വയനാട്ടിലെ ഉള്‍ഗ്രാമത്തിലെ ഒരു എല്‍.പി വിദ്യാലയത്തില്‍ നിന്നും അവധി ദിനത്തിലും ഒഴിവുവേളകളിലും ഇന്ത്യ എന്ന രാജ്യത്തെ അറിയാന്‍ പുറപ്പെട്ടിറങ്ങുന്ന ഒരു അധ്യാപകന്‍. നാടോടികഥകളില്‍ നാം വായിച്ചറിഞ്ഞ സഞ്ചാരിയല്ല, മറിച്ച് ചരിത്ര ശേഷിപ്പുകളെ നേരില്‍ക്കണ്ട് അതെല്ലാം കുട്ടികള്‍ക്കും പഠിതാക്കള്‍ക്കുമായി പങ്കുവെക്കുന്നയാത്രികന്‍. സ്വരുക്കൂട്ടിയ തുക കൊണ്ട് സ്വന്തം ചെലവിലും വിദ്യാലയത്തിന്റെ സഹകരണത്തിലും പുസ്തകങ്ങളാക്കി കാല്‍നൂറ്റാണ്ടായി ഇന്ത്യയെ അടയാളപ്പെടുത്തുകയാണ് വയനാട്ടിലെ കാരക്കാമലയിലെ ബിജുപോള്‍ എന്ന അധ്യാപകന്‍. 22 സംസ്ഥാനങ്ങളിലെ മൂന്നൂറിലധികം ചരിത്ര സ്മാരകങ്ങളെയും ആയിരത്തിലധികം ഗ്രാമങ്ങളെയും ഇതിനകം തൊട്ടറിഞ്ഞു.
മനസ്സ് വെയ്ക്കുന്ന യാത്രകള്‍
ഒരു യാത്ര ചെയ്യാന്‍ എന്ത് വേണം എന്ന് ചോദ്യം ബിജുപോള്‍ എന്ന യാത്രികനോടാണെങ്കില്‍ മനസ്സ് മാത്രം മതിയെന്നായിരിക്കും ഉത്തരം. സാമ്പത്തികമില്ല സമയമില്ല എന്നൊക്കെ പറഞ്ഞ് നാളെകളിലേക്ക് യാത്രകള്‍ മാറ്റി വെക്കുന്നവര്‍ക്കെല്ലാം ഈ ഉത്തരം അത്ര രസിച്ചുകൊള്ളണമെന്നില്ല. ഭൂരിഭാഗം പേരും സമയമില്ല സാഹചര്യമില്ല എന്നല്ലൊം കാരണം നിരത്തി യാത്രാ മോഹങ്ങളെല്ലാം പെട്ടിയില്‍ പൂട്ടിവെച്ച് കാലം കഴിക്കുകയാണ് പതിവ്. ഒടുവില്‍ ജോലിയില്‍ നിന്നെല്ലാം വിടുതല്‍ നേടി തിരക്കൊന്നുമില്ലാത്ത കാലത്ത് ആരോഗ്യപരമായ വിഷമതകളെല്ലാം പിടിപെടുമ്പോള്‍ പോകാന്‍ കഴിയാത്ത യാത്രയെ കുറിച്ച് വിലപിച്ചുകൊണ്ടേയിരിക്കും. ഇതാണ് ഒരു ശരാശരി മലയാളിയുടെ യാത്ര പദ്ധതികളുടെ സംക്ഷിപ്തരൂപം.
തൊട്ടടുത്തുള്ള സ്ഥലം പോലും ഒരിക്കലെങ്കിലും കാണാന്‍ പണചെലവൊന്നുമില്ലെങ്കിലും ശ്രമിക്കാത്തവരാണ് ഏറെയും. അപ്പോള്‍ യാത്രയുടെ പ്രശ്‌നം പണമല്ല. മനസ്സ് തന്നെയാണ്. അങ്ങനെ യാത്ര ചെയ്യാനുള്ള മനസ്സ് മാത്രം സ്വന്തമായുണ്ടായിരുന്ന ബിജുപോള്‍ ഇന്ന് ഇന്ത്യന്‍ ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും ചരിത്ര പൈതൃകങ്ങളുടെയും ഉറ്റതോഴനാണ്.
മതിവരാത്ത യാത്രകള്‍
ചെറുപ്പം മുതലേ യാത്ര ചെയ്യാനും പുതിയ സ്ഥലങ്ങള്‍ കാണാനും ആഗ്രഹമുണ്ടായിരുന്നു. രക്ഷിതാക്കളില്‍ നിന്നും ഇങ്ങനെയുള്ള യാത്രയ്ക്ക് അന്നൊക്കെ സമ്മതം കിട്ടുക എന്നതായിരുന്നു ശ്രമകരം. പ്രായ പൂര്‍ത്തിയായതോടെ എവിടെയും എപ്പോഴും പോകാനുള്ള ലൈസന്‍സ് കിട്ടി. അക്കാലം മുതല്‍ തുടങ്ങിയ യാത്രകളാണ് ആയിരത്തില്‍പ്പരം സഞ്ചാരപഥങ്ങളിലൂടെ ഇപ്പോഴും തുടരുന്നത്. വയനാടിന്റെ ചുരമിറങ്ങി പറന്ന യാത്രമോഹങ്ങള്‍ പറന്നിറങ്ങിയത് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലാണ്.
യാത്രാവേളയിലെല്ലാം ഒരു ടൂറിസ്റ്റല്ല ഒരു ഗ്രാമീണന്‍ തന്നെയാവുക എന്നതായിരുന്നു അവലംബിച്ച ശൈലി. മിക്കപ്പോഴും ഒരു ലുങ്കിയും തോളില്‍ ഒരു തോര്‍ത്തുമായിരിക്കും വേഷം. അത്യാവശ്യത്തിനുള്ള സാധനങ്ങള്‍ നിറച്ച തോള്‍ സഞ്ചിയുമുണ്ടാകും. യാത്രകളൊക്കെയും കുറിച്ചിടാന്‍ ഒരു നോട്ട് ബുക്കും പേനയും കരുതലായി ഉണ്ടാകും. നിരന്തരമായുള്ള യാത്രകള്‍ കൊണ്ട് വശപ്പെട്ട ഭാഷയാണ് ആകെ ധൈര്യമായിട്ടുള്ളത്. ഗ്രാമങ്ങളില്‍ ചെന്ന് ഗ്രാമീണരോടെല്ലാം അടുത്തുകൂടി അവരില്‍ ഒരാളായി മാറാനാണ് ശ്രമിക്കുക.
അങ്ങനെ അനവധി ഗ്രാമീണരുടെ അതിഥിയായി അവരുടെ വീടുകളില്‍ അന്തിയുറങ്ങി അവരോടൊപ്പമൊരു ആളായി. വിനോദ സഞ്ചാരി എന്നതിലുപരി ഒരു പഠിതാവ് എന്ന നിലയിലാണ് എല്ലായിടത്തും സ്വയം പരിചയപ്പെടുത്തിയത്. ഇന്ത്യന്‍ നാഗരികതയും സംസ്‌കാരവും ഇഴപിരിഞ്ഞ യാത്രാനുഭവങ്ങള്‍ അങ്ങിനെ പലഭാഗങ്ങളും പുസ്തകങ്ങളായി. ദേശാന്തരങ്ങള്‍ എന്ന പേരിട്ട യാത്രകളുടെ പുസ്തകം മൂന്ന് ലക്കങ്ങളായി ഇതുവരെയും പുറത്തിറങ്ങി.
ഒരു ലക്കം സ്‌കൂള്‍ അധികൃതരാണ് സ്വന്തം ചെലവില്‍ പ്രസിദ്ധീകരിച്ചത്. ചരിത്രങ്ങളെ തിരസ്‌കരിക്കാതെ അങ്ങേയറ്റം കരുതലോടെയും സൂഷ്മതയോടെയും ഓരോ അധ്യായങ്ങളും ചേര്‍ത്തുവെക്കുക എന്ന ദൗത്യം കൂടിയാണ് ദേശാന്തരങ്ങള്‍ പങ്കുവെക്കുന്നത്. സമകാലിക ഇന്ത്യന്‍ സാഹചര്യങ്ങളെ ഇതിനോട് ചേര്‍ത്തുവായിക്കാന്‍ കഴിയുന്ന ഒരു അക്കാദമിക് ശൈലിയാണ് പുസ്തക രചനയില്‍ ബിജുപോള്‍ പിന്തുടരുന്നത്.
കണ്ടു തീരാത്ത ഭൂമിക
ആസേതുഹിമാചലം വരെയും കാഴ്ചകളെരുക്കി കാത്തിരിക്കുന്ന ഭാരതമാണ് യാത്രകളുടെ പുസ്തകം. മതിവരാത്ത വിസ്മയങ്ങള്‍ തലങ്ങും വിലങ്ങുമുണ്ട്. അതിനേക്കാള്‍ ഏറെ അമ്പരിപ്പിക്കുന്ന ചരിത്രങ്ങള്‍ ചിതറിക്കിടക്കുന്നു. ഊഷരമായ മരുഭൂമികള്‍, ഹിമമുറയുന്ന മഹാമലനിരകള്‍, ജലാശയങ്ങള്‍, സാംസ്‌കാരിക നാഗരിക ജീവിതങ്ങള്‍ എന്നിവയെല്ലാം കഴിയുന്നിടത്തോളം അടയാളപ്പെടുത്തണം. യാത്രയേക്കാള്‍ വലുപ്പമുള്ള അനുഭവങ്ങളാണ് യാത്ര തീര്‍ന്നാലും ബാക്കിയാവുക.
മധുരാപുരി മുതല്‍ ടെഹ്‌രി വരെയും ഗംഗാതടം മുതല്‍ കന്യാകുമാരി വരെയുമെല്ലാം നീളുന്ന എത്രയെത്രയാത്രകള്‍. യാത്രയില്‍ ഒരിക്കലെത്തിയത് ദേവഭൂമിയായ ഋഷികേശിലേക്കാണ്. ഗംഗ മലമടക്കുകളില്‍ നിന്നും സ്വതന്ത്രയാകുന്നു. 250 കിലോമീറ്ററോളം ഹിമവല്‍ സാനുക്കളില്‍ നിന്നും ഗിരിശ്യംഗങ്ങളെ വലംവെച്ച് വളഞ്ഞും പുളഞ്ഞും സമതലത്തിലേക്ക് ലയിച്ചിരിക്കുന്നു. ഹിമാലയത്തിലേക്കുള്ള പ്രവേശന കവാടമാണ് ഋഷികേശ്. സ്‌കന്ദ പുരാണ പ്രകാരം അഗ്നിദേവന് മോക്ഷം പ്രാപിച്ച സ്ഥലമാണിത്.
ലക്ഷ്മണ്‍ ത്ധുലയിലേ തൂക്കുപാലം കടന്ന് മറുകരയിലേക്ക്. ദേവപ്രയാഗ്, കര്‍ണപ്രയാഗ്, രുദ്രപ്രയാഗ്, കേദാര്‍നാഥ്, യമുനേത്രി ബദരിനാഥ് ഇങ്ങനെ നീളുന്നു യാത്രകള്‍.എത്തിപ്പെടുന്നതും തേടിപ്പോകുന്നതുമായ സ്ഥലങ്ങളുടെയെല്ലാം ചരിത്രം ആഴത്തില്‍ പഠിക്കുകയും സഹയാത്രികരുമായി പങ്കുവെക്കുകയും ചെയ്യും. ഉത്തരേന്ത്യയില്‍ ഒരു വിധം സ്ഥലങ്ങളിലെല്ലാം ഇക്കാലത്തിനിടയില്‍ എത്തി. പല സ്ഥലങ്ങളിലും ഇടവേളകള്‍ക്ക് ശേഷം വീണ്ടും പോയിട്ടുണ്ട്. പല കാഴ്ചകളും മാറി മറഞ്ഞപ്പോഴും വഴിയരികിലെ ചില മാര്‍വാടികള്‍, കുങ്കുമ വില്‍പ്പനക്കാര്‍ എന്നിവരെല്ലാം പ്രായം വീഴ്ത്തിയ നരകളുമായി അവിടെ തന്നെയുണ്ടായരുന്നു.
അങ്ങനെ ഒരിക്കലുള്ള യാത്രവഴിയിലായിരുന്നു ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സാരാനാഥില്‍ ലിട്ടി പാകം ചെയ്തു വില്‍ക്കുന്ന ഹേമ മാതാജിയെ വീണ്ടും ഒരു യാത്രയില്‍ കണ്ടുമുട്ടിയത്. ഈ ആറാണ്ടിനിടയില്‍ മൂന്ന് ലക്ഷത്തോളം ലിട്ടികള്‍ അവര്‍ ചുട്ടെടുത്ത് സഞ്ചാരികള്‍ക്കായി നല്‍കിയതായി വെറുതെ ഒന്നു കണക്കുകൂട്ടിയപ്പോള്‍ മനസ്സിലായി. യാത്രകളില്‍ പതിവ് മുഖങ്ങള്‍ യാദൃശ്ചികം മാത്രമാണ്. പൂര്‍വ്വ ഉത്തര്‍പ്രദേശിലെ ലിട്ടി എന്ന ഭക്ഷ്യവിഭവത്തോടൊപ്പം ഈ ഓര്‍മ്മകളും യാത്രികനെ സംബന്ധിച്ചിടത്തോളം മധുരമുള്ള ഓര്‍മ്മകളാണ്.
ചെലവ് കുറഞ്ഞ യാത്രകള്‍
വെറും ആറായിരത്തോളം രൂപമാത്രം കൈയ്യിലുണ്ടായിട്ടും ഉത്തരേന്ത്യയില്‍ രണ്ടാഴ്ചയോളം ചെലവിട്ട് തിരികെ എത്തിയിട്ടുണ്ട്. ചെലവ് കുറയ്ക്കാന്‍ സഹായകരമായത് ടൂറിസ്റ്റല്ല എന്ന തരത്തിലുള്ള ഇടപെടലുകളാണ്. തീവണ്ടിയിലെ ജനറല്‍ കംപാര്‍ട്ട്‌മെന്റ് മുതല്‍ സെക്കന്‍ഡ് ക്ലാസ്സ് വരെയാണ് യാത്രയ്ക്കായി തിരഞ്ഞെടുക്കുക. പഞ്ചാബിലെ, ഉത്തര്‍പ്രദേശിലെ കര്‍ഷകരായ ഗ്രാമീണരുടെ ഇടയിലൊക്കെ പോയപ്പോള്‍ അവരുടെ ആതിഥ്യം സ്വീകരിച്ച് അവരുടെ വീടുകളില്‍ ചെലവഴിച്ചിട്ടുണ്ട്.
ഗ്രാമജീവിതത്തെക്കുറിച്ചെല്ലാം അടുത്തറിയാന്‍ ഇതെല്ലാം വളരെ സഹായകരമായി. ഗുരുദ്വാരകള്‍, വിവിധ ആരാധനാലയങ്ങളോട് ചേര്‍ന്നുള്ള സത്രങ്ങള്‍ എന്നിവടങ്ങളിലെല്ലാം ഭക്ഷണത്തോടൊപ്പം കിടക്കാനുള്ള സൗകര്യങ്ങളും തരപ്പെടും. ചിലപ്പോഴൊക്കെ ചെറിയ റെയില്‍വേ സ്റ്റേഷന്‍ മുതല്‍ രാത്രികാല താമസ സൗകര്യത്തിന്റെ ഇടങ്ങളായി. പലയിടങ്ങളിലും ടൂറിസ്റ്റുകളെയും തദ്ദേശീയരെയും പരിഗണിക്കുന്നതില്‍ അന്തരമുണ്ട്. ഇവിടെയൊക്കെ തനി നാട്ടുകാരായി മാറാന്‍ കഴിഞ്ഞാല്‍ ചെലവ് കുറയ്ക്കാന്‍ കഴിയുമെന്ന് ബിജുപോള്‍ പറയുന്നു.
ബംഗാളില്‍ നിന്നും സുന്ദര്‍ബനിലെ ഒരു ദ്വീപിലേക്ക് പോകുന്നതിന് ടൂറിസ്റ്റുകള്‍ക്കായി ബോട്ടുസര്‍വീസുണ്ട്. രണ്ടായിരം രൂപ മുതല്‍ വന്‍ തുകയാണ് ഇതിനായി ഈടാക്കിക്കൊണ്ടിരിക്കുന്നത്. ബോട്ടുജെട്ടിയില്‍ നിന്നും തിരികെ ഇറങ്ങി. ദ്വീപുകളെക്കുറിച്ചും ജനവാസത്തെക്കുറിച്ചുമെല്ലാം അന്വേഷിച്ചു. അതില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ അിറഞ്ഞത്. കുറച്ചകലെ നിന്നും ദ്വീപുവാസികള്‍ക്കായി തദ്ദേശീയ ബോട്ടുസര്‍വീസുകളുണ്ട്. വളരെ ചെലവ് കുറഞ്ഞ യാനങ്ങളും സര്‍വീസ് നടത്തുന്നു. ഇവിടെയെത്തിയാണ് ദ്വീപിലേക്ക് പോയത്. സാധാരണ ചാര്‍ജ്ജ് മാത്രം നല്‍കി യാത്ര തരപ്പെടുത്താന്‍ ഇങ്ങനെ കഴിഞ്ഞു. തദ്ദേശീയ ജനവിഭാഗത്തിന്റെ സൗകര്യങ്ങളില്‍ ആഗ്രഹങ്ങള്‍ പരിമിതപ്പെടുത്തിയാല്‍ കുറച്ചധികം യാത്ര ചെയ്യാന്‍ കഴിയുമെന്ന് ഇങ്ങനെയൊക്കെ പഠിച്ചു.
കാത്തിരിക്കുന്ന വിദ്യാലയം
ഓണമാകെട്ട ക്രിസ്തുമസ് ആകട്ടെ ഈ അവധിക്കാലത്തൊന്നും ബിജുപോള്‍ വീട്ടിലും നാട്ടിലുമുണ്ടാകില്ല. രണ്ടര പതിറ്റാണ്ടുകാലമായി സ്വന്തം നാട്ടിലെ ഈ വിശേഷങ്ങളൊക്കെ കണ്ടിട്ട്. ഈ സമയത്തെല്ലാം വിദ്യാലയം അടച്ച സമയമായതിനാല്‍ എത്താവുന്നത്രയും അത്ര സ്ഥലങ്ങളില്‍ എത്താനുള്ള ഓട്ടത്തിലായിരിക്കും ഈ യാത്രികന്‍. ഇങ്ങനെയാണ് നേപ്പാള്‍ ഭൂട്ടാന്‍ ബദരിനാഥ്, ഉത്തരാഖണ്ഡ് തുടങ്ങിയ അനേകം പ്രദേശങ്ങളിലെത്തിയത്. കേവലം നാല് ദിനം അവധി മുന്നിലുണ്ടെങ്കില്‍ പോലും കഴിയുന്നത്രയും യാത്ര തരപ്പെടുത്താനാണ് ശ്രമിക്കുക. ഓരോ യാത്ര കഴിഞ്ഞ് തിരിച്ചെത്തുമ്പോഴും ചെറുകര എ.എല്‍.പി യിലെ വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരുമെല്ലാം യാത്രാനുഭവങ്ങളറിയാന്‍ കാത്തിരിക്കുന്നുണ്ടാകും.
കുട്ടികളുടെ പ്രിയ അധ്യാപകനായ ബിജുപോളും വള്ളി പുള്ളി വിടാതെ ഈ യാത്രകളെക്കുറിച്ച് വിദ്യാലയത്തോട് പങ്കുവെക്കും. ഒരു മനുഷ്യന്‍ ഏറ്റവും അധികം നിര്‍മ്മലീകരിക്കപ്പെടുക നിരന്തരമായി യാത്രകളിലൂടെയാണെന്നാണ് ബിജുപോള്‍ പറയുക. ഓരോ യാത്രകളും മാറുന്ന ഇന്ത്യയുടെ നേരറിവാണ്. പലയിടങ്ങളും പലരീതിയില്‍ മാറുന്നു. ചിലയിടങ്ങള്‍ കൂടുതല്‍ വിശാലതയിലേക്ക് മനസ്സ് തുറന്നിടുമ്പോള്‍ ചിലയിടങ്ങള്‍ കൂടുതല്‍ ഇടുങ്ങുന്നതായും പറയാം. രാജ്യാതിര്‍ത്തികളിലെല്ലാം പോകുമ്പോള്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാണ്.
എന്നാല്‍ അതിനേക്കാള്‍ അല്ലാത്തയിടങ്ങളിലെ പ്രാദേശിക സമൂഹം ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് പലതിനെയും പുറം ലോകത്ത് നിന്നും മറച്ചുപിടിക്കുന്നതായും തോന്നിയിട്ടുണ്ട്. കാശ്മീരില്‍ ഒരിക്കലുള്ള യാത്രയില്‍ അതീവ സുരക്ഷിത മേഖലയില്‍ അറിയാതെ ചെന്നുപെട്ടിട്ടുണ്ട്. ഗ്രാമീണനായി തോന്നിച്ചതിനാലാകാം സുരക്ഷ ഉദ്യോഗസ്ഥരുടെ തോക്കിന്‍ മുനമ്പില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടത്. കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി സുരക്ഷിത സ്ഥാനത്ത് ഇവര്‍ എത്തിക്കുകയായിരുന്നു.
ഓരോ തവണത്തെ യാത്രയെക്കുറിച്ച് അറിയുമ്പോഴും ചില സഹപ്രവര്‍ത്തകര്‍ അടുത്ത യാത്രയില്‍ ഒപ്പം കൂടാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കും. അങ്ങിനെ പലയാത്രകളിലും പലരും സഹയാത്രികരായിട്ടുണ്ട്. ഓരോ കേന്ദ്രങ്ങളിലും ആവശ്യത്തിന് സമയമെടുത്ത് മാത്രമാണ് യാത്ര. അതിന്റെ ചരിത്രപരമായും ഭൂമിശാസ്ത്ര പരമായുള്ളതുമായ സവിശേഷതകളുമെല്ലാം ഒരു വിദ്യാര്‍ഥിയെ പോലെ പഠിക്കാനാണ് ഈ അധ്യാപകന് ഇഷ്ടം. ഇന്ത്യയുടെ വൈവിധ്യങ്ങള്‍ അത്ഭുതകരമാണ്. യാത്രകള്‍ വിദ്യാര്‍ഥികളുടെ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. പാഠപുസ്തകങ്ങളില്‍ നിന്നുള്ള കേവലമായ അറിവിനപ്പുറം വിശാലമാണ് യാത്രയുടെ ലോകം. ചരിത്രം തൊട്ടറിഞ്ഞ് പഠിക്കുകയെന്ന അനുഭവം മറ്റൊന്നാണെന്നും ബിജുപോള്‍ പറയുന്നു.
നന്മ വറ്റാത്ത ഗ്രാമങ്ങള്‍
കുടുംബത്തോടൊപ്പമായിരുന്നില്ല ഉത്തരേന്ത്യന്‍ യാത്രകളൊന്നും. പലയാത്രകളും തീരുമാനിച്ചതില്‍ നിന്നും വിഭിന്നമായി സമയക്രമത്തിലെല്ലാം മാറ്റമുണ്ടാകും. ഓരോ നാട്ടിലും അവിടെയെത്തുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറിയേക്കാം. ഇതെല്ലാം കണക്കിലെടുത്താണ് കുടുംബത്തെ കൂടെ കൂട്ടിയുള്ള ദീര്‍ഘയാത്രകള്‍ നടക്കാറില്ല. എങ്കിലും ഓരോ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയാലും ഭാര്യയും അധ്യാപികയുമായ ബീന മക്കള്‍ സോന, അയന എന്നിവരെയും കൂട്ടി കേരളത്തിലെയും സമീപ സംസ്ഥാനങ്ങളിലുമെല്ലാം യാത്ര ചെയ്യാറുണ്ട്.
അവര്‍ക്കൊപ്പം ഒരു തരത്തിലുള്ള ജാമ്യമെടുക്കല്‍ കൂടിയാണത്. അവരിലും തന്നെ പോലെ യാത്രമോഹങ്ങള്‍ വളരുന്നതില്‍ സന്തോഷം തന്നെയാണെന്നും ഈ അധ്യാപകന്‍ മനസ്സുതുറക്കുന്നു. മാഷിന്റെ യാത്രാ രീതികള്‍ കേട്ടറിഞ്ഞ് മിക്കയാത്രകളിലും കൂടെ പോകുന്നവരുണ്ട്. തിരിച്ചു വരവിനുള്ള തിടുക്കങ്ങളില്ലാതെ ടൂറിസ്റ്റ് എന്ന സങ്കല്‍പ്പങ്ങളെല്ലാം പൊളിച്ചെഴുതി അതിവിദൂരമായ പലഗ്രാമങ്ങളുടെയും അതിഥികളായി ചെല്ലാന്‍ ആഗ്രഹിക്കുന്നവര്‍. യാത്രയുടെ തുടക്കത്തിലെ ഇക്കാര്യങ്ങളെല്ലാം കൂടെ വരുന്നവരെയും ബിജുപോള്‍ ധരിപ്പിച്ചിരിക്കും. അതിന് തയ്യാറാവുന്നവര്‍ക്ക് മാത്രാമാണ് യാത്രയില്‍ കൂടെ പോകാന്‍ ക്ഷണമുണ്ടാവുക.
ഇങ്ങനെ പോയി തിരിച്ചുവരുന്നവരെല്ലാം വേറിട്ട സഞ്ചാര വഴികളുടെ കഥകള്‍ പറയുമ്പോള്‍ മാഷിന്റെ കൂടെ അടുത്ത യാത്രയ്ക്ക് തയ്യാറാവുന്നവരുടെ എണ്ണവും കൂടി വരും. എന്നാല്‍ ചുരുക്കം ചിലരെ മാത്രം കൂടെ കൂട്ടിയാണ് മാഷിന്റെ അടുത്ത യാത്രയും പുറപ്പെട്ടുപോവുക. കൂടെ കൂടുതല്‍ ആളുകളുണ്ടെങ്കില്‍ യാത്ര ലക്ഷ്യങ്ങള്‍ നിറവേറണമെന്നില്ല. ഇതെല്ലാമാണ് ഒറ്റയാന്‍ യാത്രകളെ ഇഷ്ടപ്പെടാന്‍ കാരണം. യാത്രയില്‍ സമാന ചിന്താഗതിയുള്ള ഒരാളെങ്കിലും കൂടെയുണ്ടാവുക എന്നത് യാത്രികനെ സംബന്ധിച്ചിടത്തോളം ആശ്വാസവും ആനന്ദവുമാണ്.
പ്രത്യേകിച്ച് അതിവിദൂരമായ ഗ്രാമങ്ങളില്‍ എത്തിപ്പെടുമ്പോള്‍ അവിടുത്തെ സാഹചര്യങ്ങളെല്ലാം അനുകൂലമാകണമെന്നില്ല. എല്ലായിടവും അത്രകണ്ട് സുരക്ഷിതമാണെന്നും പറയാനാകില്ലല്ലോ. മാറുന്ന ഇന്ത്യന്‍ സാഹചര്യങ്ങള്‍ പല ഗ്രാമങ്ങളുടെയും നന്മകള്‍ ചോര്‍ത്തിക്കളഞ്ഞിട്ടുണ്ട്. രാഷ്ട്രീയും സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളുമെല്ലാം ഇതിന് കാരണമായി പറയാം. ഓരോ തവണയിലെ യാത്രകളിലും അത്തരത്തിലുള്ള അന്തരങ്ങള്‍ പ്രകടമാണ്. എങ്കിലും ഭൂരിഭാഗം ഗ്രാമങ്ങളും തന്നെ പോലുള്ള സഞ്ചാരികളെ ഹൃദയപൂര്‍വ്വം സ്വീകരിക്കുന്നു എന്നതാണ് അനുഭവം.
എന്നും ചരിത്ര വിദ്യാര്‍ഥി
ചരിത്രത്തില്‍ ബിരുദവും ബി.എഡും കഴിഞ്ഞ ബിജുപോളിന് ഇന്ത്യയെ നേരിട്ടറിയണമെന്ന അതിയായ ആഗ്രഹത്തില്‍ നിന്നുമാണ് യാത്രകള്‍ പൊട്ടിമുളച്ചു തുടങ്ങുന്നത്. ആദ്യ യാത്ര കൊട്ടാരങ്ങളുടെ നഗരമായ മൈസൂരിലേക്കായിരുന്നു. പിന്നീട് ഉത്തരേന്ത്യയിലേക്ക് വിശാലമായി. ദേശാന്തരങ്ങള്‍ എന്ന തലക്കെട്ടില്‍ നാലാമത്തെ യാത്രാവിവരണ പുസ്തകം അടുത്തിടെ പുറത്തിറങ്ങാനിരിക്കുകയാണ്.
വ്യത്യസ്തമായ ആഖ്യാന ശൈലികളിലൂടെ മറ്റുള്ളവരെയും യാത്രയിലേക്കും ഇന്ത്യയുടെ വൈവിധ്യങ്ങളിലേക്കും ക്ഷണിക്കുന്നതാണ് ഈ പുസ്തകങ്ങളിലെ ഒരോ അധ്യായങ്ങളും. ചരിത്രസ്മാരകങ്ങള്‍ പോലും കേവലം വിനോദ സഞ്ചാര കേന്ദ്രമായി മാത്രം കാണുന്ന സഞ്ചാരികളില്‍ നിന്നും വിഭിന്നമായി പുതിയ തലമുറയ്ക്ക് ഒരു സന്ദേശം കൂടിയാവുകയാണ് ബിജപോളിന്റെ യാത്രകള്‍.
കിട്ടുന്ന ശമ്പളത്തിന്റെ നല്ലൊരുഭാഗവും ഇതിനായി മാറ്റിവെക്കുന്നതിലും തെല്ലുമില്ല നീരസം. യാത്ര മോഹങ്ങള്‍ക്ക് തടസ്സം നില്‍ക്കാതെ കുടുംബവും ഒപ്പം നില്‍ക്കുന്നതിലാണ് ബിജുപോളിന്റെ സന്തോഷങ്ങള്‍. കോവിഡ് മഹാമാരി ലോകത്തായാകെ വിഴുന്ന സാഹചര്യങ്ങളില്‍ രാജ്യം സമ്പൂര്‍ണ്ണ ലോക്ഡൗണിലേക്ക് വഴുതി വീണപ്പോള്‍ ഈ സഞ്ചാരിയും കൂട്ടിലായി. അതിജീവനത്തിന്റെ പുതിയ പുലരിയില്‍ വീണ്ടും ലോകം വാതില്‍ തുറന്നിടുമ്പോള്‍ പുതിയ ആകാശം തേടി പറക്കാനിരിക്കുകയാണ് ഈ യാത്രികന്‍.
പയ്യന്നൂർ: വനിതാ സിവില്‍ പോലീസ് ഓഫീസറെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നു. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് രാജേഷ് ഇന്ന് വൈകുന്നേരം 5.45നാണ് വീട്ടിലെത്തി കൊലപാതകം നടത്തിയത്. പരിക്കേറ്റ ദിവ്യശ്രീയുടെ പിതാവ് വാസുവിനെ കണ്ണൂര്‍ ബേബി മെമ്മോറിയൽ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു. കൃത്യം നടത്തിയശേഷം ഓടിരക്ഷപ്പെട്ട ഭര്‍ത്താവ് രാജേഷിനായി തെരച്ചില്‍ തുടരുകയാണ്.
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച (17/11/24) യു.ഡി.എഫ് ഹര്‍ത്താല്‍. ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തേത്തുടര്‍ന്നാണ് ഹര്‍ത്താല്‍. ബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ സിപിഎം അതിക്രമത്തിലും പോലീസ് നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യു.ഡി.എഫ് അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
നേരത്തെ, ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഔദ്യോഗിക പാനലിന് വോട്ട് ചെയ്യാന്‍ എത്തുന്നവരെ വിമത വിഭാഗം തടയുകയും ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതുവെന്നായിരുന്നു ആരോപണം. വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും എതിര്‍വിഭാഗം ആരോപിച്ചത്. ഐഡി കാര്‍ഡ് കീറി കളഞ്ഞും വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ തിരിച്ചയച്ചുവെന്നാണ് ഔദ്യോഗിക പാനലിനെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞത്.
കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സി.പി.എം. പിന്തുണയോടെ മത്സരിക്കുന്നത്. 35000-നടുത്ത് അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസിന്റെ കൈവശമുളള ബാങ്ക് ആണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി തര്‍ക്കത്തിലാണ്. ഭരണസമിതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം.കെ രാഘവനെതിരേ നിലപാടെടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു.
You must be logged in to post a comment Login