ക്ഷോഭവും വര്‍ധിക്കുന്നതുകൊണ്ട് തന്നെ അതിനോട് പൊരുത്തപ്പെട്ടു ജീവിക്കുകയാണ് ഇനി നമുക്ക് മുന്നിലുള്ള പോംവഴി. എന്നിരുന്നാലും ദുരന്തത്തെ പ്രതിരോധിക്കാന്‍ ഏറ്റവും ഉചിതമായ നടപടി ഭൂവിനിയോഗത്തിലുള്ള നിയന്ത്രണം മാത്രമാണ്.
You must be logged in to post a comment Login